‘ആലികാ പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പ്പുണ്ണ്’ എന്ന പഴമൊഴിയുടെ പൊരുളറിയുകയാണു ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ. നിരത്തിലെത്തി രണ്ടു മാസം കഴിയുമ്പോൾ മുക്കാൽ ലക്ഷത്തോളം ബുക്കിങ്ങുകൾ സ്വന്തമാക്കി കഴിഞ്ഞ വർഷം മികച്ച വിൽപ്പന നേടിയ കാറുകൾക്കൊപ്പം ഇടംപിടിച്ച മോഡലാണു ‘ക്വിഡ്’. ഒക്ടോബറിൽ 5,250 യൂണിറ്റായിരുന്നു ‘ക്വിഡ്’ വിൽപ്പന; കഴിഞ്ഞ മാസമാവട്ടെ ‘ക്വിഡി’ന്റെ ചിറകിലേറി 2014 നവംബറിനെ അപേക്ഷിച്ച് 144% വർധനയോടെ 7,819 വാഹനങ്ങളാണു കമ്പനി വിറ്റത്. പോരെങ്കിൽ പല നഗരങ്ങളിലും ‘ക്വിഡി’ന്റെ ചില വകഭേദങ്ങൾ സ്വന്തമാക്കാൻ ഇപ്പോൾ തന്നെ 10 മാസം വരെ കാത്തിരിക്കണമെന്നതാണു സ്ഥിതി.
അങ്ങനെ ‘ക്വിഡി’ലൂടെ ഇന്ത്യൻ വിപണിയിൽ സജീവ സാന്നിധ്യമാവാമെന്നും വിപണി വിഹിതം മെച്ചപ്പെടുത്താമെന്നുമൊക്കെയുള്ള റെനോയുടെ സ്വപ്നങ്ങൾക്കു മേലാണു ചെന്നൈയിലെ ദുരിതമഴ പെയ്തിറങ്ങിയത്. തോരാമഴയും പിന്നാലെ വെള്ളക്കെട്ടുമൊക്കെ വന്നതോടെ ചെന്നൈ നഗരപ്രാന്തത്തിലെ ഒരഗടത്തുള്ള റെനോ നിസ്സാൻ കാർ നിർമാണശാലയുടെ പ്രവർത്തനം നിലച്ചു. ‘ക്വിഡ്’ അടക്കമുള്ള മോഡലുകളുടെ ഉൽപ്പാദനം മുടങ്ങിയതോടെ പുതിയ കാറുകൾക്കുള്ള കാത്തിരിപ്പും നീളുമെന്നതാണു റെനോ നേരിടുന്ന വെല്ലുവിളി.
ഒരഗടം ശാലയുടെ പ്രവർത്തനം പുനഃരാംഭിക്കുന്ന മുറയ്ക്ക് ‘ക്വിഡ്’ ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണു റെനോ ഇന്ത്യ. സാധ്യമെങ്കിൽ ‘ക്വിഡി’ന്റെ പ്രതിമാസ ഉൽപ്പാദനം 15,000 മുതൽ 20,000 യൂണിറ്റോളം ഉയർത്താനാണു കമ്പനിയുടെ ആലോചന. അപ്പോഴും മഴയും തുടർന്നുള്ള അപ്രതീക്ഷിത പ്രളയവും സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നു ചെന്നൈ എപ്പോഴാവും കരകയറുകയെന്നും വ്യവസായ മേഖല പൂർവസ്ഥിതിയിലെത്താൻ എത്ര കാലമെടുക്കുമെന്നുമൊക്കെയുള്ള ചോദ്യങ്ങൾ ബാക്കിയാവുന്നു. എൻട്രി ലവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ ഇടം തേടി, അടിസ്ഥാന വകഭേദത്തിനു ഡൽഹി ഷോറൂമിൽ 2,56,968 രൂപ വിലയോടെ കഴിഞ്ഞ സെപ്റ്റംബർ 24നായിരുന്നു‘ക്വിഡി’ന്റെ അരങ്ങേറ്റം. സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ത്തെ അനുസ്മരിപ്പിക്കുന്ന, പേശീബലം തുളുമ്പുന്ന രൂപവും എതിരാളികളെ വെല്ലുന്ന സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായിട്ടയിരുന്നു ‘ക്വിഡി’ന്റെ വരവ്. പോരാത്തത്തിനു തികച്ചും ആകർഷകമായ വിലയ്ക്കായിരുന്നു റെനോ ‘ക്വിഡി’നെ പടയ്ക്കിറക്കിയത്.
പുതിയ 793 സി സി എൻജിനാണു ‘ക്വിഡി’നു കരുത്തേകുന്നത്; പരമാവധി 54 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ പെട്രോൾ എൻജിനു ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു കാറിന്റെ ട്രാൻസ്മിഷൻ. ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമൊക്കെയുള്ള ‘ക്വിഡ്’ ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിന്നു സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാണു റെനോ സാക്ഷാത്കരിച്ചത്; കാറിന്റെ 98 ശതമാനത്തോളം ഘടകങ്ങളും പ്രാദേശികമായി നിർമിച്ചതാണ്. ബൂട്ടിൽ 300 ലീറ്റർ സ്ഥലം, 4.1 ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി എതിരാളികളെ നിഷ്പ്രഭമാക്കുന്ന സൗകര്യങ്ങളുമായാണു ‘ക്വിഡി’ന്റെ വരവ്.
റെനോയും പങ്കാളിയായ നിസ്സാനും ചേർന്നു സാക്ഷാത്കരിച്ച പുത്തൻ പ്ലാറ്റ്ഫോമായ ‘സി എം എഫ് — എ’യാണു ‘ക്വിഡി’ന്റെ അടിത്തറ. നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ അടുത്ത വർഷം പുറത്തിറക്കുന്ന ചെറുകാറിന് അടിത്തറയാവുന്നതും ഇതേ ‘സി എം എഫ് — എ’ പ്ലാറ്റ്ഫോം തന്നെ. അര ലക്ഷം കിലോമീറ്റർ അഥവാ രണ്ടു വർഷത്തെ മെയ്ന്റനൻസ് പോളിസിയും ‘ക്വിഡി’നു റെനോ വാഗ്ദാനം ചെയ്യുന്നു; ആവശ്യമെങ്കിൽ 80,000 കിലോമീറ്റർ അഥവാ നാലു വർഷം വരെ ഈ പോളിസി ദീർഘിപ്പിക്കാനും അവസരമുണ്ട്. ഒപ്പം സൗജന്യമായി രണ്ടു വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും ലഭ്യമാണ്.