ജി എമ്മിന്റെ ‘ട്രെയ്ൽബ്ലേസർ’ എത്തി; വില 26.40 ലക്ഷം രൂപ

അടുത്ത അഞ്ചു വർഷത്തിനിടെ 10 പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്ന വാഗ്ദാനം പാലിക്കുന്നെന്ന പ്രഖ്യാപനത്തോടെ യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ട്രെയ്ൽബ്ലേസർ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചു. ‘കാപ്റ്റീവ’യുടെ പകരക്കാരനായി ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ‘ട്രെയ്ൽബ്ലേസറി’ന് 26.40 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില.

എസ് യു വിക്കു കരുത്തേകുന്നത് 2.8 ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിനാണ്. 3600 ആർ പി എമ്മിൽ പരമാവധി 197 ബി എച്ച് പി കരുത്തും 2200 ആർ പി എമ്മിൽ 500 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. റിയർവീൽ ഡ്രൈവ് ലേ ഔട്ടുള്ള ‘ട്രെയ്ൽബ്ലേസറി’ന്റെ ട്രാൻസ്മിഷൻ ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ്.

ഈ വിഭാഗത്തിലെ ഏറ്റവും സ്ഥലസൗകര്യമുള്ള വാഹനമെന്ന പെരുമയോടെയാണ് ‘ട്രെയ്ൽബ്ലേസറി’ന്റെ വരവ്; 4878 എം എം നീളവും 1902 എം എം വീതിയും 1834 എം എം ഉയരവുമുള്ള എസ് യു വിയുടെ വീൽ ബേസ് 2870 എം എമ്മാണ്. ഓഫ് റോഡിങ് ശേഷിയുടെ കാര്യത്തിലും പിന്നിലല്ലാതെ 18 ഇഞ്ച് അലോയ് വീലുമായി എത്തുന്ന ‘ട്രെയ്ൽബ്ലേസറി’ന് 252 എം എം ഗ്രൗണ്ട് ക്ലിയറൻസും ജി എം ഉറപ്പാക്കുന്നു. പ്രൊജക്ടർ ഹെഡ് ലാംപ്, എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ്, ജ്യുവൽ ഇഫക്റ്റുള്ള എൽ ഇ ഡി ബ്രേക്ക് ലൈറ്റ്, എ ബി എസ്, ഇ ബി ഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ക്രോമാറ്റിക് എൽ ഇ ഡി മോണിട്ടർ സഹിതം റിവേഴ്സ് കാമറ, ഷെവർലെയുടെ മൈലിങ്ക് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ഇരട്ട എയർബാഗ് എന്നിവയെല്ലാം സഹിതമാണ് ‘ട്രെയ്ൽബ്ലേസറി’ന്റെ വരവ്.

പിക് അപ് ട്രക്കായ ‘കൊളറാഡൊ’യുടെ പ്ലാറ്റ്ഫോം പങ്കിടുന്ന ‘ട്രെയ്ൽബ്ലേസറി’ന്റെ ഇന്ത്യയിലെ പോരാട്ടം ബോഡി ഓൺ ഫ്രെയിം എസ് യു വികളായ ടൊയോട്ട ‘ഫോർച്യൂണർ’, ഫോഡ് ‘എൻഡേവർ’ തുടങ്ങിയവരോടാണ്. ‘ട്രെയ്ൽബ്ലേസറി’നു പിന്നാലെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘സ്പിന്നും’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന. മാരുതി സുസുക്കി ‘എർട്ടിഗ’, ഹോണ്ട ‘മൊബിലിയൊ’, റെനോ ‘ലോജി’ തുടങ്ങിയവയോടാവും ഷെവർലെ ‘സ്പിന്നി’ന്റെ പോരാട്ടം.