Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഞ്ജീവ് ഗുപ്ത ജി എം ഇന്ത്യ പ്രസിഡന്റ്

GM

യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ ജി എം ഇന്ത്യയുടെ പുതിയ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായി സഞ്ജീവ് ഗുപ്ത എത്തുന്നു. നിലവിൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസറായ ഗുപ്ത അടുത്ത ഒന്നിനാണു പുതിയ ചുമതല ഏറ്റെടുക്കുക. നിലവിൽ ജി എം ഇന്ത്യ മേധാവിയായ കഹെർ കാസിം ജി എം കൊറിയ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി നിയമിതനായ ഒഴിവിലാണു ഗുപ്തയുടെ നിയമനം.

ജി എം നിരയിലെ അനുഭവസമ്പന്നനായ നേതാവാണു ഗുപ്തയെന്നു ജി എം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ജി എം ഇന്റർനാഷനൽ പ്രസിഡന്റുമായ സ്റ്റെഫാൻ ജെക്കോബി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ സാമ്പത്തിക വിഭാഗത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്ക് ഇനി ഗുപ്തയാവും നേതൃത്വം നൽകുകയെന്നും അദ്ദേഹം അറിയിച്ചു. പ്രസിഡന്റ്, മാനേജിങ് ഡയറക്ടർ പദവികൾക്കൊപ്പം കമ്പനി സാമ്പത്തിക വിഭാഗത്തിന്റെ നേതൃത്വവും ഗുപ്തയിൽ തുടരും.

ശക്തമായ നേതൃനിരയ്ക്കൊപ്പം പ്രവർത്തിക്കാനാവുമെന്നതാണു തന്റെ നേട്ടമെന്നായിരുന്നു പുതിയ സ്ഥാനലബ്ധിയെപ്പറ്റി ഗുപ്തയുടെ പ്രതികരണം. കമ്പനിയുടെ തിരിച്ചുവരവിനും ഉപയോക്താക്കൾക്കും ജീവനക്കാർക്കും പങ്കാളികൾക്കും വേണ്ടി പ്രവർത്തനം മെച്ചപ്പെടുത്താനും ആത്മാർഥമായ ശ്രമമുണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നൽകി.

ഗുപ്ത 2003ലാണു ജി എമ്മിൽ ചേർന്നത്; തുടർന്ന് യു എസിലും കാനഡയിലുമായി വാഹന വിൽപ്പന, വിൽപ്പനാന്തര സേവന, വിപണന വിഭാഗം(വി എസ് എസ് എം), ഓട്ടോ ഫിനാൻസ്, ബിസിനസ് പ്ലാനിങ്, കോർപറേറ്റ് ഫിനാൻസ് ആൻഡ് ട്രഷറി, ഫിനാൻഷ്യൽ പ്ലാനിങ് ആൻഡ്അനാലിസിസ് മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2012 ഫെബ്രുവരിയിൽ അദ്ദേഹത്തിന് ഡയറക്ടർ(നോർത്ത അമേരിക്ക ഫിനാൻഷ്യൽ പ്ലാനിങ് ആൻഡ് അനാലിസിസ്) പദവിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചു. 2013 സെപ്റ്റംബർ മുതൽ ഗുപ്ത യു എസ് സെയിൽസ് ഓപ്പറേഷൻസ് ഫിനാൻസ് ഡയറക്ടറാണ്. 2016 മേയിലാണു ഗുപ്ത ജി എം ഇന്ത്യയിലെത്തിയത്.