Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15,000 തൊഴിൽ നഷ്ടമാവുമെന്നു ജി എം ഡീലർമാർ

Chevrolet Chevrolet

ഇന്ത്യയിൽ വാഹന വിൽപ്പന അവസാനിപ്പിക്കാനുള്ള ജനറൽ മോട്ടോഴ്സിന്റെ തീരുമാനം മൂലം രാജ്യത്ത് 15,000 തൊഴിലവസരങ്ങൾ നഷ്ടമാവുമെന്ന് കമ്പനിയുടെ ഡീലർമാരുടെ ആരോപണം. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെടണമെന്നും ഇന്ത്യയിലെ  ജനറൽ മോട്ടോഴ്സ് ഡീലർമാർ ആവശ്യപ്പെട്ടു. ഇന്ത്യയിൽ വാഹന വിൽപ്പന അവസാനിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനം ആസൂത്രിത ഗൂഢാലോചനയാണെന്നാണു ഡീലർമാരുടെ പക്ഷം. അതുകൊണ്ടുതന്നെ ഡീലർമാർക്കുപുറമെ ജീവനക്കാർക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യം ഉന്നയിക്കുന്നു.

ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നതു സംബന്ധിച്ച സൂചനയൊന്നും നൽകാതിരുന്നത് ഇതു സംബന്ധിച്ച ഗൂഢാലോചന വ്യക്തമാക്കുന്നുണ്ടെന്നു ഉത്തർപ്രദേശിലെ ഗാസിയാബാദിലും നോയ്ഡയിലും ജി എം ഡീലർഷിപ് നടത്തിയിരുന്ന വ്യക്തി ആരോപിച്ചു. ഇന്ത്യയിൽ വാഹന വിൽപ്പന അവസാനിപ്പിക്കാനുള്ള ജി എമ്മിന്റെ തീരുമാനത്തിനെതിരെ ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന ധർണയ്ക്കെത്തിയതായിരുന്നു അദ്ദേഹം. നാൽപതോളം ഡീലർമാരും ആ ഡീലർഷിപ്പുകളിലെ ജീവനക്കാരുമാണു ജന്തർ മന്ദറിലെ പ്രതിഷേധ സമരത്തിൽ പങ്കെടുത്തത്.

ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്ന ഘട്ടത്തിൽ ജി എമ്മിന് കേന്ദ്ര സർക്കാർ വിവിധ ഇളവുകൾ അനുവദിച്ചിരുന്നു. ഇവയൊക്കെ പ്രയോജനപ്പെടുത്തിയ ശേഷം ഇന്ത്യയിലെ വിൽപ്പന അവസാനിക്കുമ്പോൾ കേന്ദ്ര സർക്കാർ യുക്തമായ നടപടി സ്വീകരിക്കണമെന്നാണു ഡീലർമാരുടെ ആവശ്യം. 

കാർ വിൽപ്പന നിർത്തുന്നതോടെ ജി എം ഡീലർമാർക്ക് 1,000 കോടിയോളം രൂപയുടെ നഷ്ടം നേരിടുമെന്നാണു കണക്കാക്കുന്നത്; ഒപ്പം പതിനയ്യായിരത്തോളം ജീവനക്കാർ തൊഴിൽരഹിതരുമാവും. ഇത്തരം യാഥാർഥ്യങ്ങൾ പരിഗണിച്ചു സർക്കാർ പ്രശ്നത്തിൽ സജീവമായി ഇടപെടണമെന്നാണു ഡീലർമാർ ആവശ്യപ്പെടുന്നത്.  ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻസ്(എഫ് എ ഡി എ) മുഖേന പ്രധാനമന്ത്രിയുടെ ഓഫിസിനെ പ്രശ്നത്തിൽ ഇടപെടുവിക്കാൻ കഴിയുമെന്നാണു ഡീലർമാരുടെ പ്രതീക്ഷ. 

Read More: Auto New Fasttrack  Car News Malayalam