ഹാച്ച്ബാക്കായ ‘ഷെവർലെ ബീറ്റി’ന്റെ സെഡാൻ പതിപ്പ് ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ) ലാറ്റിൻ അമേരിക്കൻ വിപണികളിലേക്കു കയറ്റുമതി തുടങ്ങി. മഹാരാഷ്ട്രയിലെ തലേഗാവിലുള്ള ശാലയിൽ നിർമിച്ച ‘ബീറ്റ്’ സെഡാനാണു ജി എം ഐ ലാറ്റിൻ അമേരിക്കയിലേക്കു പതിവായി കയറ്റുമതി ചെയ്തു തുടങ്ങിയത്. കഴിഞ്ഞ അഞ്ചിനാണ് കാറുകളുടെ നിർമാണത്തിനു ജി എം ഐ തുടക്കമിട്ടത്. ആദ്യ ബാച്ചിൽപെട്ട 1,200 ‘ഷെവർലെ ബീറ്റ്’ സെഡാനുകൾ കഴിഞ്ഞദിവസം കപ്പൽ കയറുകയും ചെയ്തു.
ജി എമ്മിനെ സംബന്ധിച്ചിടത്തോളം കയറ്റുമതി ലക്ഷ്യമിട്ടു കാർ നിർമിക്കുന്ന പ്രധാന ശാലയാണു തലേഗാവെന്നു കമ്പനി വൈസ് പ്രസിഡന്റ്(മാനുഫാക്ചറിങ്) ആസിഫ് ഖത്രി അറിയിച്ചു. കഴിഞ്ഞ വർഷം ജി എമ്മിന്റെ ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതി മൂന്നിരട്ടിയായാണു വർധിച്ചത്. മേയിലെ കണക്കെടുത്താൻ ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയിൽ മൂന്നാം സ്ഥാനത്താണു ജി എം; 8,297 യൂണിറ്റാണു കമ്പനി കഴിഞ്ഞ മാസം കയറ്റുമതി ചെയ്തതെന്നും ഖത്രി വെളിപ്പെടുത്തി.
ഇക്കൊല്ലം ആദ്യമാണു ജി എം ഇന്ത്യ ‘ഷെവർലെ ബീറ്റ്’ ഹാച്ച്ബാക്കിന്റെ ലാറ്റിൻ അമേരിക്കയിലേക്കുള്ള കയറ്റുമതിക്കു തുടക്കമിട്ടത്. പ്രതീക്ഷകളെ കടത്തിവെട്ടുന്ന പ്രകടനമാണു വിദേശ വിപണികളിൽ കാർ കാഴ്ചവച്ചതെന്നും ജി എം ഐ അവകാശപ്പെടുന്നു. വിദേശ അരങ്ങേറ്റത്തിനുള്ള തയാറെടുപ്പുകളിൽ സമ്പൂർണ സംതൃപ്തിയുണ്ടെന്നു ഖത്രി വിശദീകരിച്ചു. പോരായ്മകളേതുമില്ലാത്ത വാഹനങ്ങൾ നിർമിച്ചു നൽകാൻ തലേഗാവിലെ ജീവനക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ലാറ്റിൻ അമേരിക്കയിലെ ഒട്ടേറെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണികളിലേക്ക് ജി എം ഇന്ത്യയിൽ നിർമിച്ച ‘ഷെവർലെ ബീറ്റ്’ ഹാച്ച്ബാക്കും സെഡാനും കയറ്റുമതി ചെയ്യുന്നുണ്ട്.