Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവനക്കാരുടെ പിരിഞ്ഞുപോകൽ പദ്ധതി വിജയം: ജി എം

chevrolet-trailblazer1

ഇന്ത്യയിലെ വാഹന വിൽപ്പന അവസാനിപ്പിക്കുന്നതോടെ തൊഴിൽ നഷ്ടമാവുന്ന ജീവക്കാർ പൂർണമായും കമ്പനി പ്രഖ്യാപിച്ച സ്വയം വിടുതൽ പദ്ധതി(വി എസ് എസ്) സ്വീകരിച്ചെന്നു യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം). ഡിസംബറോടെ വാഹന വിൽപ്പന അവസാനിപ്പിക്കുന്നതിനു മുന്നോടിയായി നാനൂറോള ജീവനക്കാർക്കാണു ജി എം ഇന്ത്യ വി എസ് എസ് പ്രഖ്യാപിച്ചത്. മേയ് 19 മുതൽ ജൂൺ 15 വരെയായിരുന്നു ജീവനക്കാർക്ക് വി എസ് എസ് സ്വീകരിക്കാൻ അവസരം.

കമ്പനിയുടെ വിപണന, വിൽപ്പന, ധനകാര്യ, ഭരണ വകുപ്പുകളിൽപെട്ട ജീവനക്കാർക്കാണ് വി എസ് എസ് വാഗ്ദാനം ചെയ്തത്. കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തോടെ ആഭ്യന്തര വിൽപ്പന നിർത്തുന്ന സാഹചര്യത്തിൽ ജി എം അനുവദിച്ച വിടുതൽ പാക്കേജ് 100% ജീവനക്കാരും സ്വീകരിച്ചെന്ന് കമ്പനി വക്താവ് അവകാശപ്പെട്ടു. നാനൂറോളം പേർക്കാണു വി എസ് എസിന്റെ ആനുകൂല്യം ലഭിക്കുകയെന്നും കമ്പനി വ്യക്തമാക്കി. വിൽപ്പന അവസാനിപ്പിക്കുന്നതിനു മുന്നോടിയായി കരിയർ കോൺസലിങ്, സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ഉപദേശം, ഔട്ട്പ്ലേസ്മെന്റ് സപ്പോർട്ട്, പുതിയ തൊഴിൽ കണ്ടെത്താനുള്ള സഹായം തുടങ്ങിയവയൊക്കെ ജീവനക്കാർക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 

പൂർത്തിയാക്കിയ സേവനത്തിന് ഓരോ വർഷത്തിനും 45 ദിവസത്തെ ശമ്പളമാണു ജി എം നഷ്ടപരിഹാരമായി നൽകുന്നത്; ആറു മാസത്തിലേറെ നീളുന്ന ഭാഗിക സേവനകാലത്തിനും ഇതേ ആനുകൂല്യം ലഭിക്കും. അതേസമയം വിരമിക്കലിനോടടുത്ത ജീവനക്കാർക്ക് അവശേഷിക്കുന്ന സേവനകാലത്തു ലഭിക്കുമായിരുന്ന ശമ്പളമാണു ജി എം വാഗ്ദാനം ചെയ്യുന്നത്. മൂന്നു മാസത്തെ ശമ്പളമാണ് ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരമായി ജി എം പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ദശാബ്ദമായി രാജ്യത്തുണ്ടായിട്ടും വാഹന വിൽപ്പന പ്രതീക്ഷിച്ചതു പോലെ മെച്ചപ്പെടാത്ത സാഹചര്യത്തിൽ ഡിസംബറോടെ ഇന്ത്യയിലെ ആഭ്യന്തര വിപണിയിൽ നിന്നു പിൻവാങ്ങുകയാണെന്നു മേയ് 18നാണു ജി എം പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി കഴിഞ്ഞ മാസം ഗുജറാത്തിലെ ഹാലോൽ ശാലയിൽ നിന്നുള്ള ഉൽപ്പാദനവും കമ്പനി നിർത്തിയിരുന്നു. ഭാവിയിൽ മഹാരാഷ്ട്രയിലെ തലേഗാവിലുള്ള ശാലയിൽ നിന്നു കാറുകൾ നിർമിച്ചു കയറ്റുമതി ചെയ്യാനാണു ജി എമ്മിന്റെ പദ്ധതി. 

Read More: Auto News  Car Magazine Malayalam  Car News  New Cars