പുത്തൻ വാഹന ബ്രാൻഡ് അവതരിപ്പിക്കാൻ ചൈനീസ് വാഹന നിർമാതാക്കളായ ഗീലി ഒരുങ്ങുന്നു. വിപണിയുടെ ഇടത്തട്ട് ലക്ഷ്യമിടുന്ന ‘ലിങ്ക് ആൻഡ് കോ’ എന്ന ബ്രാൻഡിന്റെ അവതരണം 20നാണ്. ആറു വർഷം മുമ്പ് ഗീലി സ്വന്തമാക്കിയ സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോയുമായി സഹകരിച്ച് വികസിപ്പിച്ച കോംപ്ലക്സ് മോഡുലാർ ആർക്കിടെക്ചർ(സി എം എ) പ്ലാറ്റ്ഫോമിലുള്ള ആദ്യ വാഹനം പുറത്തെത്തുന്നതും ഈ പുത്തൻ ബ്രാൻഡിലാവും. തുടക്കത്തിൽ ചൈനയിൽ വിൽപ്പനയ്ക്കെത്തുന്ന കാറുകൾ പിന്നീട് യു എസിലും യൂറോപ്പിലും അവതരിപ്പിക്കാനും ഗീലിക്കു പദ്ധതിയുണ്ട്. ജനറൽ മോട്ടോഴ്സും എസ് എ ഐ സി മോട്ടോർ കോർപറേഷനും പോലെ വിദേശ നിർമാതാക്കളും ചൈനീസ് പങ്കാളികളുമായുള്ള സംയുക്ത സംരംഭങ്ങൾ അരങ്ങുവാഴുന്ന ഇടത്തട്ടിനെ ലക്ഷ്യമിട്ടാണു ഗീലി ‘എൽ’ എന്ന കോഡ് നാമത്തിൽ പുതിയ ബ്രാൻഡ് വികസനം ആരംഭിച്ചത്.
‘ലിങ്ക് ആൻഡ് കോ’ എന്ന പുതിയ ബ്രാൻഡ് അവതരിക്കുന്നതോടെ വോൾവോയ്ക്ക് ആഡംബര കാർ വിഭാഗത്തിലും ഗീലിക്ക് ആഭ്യന്തര നിർമാതാക്കൾക്കെതിരെയും ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന നേട്ടവുമുണ്ട്. ‘ലിങ്ക് ആൻഡ് കോ’യുടെ വെബ്സൈറ്റ് നിലവിൽ വന്നെങ്കിലും പുതിയ ബ്രാൻഡിനെപ്പറ്റി ഔദ്യോഗികമായി പ്രതികരിക്കാൻ ഗീലി തയാറായിട്ടില്ല. സൈറ്റിലാവട്ടെ ഇന്റർനെറ്റ് ലൈസൻസും റജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളുമല്ലാതെ ബ്രാൻഡിനെക്കുറിച്ചോ വാഹനങ്ങളെക്കുറിച്ചോ പരാമർശമില്ല.
അതേസമയം ലിങ്ക് ആൻഡ് കോ അവതരണം 20നു ബെർലിനിൽ നടക്കുമെന്നു ഗീലിയുടെ ഉപസ്ഥാപനമായ ചൈന യൂറോ വെഹിക്കിൾ ടെക്നോളജി (സി ഇ വി ടി) വക്താവ് സ്റ്റെഫാൻ ലുൻഡിൻ സ്ഥിരീകരിച്ചു. ഒപ്പം ഗീലിക്കായി വോൾവോയുമായുള്ള ഗവേഷണവും വികസനവുമൊക്കെ ഏകോപിപ്പിക്കുന്ന ഉപസ്ഥാപനമായ സി ഇ വി ടി തന്നെയാണ് ലിങ്കോ ഡോട്ട് കോം എന്ന വെബ്സൈറ്റിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗീലി ഓട്ടോയ്ക്കായി സി എം എ പ്ലാറ്റ്ഫോം വികസനഘട്ടത്തിലാണെന്നതിൽ രഹസ്യമൊന്നുമില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. കടുത്ത മത്സരം നടക്കുന്ന ചൈനീസ് വിപണി, രാജ്യത്തെ സാമ്പത്തിക വളർച്ച ഇടിഞ്ഞതിനെ തുടർന്നു കഴിഞ്ഞ വർഷം മുതൽ വൻവെല്ലുവിളി നേരിടുകയാണ്. എതിരാളികളെ അപേക്ഷിച്ച് ഗീലിയാണ് ഈ മാന്ദ്യത്തെ ഫലപ്രദമായി അതിജീവിച്ചത്; സെപ്റ്റംബർ വരെയുള്ള 16 മാസത്തിനിടെ തുടർച്ചയായി വിൽപ്പന വളർച്ച രേഖപ്പെടുത്താൻ കമ്പനിക്കു കഴിഞ്ഞു.