Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൈക്കിൾ വെളിച്ചമാണുണ്ണി.....

cycle

ആശയം കേട്ടാൽ അതിശയം തോന്നും. ഇതു വല്ലതും നടക്കുമോ. പക്ഷേ നടപ്പായാൽ ഒരു ഗ്രാമം മുഴുവൻ വെളിച്ചത്തിൽ മുങ്ങും. അമേരിക്കയിലെ ഇന്ത്യൻ വംശജനായ വ്യവസായി മനോജ് ഭാർഗവയാണ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള പുതിയ വിദ്യയുമായി രംഗത്തു വന്നത്. സംഗതി നിസാരം. ഒരു മണിക്കൂർ സൈക്കിൾ ചവിട്ടിയാൽ മതി. 24 ബൾബും, ഫാനും, ടാബ് ലറ്റും പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി കിട്ടും. അതും തികച്ചും സൗജന്യമായി. സൈക്കിളിന്റെ പേര് ഫ്രീ ഇലക്ട്രിക്.

കോടീശ്വരനാണ് ഭാർഗവ. 400 കോടി ഡോളർ ആസ്തിയിൽ നല്ല പങ്കും ദരിദ്രരുടെ ഉന്നമനത്തിന് ചെലവഴിക്കണമെന്ന ആഗ്രഹത്തോടെയാ ണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. മിഷിഗണിലെ ഭാർഗവയുടെ 25 ഏക്കറിൽ പടന്നു കിടക്കുന്ന ക്യാംപസിലെ സ്റ്റേജ് 2 ഇന്നവേഷൻ എനൻജിനീയറിങ് ലബോറട്ടറിയിലാണ് ഈ സൈക്കിൾ പിറവിയെടുത്തത്. സങ്കീർ‌ണതകൾ നിറഞ്ഞതല്ല ഈ ്അനക്കമില്ലാത്ത’ സൈക്കിൾ. മെലിഞ്ഞ ചട്ടക്കൂടാണിതിന്. ബാറ്ററിയും ഒരു ജനറേറ്ററും ഉണ്ട്. സൈക്കിൾ ചവിട്ടുമ്പോൾ അതിനോടനുബന്ധിച്ചുള്ള വീൽ കറങ്ങുകയും ജനറേറ്റർ പ്രവർത്തിക്കുകയും ചെയ്യും. ഇതു ബാറ്ററി ചാർജ് ചെയ്യാനും വഴിയൊരുക്കും. ഒരു മണിക്കൂർ സൈക്കിൾ ചവിട്ടിയാൽ 24 മണിക്കൂർ ഉപയോഗിക്കാനുള്ള വൈദ്യുതി ലഭിക്കും. വൈദ്യുതി ബില്ലും, ഇന്ധനച്ചെലവും ഇല്ല.

മാർച്ചിൽ 10, 000 സൈക്കിളുകൾ ഇന്ത്യക്ക് നൽകാനാണ് തീരുമാനം. വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാൻ തുടങ്ങിയാൽ 12,000 മുതൽ 15,000 രൂപയ്ക്ക് സൈക്കിൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് ഭാർഗവ പറയുന്നു. ഒഴിവു സമയങ്ങളിൽ വ്യായാമം ചെയ്യുന്ന തരത്തിൽ സൈക്കിൾ ചവിട്ടിയാൽ മതി. ഇനിയും വൈദ്യുതി എത്താത്ത ഗ്രാമങ്ങളിലെ വീടുകളിൽ വൈദ്യുതി ലഭ്യമാക്കാൻ ഇത് സഹായകരമാകുമെന്നാണ് മനോജ് ഭാർഗവ പറയുന്നത്. ഇന്ത്യയിലെ മൂന്ന് ബൈക്ക് നിർമാണ കമ്പനികൾ ഫ്രീ ഇലക്ട്രിക് നിർമിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സൗജന്യ വൈദ്യുതി എത്തുന്നു എന്ന പേരിൽ പരസ്യ പ്രചരണത്തിനും ഭാർഗവ പദ്ധതികൾ തയ്യാറാക്കിക്കഴിഞ്ഞു.

ഉത്തരാഖണ്ഡിൽ 50 സൈക്കിളുകൾ 12 ഗ്രാമങ്ങളിൽ പരീക്ഷണാർഥം പ്രവർത്തിപ്പിക്കും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് സൈക്കിൾ ചവിട്ടി പരീക്ഷണവും നടത്തിക്കഴിഞ്ഞു. തുടക്കത്തിൽ ഇന്ത്യയിലും യുഎസിലും സൈക്കിൾ നിർമിക്കും. ജീവകാരുണ്യ, സാമൂഹിക ഉന്നമന പദ്ധതികൾക്ക് സ്വന്തം സമ്പാദ്യം ചെലവിടുന്നതിൽ മുന്നിലാണ് മനോജ്. ഭാർഗവയുടെ മിഷിഗണിലെ ലബോറട്ടറി കണ്ടാൽ ആരും അതിശയിക്കും. ക്യുബിക്കിളുകളില്ല, കംപ്യൂട്ടറില്ല. തടി ബഞ്ചുകളിൽ ഇരുന്ന് നട്ടും ബൾട്ടും മറ്റുമായി യുദ്ധം ചെയ്യുന്ന എൻജിനീയർമാർ. ലക്നൗവിലാണ് ഭാർഗവ ജനിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.