ഇന്ത്യയിലെ ഇന്ധനവിൽപ്പന മേഖലയിൽ പ്രതീക്ഷിച്ച കുതിപ്പ് നേടാനാവാതെ പോയ എസ്സാർ ഓയിൽ യു കെയിൽ വൻവികസനത്തിന് ഒരുങ്ങുന്നു. അടുത്ത മൂന്നു വർഷത്തിനിടെ യു കെയിലെ പെട്രോൾ പമ്പുകളുടെ എണ്ണം 400 ആയി ഉയർത്താനും ഇന്ധന ചില്ലറ വിൽപ്പനയിൽ 10% വിപണി വിഹിതം സ്വന്തമാക്കാനുമാണ് എസ്സാർ ഓയിലിന്റെ പദ്ധതി. യൂറോപ്പിൽ സ്വന്തം എണ്ണ ശുദ്ധീകരണശാലയുള്ള ഏക ഇന്ത്യൻ കമ്പനിയായ എസ്സാർ ഓയിലിന്റെ ആദ്യ പെട്രോൾ പമ്പ് കഴിഞ്ഞ നവംബറിൽ ലീസസ്റ്റർഷെറിലെ കോൾവിലിലാണു തുറന്നത്. തുടർന്ന് ആറു സർവീസ് സ്റ്റേഷനുകൾ കൂടി ആരംഭിക്കാൻ എസ്സാർ ഓയിലിനു കഴിഞ്ഞു.
വൻതോതിലുള്ള വളർച്ചയ്ക്കായി മൂന്നു വർഷത്തിനകം 400 കേന്ദ്രങ്ങളിൽ കൂടി പുതിയ വിപണനകേന്ദ്രങ്ങൾ തുറക്കാനാണു പദ്ധതിയെന്ന് എസ്സാർ ഓയിൽ യു കെ എക്സിക്യൂട്ടീവ് ചെയർമാൻ നരേഷ് കെ നയ്യാർ അറിയിച്ചു. ഡീലറുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള ഡി ഒ ഡി ഒ മാതൃകയാണു പുതിയ പമ്പുകൾക്കായി കമ്പനി പരിഗണിക്കുന്നത്. എന്നാൽ ചില സ്ഥലങ്ങളിൽ കമ്പനിയുടെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന പമ്പുകൾ ഡീലർമാർ പ്രവർത്തിപ്പിക്കുന്ന സി ഒ ഡി ഒ മാതൃകയും പരിഗണനയിലുണ്ട്. യു കെയിൽ മൊത്തം 8,593 പെട്രോൾ പമ്പുകൾ നിലവിലുണ്ടെന്നാണു കണക്ക്. ഇതിൽ 5,613 എണ്ണം ഡീലർമാരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നവയാണ്. ഇതിൽ ചില ഡീലർമാരെ വശീകരിച്ച് എസ്സാർ ഓയിലിനൊപ്പം കൂട്ടാനാണു കമ്പനി ശ്രമിക്കുന്നത്.
യു കെയിൽ സ്വന്തം എണ്ണ ശുദ്ധീകരണശാല ഉള്ളത് കമ്പനിക്കു നേട്ടമാവുമെന്നാണ് എസ്സാർ ഓയിലിന്റെ പ്രതീക്ഷ. കമ്പനിയുടെ സ്വന്തം റിഫൈനറിയിൽ നിന്നുള്ള ഉൽപന്നങ്ങളാണ് ഇടപാടുകാർക്കു ലഭിക്കുന്നത് എന്നത് മാറ്റമുണ്ടാക്കുമെന്ന് എസ്സാർ ഓയിൽ യു കെ ചീഫ് കൊമേഴ്സ്യൽ ഓഫിസർ എസ് ബി പ്രസാദ് കരുതുന്നു. ഷെല്ലിന്റെ ഉടമസ്ഥതയിലായിരുന്ന, ചെഷയറിലെ സ്റ്റാൻലോ റിഫൈനറിയെ 2011ലാണ് റൂയിയ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള എസ്സാർ ഓയിൽ ഏറ്റെടുത്ത് പ്രവർത്തനം ലാഭത്തിലാക്കിയത്. യു കെയിൽ ആറു കമ്പനികൾ മാത്രമാണ് എണ്ണ ശുദ്ധീകരണ മേഖലയിൽ പ്രവർത്തിക്കുന്നത്. സ്വന്തം ഉൽപന്നങ്ങൾ ആകർഷക വിലകളിൽ ഡീലർമാർ മുഖേന ഉപയോക്താക്കളിലെത്തിക്കാനാണ് എസ്സാറിന്റെ ശ്രമമെന്ന് നയ്യാർ വിശദീകരിച്ചു. യു കെയിലെ ഗതാഗത മേഖലയ്ക്കുള്ള ഇന്ധനത്തിന്റെ 16 ശതമാനത്തോളം നിറവേറ്റുന്നത് എസ്സാറിന്റെ സ്റ്റാൻലോ റിഫൈനറിയാണ്. 300 കോടി ലീറ്റർ പെട്രോളും 440 കോടി ലീറ്റർ ഡീസലും 200 കോടി ലീറ്റർ വിമാന ഇന്ധനവുമാണ് ഈ ശാലയുടെ വാർഷിക ഉൽപ്പാദനം.