യൂറോപ്പിലെ എണ്ണ കമ്പനികളിൽ മൂന്നാം സ്ഥാനത്തുള്ള ബി പി പി എൽ സിക്ക് ഇന്ത്യയിൽ പെട്രോൾ പമ്പുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ഇന്ത്യയിൽ 3,500 ഇന്ധന വിൽപ്പന ശാലകൾ തുറക്കാനുള്ള അനുവാദമാണ് ബി പി നേടിയത്. ഇതോടെ ഇന്ത്യയിലെ ഇന്ധന വിൽപ്പന മേഖലയിൽ പ്രവേശനം നേടുന്ന 10—ാമത്തെ കമ്പനിയായി ബി പി. കഴിഞ്ഞ 14നാണ് പെട്രോളിയം ചില്ലറ വിൽപ്പനയ്ക്കുള്ള ഔപചാരിക അനുമതി കമ്പനിക്കു ലഭിച്ചത്. മോട്ടോർ സ്പിരിറ്റ്(പെട്രോൾ), ഹൈ സ്പീഡ് ഡീസൽ(ഡീസൽ) വിൽപ്പനയ്ക്കു ലൈസൻസ് ലഭിച്ച കാര്യം ട്വിറ്ററിലൂടെ ബി പി തന്നെയാണു പ്രഖ്യാപിച്ചത്.
യു കെയിൽ നിന്നുള്ള ബി പിക്കു പുറമെ ഹാൽദിയ പെട്രോകെമിക്കൽസ് ലിമിറ്റഡിനും പെട്രോളിയം റീട്ടെയ്ൽ മേഖലയിൽ പ്രവേശിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. കൊൽക്കത്ത ആസ്ഥാനമായ ഹാൽദിയ പെട്രോകെമിക്കൽസ് ലിമിറ്റഡിനു പ്രധാനമായും പശ്ചിമ ബംഗാളിൽ നൂറോളം പമ്പുകൾ തുറക്കാനാണു പദ്ധതി. നിലവിൽ ഇന്ത്യയിൽ 56,190 പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു കണക്ക്; ഇവയിൽ സിംഹ ഭാഗവും പൊതുമേഖല എണ്ണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നിവയുടെ ചുമതലയിലുള്ളവയാണ്. മൊത്തം 25,363 പമ്പുകളുമായി ഇന്ത്യൻ ഓയിൽ കോർപറേഷനാണു ബഹുദൂരം മുന്നിൽ; ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന് 13,802 പമ്പുകളും ഭാരത് പെട്രോളിയം കോർപറേഷന് 13,439 പമ്പുകളുമാണുള്ളത്.
സ്വകാര്യ മേഖലയിൽ റിലയൻസ് ഇൻഡസ്ട്രീസിനും എസ്സാർ ഓയിലിനും കൂടി 3,500 പമ്പുകളോളമുണ്ട്. ബ്രിട്ടീഷ് — ഡച്ച് കമ്പനിയായ റോയൽ ഡച്ച് ഷെല്ലിന് 82 പമ്പുകളുണ്ട്. ഏറ്റവുമൊടുവിൽ ഈ മേഖലയിൽ പ്രവേശിച്ച നുമാലിഗഢ് റിഫൈനറീസ് ലിമിറ്റഡ്(എൻ ആർ എൽ), മാംഗ്ലൂർ റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്(എം ആർ പി എൽ) എന്നിവ ചേർന്ന് ആറു പമ്പുകൾ തുറന്നിട്ടുണ്ട്. ഇന്ത്യയിലെ ഇന്ധന നീക്ക മേഖലയിൽ ബി പിക്കു ശക്തമായ ഭാവിയുണ്ടെന്നു കഴിഞ്ഞ മാസം ബി പി ഇന്ത്യ വക്താവ് വ്യക്തമാക്കിയിരുന്നു. ഈ വിപണിയുടെ വികസനത്തിനായി പ്രവർത്തിക്കാനും സംഭാവന നൽകാനും ആഗ്രഹമുണ്ടെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിൽ വിമാന ഇന്ധന(എ ടി എഫ്) വിൽപ്പനയ്ക്കു കമ്പനി തത്വത്തിൽ അനുമതി നേടിയിരുന്നു. തുടർന്ന് എ ടി എഫ് വ്യാപാരത്തിനുള്ള പൂർണ അനുമതിയും ബി പി സ്വന്തമാക്കി.
എ ടി എഫ് വിപണന രംഗത്ത് മൊത്തം 205 സ്റ്റേഷനുകളാണു രാജ്യത്തുള്ളത്; ഇതിൽ 100 എണ്ണം ഇന്ത്യൻ ഓയിലിന്റേതാണ്. ഭാരത് പെട്രോളിയത്തിന് നാൽപതും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് മുപ്പത്തി ഏഴും സ്റ്റേഷനുകളുണ്ട്. സ്വകാര്യ മേഖലയിലെ റിലയൻസിന് 27 ഏവിയേഷൻ ഫ്യുവൽ സ്റ്റേഷനുണ്ട്. ഷെല്ലും എം ആർ പി എല്ലും ചേർന്ന് ഒരു സ്റ്റേഷനും നടത്തുന്നുണ്ട്. പെട്രോൾ, ഡീസൽ, എ ടി എഫ് വിപണന മേഖലയിലേക്കു പ്രവേശിക്കാൻ എണ്ണ, പ്രകൃതി വാതക പര്യവേഷണം, ഉൽപ്പാദനം, ശുദ്ധീകരണം, ടെർമിനൽ/പൈപ്ലൈൻ സ്ഥാപിക്കൽ തുടങ്ങിയവയ്ക്കായി ബി പി ഇന്ത്യ കുറഞ്ഞത് 2,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടാവുമെന്നാണു കണക്ക്. നേരത്തെ 2011ൽ റിലയൻസ് ഇൻഡസ്ട്രീസിനു ലഭിച്ച 21 പര്യവേഷണ ബ്ലോക്കുകളിൽ 720 കോടി ഡോളർ മുടക്കി ബി പി ഇന്ത്യ 30% പങ്കാളിത്തം സ്വന്തമാക്കിയിരുന്നു. തുടർന്ന് ഈ ബ്ലോക്കുകളുടെ വികസനത്തിനും മറ്റുമായി 50 കോടി ഡോളർ കൂടി കമ്പനി നിക്ഷേപിച്ചു.