രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതു വഴി ലഭിച്ച ആനുകൂല്യത്തിൽ പകുതി ഉപയോക്താക്കൾക്കു കൈമാറിയെന്ന് കേന്ദ്ര സർക്കാർ. വിലയിടിവ് മൂലമുള്ള നേട്ടത്തിന്റെ ബാക്കി സാമൂഹിക മേഖലയിൽ നിക്ഷേപത്തിനായി നീക്കിവച്ചെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ വിശദീകരിച്ചു. എണ്ണ വിലയുടെ കാര്യത്തിൽ സർക്കാർ ഒന്നും ഒളിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. പൊതുജനക്ഷേമത്തിനായി പണം ചെലവിടുന്നത് കുറ്റകരമാണോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിടിവിന്റെ ആനുകൂല്യം ഉപയോക്താക്കൾക്കു കൈമാറിയില്ലെന്നു രാജ്യസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അസംസ്കൃത എണ്ണ വിലയിലെ അപ്രതീക്ഷിത ഇടിവ് മൂലം ലഭിച്ച ലാഭത്തിൽ 50% സർക്കാർ ട്രഷറിയിലുണ്ട്. ഈ തുക സാമൂഹിക മേഖലയിലെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. എണ്ണ വിലയിടിവിന്റെ നേട്ടം സർക്കാർ ചെലവഴിച്ചിട്ടില്ല; ഒന്നും മറച്ചു വച്ചിട്ടുമില്ല. സന്തുലിതമായ സാമ്പത്തിക നിലവാരത്തിനായി ക്രൂഡ് ഓയിൽ വിലയിടിവിന്റെ ആനുകൂല്യം കൃഷി, അടിസ്ഥാന സൗകര്യ, ആരോഗ്യ മേഖലകളിൽ ചെലവഴിക്കുകയാണു സർക്കാർ ചെയ്തതെന്നു പ്രധാൻ അവകാശപ്പെട്ടു. പൊതുജനക്ഷേമത്തിനായി ഇത്തരത്തിൽ പണം ചെലവഴിക്കുന്നതിനെ കുറ്റമായി കാണാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അസംസ്കൃത എണ്ണയുടെ വിലയിടിവ് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ സഹായിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലി തന്നെ ബജറ്റ് പ്രസംഗത്തിൽ അംഗീകരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വിപണികളിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞതു വഴി ലഭിച്ച ആനുകൂല്യത്തിന്റെ 49% ആണ് ഉപയോക്താക്കൾക്കു കൈമാറിയത്. ഡീസൽ വിലയിൽ നിന്നു ലഭിച്ച ആനുകൂല്യത്തിന്റെ 41 ശതമാനവും ഉപയോക്താക്കൾക്കു കൈമാറിയിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ വിലയിടിവ് സർക്കാരിന് പണം നേടിത്തന്നിട്ടുണ്ട്; എന്നാൽ ഏറെ ചാഞ്ചാട്ടം നേരിടുന്ന മേഖലയാണു ക്രൂഡ് ഓയിൽ വില. അതിനാലാണ് സാമ്പത്തിക നയത്തിൽ സന്തുലിതാവസ്ഥ ലക്ഷ്യമിട്ട് ഇത്തരം തീരുമാനങ്ങൾ സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.