‘ഡ്യുവറ്റു’മായി ഹീറോ; വില 51,150 രൂപ മുതൽ

ഗീയർരഹിത സ്കൂട്ടർ വിപണിയിൽ പ്രകടനം മെച്ചപ്പെടുത്താൻ അവതരിപ്പിച്ച ‘ഡ്യുവറ്റി’ന്റെ വില ഹീറോ മോട്ടോ കോർപ് പ്രഖ്യാപിച്ചു. ലോഹനിർമിത ബോഡിയുള്ള ‘ഡ്യുവറ്റി’ന്റെ അടിസ്ഥാന മോഡലായ ‘എൽ എക്സി’ന് 51,150 രൂപയും ഉയർന്ന വകഭേദമായ ‘വി എക്സി’ന് 52,650 രൂപയുമാണു കൊച്ചിയിലെ വില. സ്കൂട്ടറിനു കരുത്തേകുന്നത് 110 സി സി എയർ കൂൾഡ്, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, എസ് ഒ എച്ച് സി എൻജിനാണ്. 8000 ആർ പി എമ്മിൽ പരമാവധി 8.31 ബി എച്ച് പി കരുത്തും 6500 ആർ പി എമ്മിൽ 8.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.

സീറ്റിനടിയിൽ മൊബൈൽ ചാർജിങ് പോർട്ട്, റിമോട്ട് സീറ്റ് ഓപ്പണിങ്, റിമോട്ട് ഫ്യുവൽ ലിഡ് ഓപ്പണിങ്, ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനം, ടെലിസ്കോപിക് ഫ്രണ്ട് സസ്പെൻഷൻ, ട്യൂബ്രഹിത ടയർ, ബൂട്ട് ലൈറ്റ്, ഡിജിറ്റൽ അനലോഗ് മീറ്റർ കൺസോൾ തുടങ്ങിവയാണു സ്കൂട്ടറിന്റെ സവിശേഷതകളായി ഹീറോ അവതരിപ്പിക്കുന്നത്. ഒപ്പം സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ത്രോട്ടിൽ പൊസിഷൻ സെൻസർ തുടങ്ങിയ സൗകര്യങ്ങളും സ്കൂട്ടറിലുണ്ട്. കാൻഡി ബ്ലേസിങ് റെഡ്, പേൾ സിൽവർ വൈറ്റ്, ഗ്രേസ് ഗ്രേ, മാറ്റ് നേച്ചർ ഗ്രീൻ, പാന്തർ ബ്ലാക്ക്, വെർണിയർ ഗ്രേ(നോൺ മെറ്റാലിക്) എന്നീ ആറു നിറങ്ങളിലാണു ‘ഡ്യുവറ്റ്’ ലഭിക്കുക. ലീറ്ററിന് 63.8 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

‘ഡ്യുവറ്റി’ലൂടെ കമ്പനിയുടെ സ്കൂട്ടർ ശ്രേണി വിപുലീകരിച്ചിരിക്കുകയാണെന്നു ഹോണ്ട മോട്ടോ കോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ പവൻ മുഞ്ജാൾ പ്രഖ്യാപിച്ചു. ആഭ്യന്തരമായി വികസിപ്പിച്ച ‘ഡ്യുവറ്റി’ന്റെയും ‘മാസ്ട്രോ എഡ്ജി’ന്റെയും അവതരണം കമ്പനിയെ സംബന്ധിച്ചിടത്തോളം നിർണായക ചുവടുവയ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം വിൽപ്പനയ്ക്കെത്തിയ ‘മാസ്ട്രോ എഡ്ജി’നു മികച്ച വരവേൽപ്പാണു ലഭിച്ചതെന്നും മുഞ്ജാൾ അവകാശപ്പെട്ടു. ദീപാവലി ആഘോഷത്തിനു മുന്നോടിയായി ‘ഡ്യുവറ്റ്’ കൂടിയെത്തുന്നതോടെ സ്കൂട്ടർ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഹീറോയ്ക്കാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.