ഹ്യൂണ്ടേയ് ക്രേറ്റ എത്തി, വില 8.59 ലക്ഷം മുതൽ

ഹ്യൂണ്ടേയ് ക്രേറ്റ പുറത്തിറക്കിയപ്പോൾ ചിത്രം: അമിൻ സീതി

ഹ്യൂണ്ടേയുടെ ഏറ്റവും പുതിയ കാറായ ക്രേറ്റ ഒൗദ്യോഗികമായി പുറത്തിറക്കി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഹ്യൂണ്ടേയ് അധികൃതരാണ് ഇൗ ആഗോള എസ് യു വി അവതരിപ്പിച്ചത്. 8.59 ലക്ഷം മുതൽ 13.60 ലക്ഷം വരെയാണ് ഇൗ കാറിന്റെ വിവിധ മോഡലുകളുടെ വില.

ഡീസൽ, പെട്രോൾ എൻജിനുകളോടെ ആറു വകഭേദങ്ങളിലാണു ‘ക്രേറ്റ’ ലഭിക്കുക. അടിസ്ഥാന മോഡലുകൾക്കു പുറമെ ‘എസ്’(പെട്രോളും ഡീസലും), ‘എസ് പ്ലസ്’, ‘എസ് എക്സ്’(ഡീസൽ മാത്രം), ‘എസ് എക്സ്(ഒ)’(ഡീസൽ) എന്നിവയാണു വകഭേങ്ങൾ.

ഡീസൽ വിഭാഗത്തിൽ 1.4 ലീറ്റർ, 1.6 ലീറ്റർ എൻജിനുകളാണു ‘ക്രേറ്റ’യ്ക്കു കരുത്തേകുക; പെട്രോളിലാവട്ടെ 1.6 ലീറ്റർ എൻജിനും. ‘എസ് എക്സ്’ മുതലുള്ള വകഭേദങ്ങൾക്കു മാത്രമാവും 1.6 ലീറ്റർ ഡീസൽ എൻജിന്റെ കരുത്ത്. പോരെങ്കിൽ ഈ വിഭാഗത്തിൽ പുതുമയായി ഡീസൽ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ എന്ന സാധ്യതയും ‘ക്രേറ്റ’യിൽ ഹ്യൂണ്ടേയ് വാഗ്ദാനം ചെയ്യുന്നുണ്ട്.

കഴിഞ്ഞ മാസം തന്നെ ഹ്യൂണ്ടേയ് ‘ക്രേറ്റ’യുടെ നിർമാണം ആരംഭിച്ചിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ എഴുനൂറോളം ഡീലർഷിപ്പുകളിലും വാഹനം ലഭ്യമാണ്. ഇക്കൊല്ലം 14% വളർച്ചയോടെ 4.65 ലക്ഷം കാറുകൾ വിൽക്കാൻ ലക്ഷ്യമിടുന്ന ഹ്യൂണ്ടേയ് മോട്ടോർ ഇന്ത്യയ്ക്ക് ‘ക്രേറ്റ’യുടെ വിജയം സുപ്രധാനമാണ്. കഴിഞ്ഞ ഒന്നിന് ബുക്കിങ് ആരംഭിച്ചതു മുതൽ പതിനായിരത്തോളം പേരാണത്രെ ‘ക്രേറ്റ’സ്വന്തമാക്കാൻ കാത്തിരിക്കുന്നത്.

വിവിധ മോഡലുകളുടെ വില

1.6 ലീറ്റർ പെട്രോൾ മോഡൽ

എൽ - 8,59,588 ലക്ഷം

എസ് - 9,57,062 ലക്ഷം

എസ് എക്സ് പ്ലസ് - 11,19,548

1.4 ലീറ്റർ ഡീസൽ മോഡൽ‌

എൽ - 9,46,939 ലക്ഷം

എസ് - 10,42,225 ലക്ഷം

എസ് പ്ലസ് - 11,45,030 ലക്ഷം

1.6 ലീറ്റർ ഡീസൽ മോഡൽ

എസ് എക്സ് - 11,59,971 ലക്ഷം

എസ് എക്സ് പ്ലസ് - 12,67,770 ലക്ഷം

എസ് എക്സ് (ഒ) - 13,60,156 ലക്ഷം