രാജ്യത്തെ ഏറ്റവും വലിയ ഡീസൽ ഉപയോക്താക്കളായ ഇന്ത്യൻ റയിൽവേ ഇന്ധനചെലവ് കുറയ്ക്കാൻ പുതുവഴികൾ തേടുന്നു. സ്വന്തം നിലയിൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തു ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള സാധ്യതകളാണു റയിൽവേ തേടുന്നത്. ഇതിനായി പുതിയ ശുദ്ധീകരണ ശാല സ്ഥാപിക്കാനോ നിലവിലുള്ളവയുടെ ശേഷി റയിൽവേയ്ക്കു മാത്രമായി നീക്കി വയ്ക്കാനോ ആണ് ആലോചന. ആഗോള വിപണികളിൽ അസംസ്കൃത എണ്ണ വില കുത്തനെ ഇടിഞ്ഞതിന്റെ പ്രയോജനം ലഭിക്കാതെ പോയതാണ് റയിൽവേയെ ഈ ദിശയിൽ നീങ്ങാൻ പ്രേരിപ്പിച്ചത്. വിദേശത്തു ക്രൂഡ് വില കുറഞ്ഞെങ്കിലും ഇന്ത്യയിലെ ഇന്ധനവിലയുടെ സിംഹഭാഗവും നികുതികളും തീരുവകളുമാണെന്നതാണ് റയിൽവേയ്ക്കു വിനയായത്.
ഈ സാഹചര്യത്തിലാണ് ക്രൂഡ് ഓയിൽ വിലയിടിവിന്റെ പ്രയോജനം നേടാനുള്ള മാർഗങ്ങളെപ്പറ്റി ആലോചന തുടങ്ങിതെന്നു റയിൽവേ ബോർഡ് അംഗം (മെക്കാനിക്കൽ) ഹേമന്ത് കുമാർ വെളിപ്പെടുത്തി. സ്വന്തമായി എണ്ണ ശുദ്ധീകരണ ശാല സ്ഥാപിച്ചോ നിലവിലുള്ള ശാലയുടെ ശേഷി പാട്ടത്തിനെടുത്തോ ആവശ്യമായ ഹൈസ്പീഡ് ഡീസൽ കണ്ടെത്താനാണ് റയിൽവേയുടെ നീക്കം. ശുദ്ധീകരണം വഴി ലഭിക്കുന്ന മറ്റ് ഉൽപന്നങ്ങളും വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിക്കും. എന്തായാലും പെട്രോളിയം മന്ത്രാലയവുമായി നടത്തുന്ന പ്രാരംഭ ചർച്ചകളുടെ അടിസ്ഥാനത്തിലാവും സ്വന്തം ശുദ്ധീകരണ ശാല സംബന്ധിച്ച് റയിൽവേ അന്തിമ തീരുമാനമെടുക്കുക. ഒപ്പം രാജ്യത്തെ നികുതി വ്യവസ്ഥയുടെ ഭാവി സംബന്ധിച്ച കാഴ്ചപ്പാടുകളും നിർണായകമാവും. ചരക്ക് സേവന നികുതി (ജി എസ് ടി) പോലുള്ള സമഗ്ര പരിഷ്കാരങ്ങൾ വൈകാതെ നിലവിൽ വരുമെന്നതും റയിൽവേയുടെ തീരുമാനത്തിൽ സ്വാധീനം ചെലുത്തും.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡിപ്പോകൾ മുഖേനയാണു റയിൽവേ ഡീസൽ വാങ്ങുന്നത്. സംസ്ഥാനം ഈടാക്കുന്ന നികുതിയിലെ ഏറ്റക്കുറച്ചിൽ മൂലം വിവിധ നിരക്കിലാണു റയിൽവേയുടെ ഡീസൽ ഇടപാട്. എങ്കിലും ഡീസലിനായി റയിൽവേ ചെലവാക്കുന്ന ശതകോടിക്കണക്കിനു രൂപയിൽ 30 ശതമാനത്തിലേറെ നികുതികളാണെന്നാണു ഹേമന്ത് കുമാറിന്റെ പക്ഷം. കഴിഞ്ഞ സാമ്പത്തിക വർഷം 17,000 — 18,000 കോടി രൂപയായിരുന്നു ഡീസലിനായി റയിൽവേ മുടക്കിയത്. ഇപ്പോഴത്തെ വില നിലവാരം തുടർന്നാൽ ഈയിനത്തിലെ ചെലവിൽ 4,000 കോടിയോളം രൂപയുടെ ലാഭമാണു റയിൽവേ പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 280 കോടി ലീറ്റർ ഡീസലാണു റയിൽവേ ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ക്രൂഡ് ഓയിൽ ബാരലിന് 57.91 ഡോളർ(ഏകദേശം 3,675 രൂപ) വിലയുണ്ടായിരുന്നത് ഇപ്പോൾ 34.01 ഡോളർ(ഏകദേശം 2,252 രൂപ) നിലവാരത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്.