കാർ കടത്തിന് ‘ഓട്ടോ എക്സ്പ്രസു’മായി റയിൽവേ

വാഹനകടത്തിൽ കൂടുതൽ വിഹിതം നേടാൻ ലക്ഷ്യമിട്ട് ഇന്ത്യൻ റയിൽവേ ‘ഓട്ടോ എക്സ്പ്രസ്’ എന്ന പേരിൽ പുതിയ ചരക്കുവണ്ടി സർവീസ് ആരംഭിച്ചു. വാഹന നിർമാണ കേന്ദ്രമായ ഗുഡ്ഗാവിനെ ബെംഗളൂരുവിനു സമീപത്തെ നിദ്വാന്തയുമായി ബന്ധിപ്പിച്ചാണു നിശ്ചിത സമയക്രമം പാലിച്ചുള്ള ഈ ഗുഡ്സ് ട്രെയിൻ സർവീസ് നടത്തുക. രാജ്യത്തെ ജനസംഖ്യ പോലെ നിരത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണവും അതിവേഗം ഉയരുകയാണെന്നു വിഡിയോ കോൺഫറൻസിങ് മുഖേന പുതിയ ട്രെയിൻ ഉദ്ഘാടനം ചെയ്ത കേന്ദ്ര റയിൽ മന്ത്രി സുരേഷ് പ്രഭു അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയേക്കാൾ മികച്ച വളർച്ച നേടിയാണു വാഹന വ്യവസായത്തിന്റെ മുന്നേറ്റം. ഈ സാഹചര്യത്തിൽ വാഹന കടത്തിൽ കൂടുതൽ വിഹിതം നേടാൻ കഴിഞ്ഞാൽ റയിൽവേയ്ക്ക് അതു വൻ വരുമാനനേട്ടം സമ്മാനിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കാർ കടത്തിനായി നിർദിഷ്ട സമയക്രമം പ്രഖ്യാപിച്ചു റയിൽവേ ആരംഭിക്കുന്ന ആദ്യ ട്രെയിനാണ് ‘ഓട്ടോ എക്സ്പ്രസ്’.

രണ്ട്, മൂന്ന്, നാല് ചക്ര വിഭാഗങ്ങളിലായി ഇന്ത്യയിൽ പ്രതിവർഷം രണ്ടര കോടിയോളം വാഹനങ്ങളാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്; ഇതിൽ 25 ശതമാനത്തിന്റെയെങ്കിലും നീക്കം ട്രെയിൻ മാർഗമാക്കാനാണു റയിൽവേ ലക്ഷ്യമിടുന്നത്. 2015 — 16ൽ 708 റേക്ക് വഴി 2,35,907 വാഹനങ്ങളാണു റയിൽവേ കടത്തിയത്; മൊത്തം വാഹന ഉൽപ്പാദനത്തിന്റെ മൂന്നു ശതമാനത്തോളം മാത്രമാണിത്. നിശ്ചിത സമയക്രമം പാലിച്ചു സർവീസ് നടത്തുന്ന ‘ഓട്ടോ എക്സ്പ്രസ്’ പോലുള്ള ട്രെയിനുകൾ വാഹനങ്ങൾ യഥാസമയം ലക്ഷ്യത്തിലെത്തുന്നെന്ന് ഉറപ്പാക്കുമെന്ന് സുരേഷ് പ്രഭു വ്യക്തമാക്കി. ഇത്തരം നടപടികളിലൂടെ റയിൽവേയ്ക്കു രാജ്യത്തെ വാഹന വ്യവസായത്തിന്റെ വിശ്വാസ്യത നേടിയെടുക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

നിലവിൽ മാസം തോറും 2,000 കാറുകളാണു ഗുഡ്ഗാവിൽ നിന്ന് നിദ്വാന്തയിലേക്കു പോകുന്നത്. പുതിയ ട്രെയിൻ സർവീസ് തുടങ്ങിയതോടെ റയിൽമാർഗമുള്ള കാർ നീക്കത്തിൽ ഗണ്യമായ വർധനയുണ്ടാവുമെന്നാണു പ്രതീക്ഷ. ‘ഓട്ടോ എക്സ്പ്രസി’ന്റെ ട്രിപ്പുകൾ വർധിപ്പിച്ച് ഈ റൂട്ടിൽ പ്രതിമാസം 6,000 കാർ വരെ കൊണ്ടുപോകാനാണു റയിൽവേയുടെ പദ്ധതി. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗം കൈവരിക്കാവുന്ന പ്രത്യേക വാഗണുകളാണ് ‘ഓട്ടോ എക്സ്പ്രസ്’ പോലെ സമയക്രമം പാലിക്കേണ്ട ഗുഡ്സ് ട്രെയിനുകളിൽ ഉപയോഗിക്കുന്നതെന്ന് റയിൽവേ ബോർഡ് അംഗം (ട്രാഫിക്) മുഹമ്മദ് ജംഷദ് അറിയിച്ചു. ഇതുവഴി നിദ്വാന്തയിലേക്കുള്ള യാത്രാസമയം 70 മണിക്കൂറിൽ നിന്ന് 57 ആയി കുറയ്ക്കാനാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി.