ഇന്ത്യൻ റെയിൽവേയ്ക്ക് അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ച് ഐആർടിസിയുടെ മഹാരാജാസ് എക്സ്പ്രസ് ലോകത്തിലെ ഏറ്റവും ആഡംബര സൗകര്യങ്ങൾ നൽകുന്ന ട്രെയിനായി തിരഞ്ഞെടുത്തു. 2016 ലെ സെവൻ സ്റ്റാർ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ലൈഫ്സ്റ്റൈൽ പുരസ്കാരമാണ് മഹാരാജാസ് എക്സ്പ്രസിനെ തേടിയെത്തിയത്. തുടർച്ചയായി അഞ്ചാം തവണയാണ് ഈ പുരസ്കാരത്തിന് മഹാരാജാസ് എക്സ്പ്രസിനെ തിരഞ്ഞെടുക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളുമായി ഇന്ത്യന്‍ റെയിൽവെ 2010 ജനുവരിയിലാണ് മഹാരാജാസ് എക്സ്പ്രസിനെ അവതരിപ്പിക്കുന്നത്. കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കായിരുന്നു മഹാരാജാസ് എക്സ്പ്രസിന്റെ ആദ്യ യാത്ര.
ഡൽഹിയിൽ നിന്ന് യാത്ര തുടങ്ങി ഗോവ വഴി അടുത്തവർഷത്തോടെ കേരളത്തിലേക്കെത്തുകയാണ് മഹാരാജാസ്. ഏഷ്യയിലെ ഏറ്റവും െചലവ് കൂടിയ യാത്രയാണ് മഹാരാജാസ് എക്സ്പ്രസിലേത്. വിവിധ പാക്കേജുകളായിട്ടാണ് മഹാരാജാസ് എക്സ്പ്രസ് യാത്ര നടത്തുന്നത്. ഏറ്റവും കുറഞ്ഞ നിരക്ക് 5,980 ഡോളറും (ഏകദേശം നാലു ലക്ഷം രൂപയും) ഏറ്റവും ഉയർന്ന ക്ലാസിന് 23,700 യുഎസ് ഡോളറുമാണ് (ഏകദേശം 16 ലക്ഷം രൂപ). ഇത്രയും ടിക്കറ്റ് ചാർജ്ജ് കൊടുക്കുന്നതുകൊണ്ട് ഭക്ഷണ-പാനീയങ്ങളെല്ലാം സൗജന്യമാണ്. ഡൈനിങ്ങും ബാറും എല്ലാം ഈ ട്രെയിനിലുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച കാഴ്ചകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നു മഹാരാജ എക്‌സ്പ്രസ്. എട്ടു ദിവസത്തെ യാത്രയാണ് ഓരോ തവണയും ഈ ട്രെയിന്‍ പൂര്‍ത്തിയാക്കുന്നത്. ഐആർസിടിസിയാണ് ഈ ടൂറിസ്റ്റ് ട്രെയിനിന്റെ ഉടമസ്ഥർ. 88 യാത്രക്കാരെ മാത്രമാണ് ഈ ട്രെയിൻ വഹിക്കുക.
അഞ്ച് ഡീലക്‌സ് കാറുകള്‍, ആറ് ജൂനിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റെസ്റ്ററന്റുകള്‍ എന്നിവയാണ് ഈ ആഢംബര ട്രെയിനിലുള്ളത്. മഹാരാജാസ് എക്സ്പ്രസിലെ ഓരോ ക്യാരിയേജിനും ഓരോ രത്നങ്ങളുടെ പേരുകളാണുള്ളത്.എല്ലാ ക്യാരിയേജിലും പുറംലോകത്തിന്റെ ഭംഗിനുകരാൻ പറ്റുന്ന പനോരമിക് ജനാലകളാണുള്ളത്. ഒരോ കാബിനുകളിലും പ്രത്യേകം ശീതോഷ്ണ സംവിധാനം,എൽസിഡി ടിവി, ഡയറക്ട് ഡയൽ ടെലഫോൺ, ഇന്റർനെറ്റ്, ഡെഡിക്കേറ്റഡ് ബട്ലര് സർവീസ്, ബെഡ്.ലൈവ് ടിവി എന്നിവയുണ്ട്. മയൂർ മഹാൾ, രാംഗ് മഹാൾ എന്നീ റെസ്റ്ററന്റുകൾ ഈ ആഡംബര ട്രെയിനിൽ ലോകത്തിന്റെ രുചികൾ പരിചയപ്പെടുത്തുന്നു. 42 ആളുകളെ ഓരോ ഡൈനിംഗ് കാറിനും ഉൾക്കൊള്ളാനാകും. ലോകമെങ്ങും ലഭ്യമാകുന്ന വൈനും മദ്യവും ലഭിക്കുന്ന സഫാരി ബാറും ട്രെയിനിലുണ്ടാകും.
നിരവധി അംഗീകാരങ്ങളും ഈ ട്രെയിനിനെ തേടിയെത്തിയിട്ടുണ്ട്. 2012 മുതൽ വേൾഡ് ട്രാവൽ അവാർഡ് ഈ ട്രെയിനിനാണ് തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നത്. 2012 മുതൽ ഹെറിറ്റേജ് ഓഫ് ഇന്ത്യ, ട്രഷേഴ്സ് ഓഫ് ഇന്ത്യ, ജെംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ പനോരമ, ഇന്ത്യൻ സ്പ്ലെൻഡർ എന്നീ യാത്രാപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്കയുടെ ബ്ലൂ ട്രെയിന്‍, റോവോസ് റെയിലിന്റെ പ്രൈഡ് ഓഫ് ആഫ്രിക്ക, യൂറോപ്പ് ആന്റ് തുര്‍ക്കിയുടെ ഓറിയന്റ് എക്‌സ്പ്രസ് എന്നിവയാണ് ഇത്തരത്തിൽ ആഡംബര യാത്ര നൽകുന്ന മറ്റു രാജ്യങ്ങളിലെ ട്രെയിനുകൾ.