കൈനറ്റിക് ഗ്രൂപ്പിൽപെട്ട കൈനറ്റിക് ഗ്രീൻ എനർജി ആൻഡ് പവർ സൊല്യൂഷൻസ് ബാറ്ററിയിൽ ഓടുന്ന പുതിയ ത്രിചക്രവാഹനം പുറത്തിറക്കി. കൈനറ്റിക് ‘സഫർ’ എന്നു പേരിട്ട ഇ റിക്ഷയ്ക്ക് ഡൽഹി ഷോറൂമിൽ 1.28 ലക്ഷം രൂപയാണു വില. ഒപ്പം 27,000 ‘സഫർ’ ലഭ്യമാക്കാൻ ഉത്തർ പ്രദേശ് സർക്കാരിൽ നിന്ന് 400 കോടി രൂപയുടെ ഓർഡറും കൈനറ്റിക് സ്വന്തമാക്കി. ഉരുക്കിൽ തീർത്ത ബോഡി, ഇരട്ട ഹെഡ്ലാംപ്, ബാറ്ററി ഇൻഡിക്കേറ്ററും സ്പീഡോമീറ്ററുമുള്ള ഡാഷ് ബോഡ് എന്നിവയോടെ എത്തുന്ന ‘സഫറി’ന് മണിക്കൂറിൽ 25 കിലോമീറ്ററാണു കമ്പനി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. ഡ്രൈവർക്കു പുറമെ നാലു പേർക്കാണു വാഹനത്തിൽ യാത്രാസൗകര്യം. ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ)യുടെ സാക്ഷ്യപത്രം നേടിയ ഗീയർ ബോക്സ് സഹിതമെത്തുന്ന ‘സഫറി’നു ഫ്ളൈ ഓഫറിലേക്കും മറ്റുമുള്ള കയറ്റങ്ങൾ നിഷ്പ്രയാസം കയറാനാവുമെന്നാണു പുണെ ആസ്ഥാനമായ കൈനറ്റിക് ഗ്രീൻ എനർജിയുടെ അവകാശവാദം.
ഒപ്പം ‘സഫറി’നുള്ള ബാറ്ററികൾക്കായി കൈനറ്റിക് ഗ്രീനും എക്സൈഡുമായി ധാരണയിലുമെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലെ കൈനറ്റിക് ഗ്രീൻ നിർമാണശാലയിൽ നിന്നാണു ‘സഫർ’ നിരത്തിലെത്തുന്നത്. പ്രതിമാസം 4,000 വൈദ്യുത ത്രീ വീലർ നിർമിക്കാൻ ശാലയ്ക്കു ശേഷിയുണ്ട്. ആവശ്യം വർധിക്കുന്നതിനനുസൃതമായി അഹമ്മദ്നഗർ ശാല വികസിപ്പിക്കാനും ഉത്തരേന്ത്യയിൽ മറ്റൊരു നിർമാണശാല കൂടി സ്ഥാപിക്കാനും കൈനറ്റിക് ഗ്രീൻ ആലോചിക്കുന്നുണ്ട്. ‘സഫർ’ വാങ്ങുന്നവർക്ക് എട്ടോ ഒൻപതോ മാസത്തിനകം മുടക്കുമുതൽ വീണ്ടെടുക്കാനാവുമെന്ന് കൈനറ്റിക് ഗ്രീൻ എനർജി സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സുലജ്ജ ഫിറോദിയ മോട്വാനി വിശദീകരിച്ചു. യാത്രക്കാർക്കാവട്ടെ 10 രൂപ മുടക്കിയാൽ സുഖകരമായ യാത്രയും ലഭ്യമാവും. അവസാനഘട്ട യാത്രാരംഗത്തു വിപ്ലവകരമായ മാറ്റം വരുത്താനും ലക്ഷക്കണക്കിനു ദരിദ്രർക്കും തൊഴിൽ രഹിതർക്കു ജീവിതമാർഗം സൃഷ്ടിക്കാനും ‘സഫറി’നു കഴിയുമെന്നും അവർ അവകാശപ്പെട്ടു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.