ബംഗാളിൽ ശാല സ്ഥാപിക്കാൻ കൈനറ്റിക് ഗ്രീൻ

കൈനറ്റിക് ഗ്രൂപ് ബംഗാളിൽ വൈദ്യുത വാഹന നിർമാണശാല സ്ഥാപിക്കാനുള്ള സാധ്യത തേടുന്നു. മോപ്പഡുകളുടെയും സ്കൂട്ടററ്റുകളുടെയും നിർമാണത്തിൽ വൈദഗ്ധ്യമുള്ള കമ്പനി കഴിഞ്ഞ വർഷമാണു വൈദ്യുത വാഹന മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചത്. ബാറ്ററിയിൽ ഓടുന്ന ഇത്തരം വാഹനങ്ങളുടെ നിർമാണത്തിനു ശാല സ്ഥാപിക്കാനാണു കമ്പനി ബംഗാളിൽ ഭൂമി തേടുന്നത്. ഹരിത വാഹന വ്യവസായത്തിൽ ബംഗാളിനുള്ള സാധ്യതയിൽ പ്രതീക്ഷയേറെയാണെന്നു പുണെ ആസ്ഥാനമായ കൈനറ്റിക് ഗ്രൂപ്പിന്റെ ഹരിതസാങ്കേതിക വിദ്യ വിഭാഗമായ കൈനറ്റിക് ഗ്രീനിന്റെ സ്ഥാപകയും ചെയർപഴ്സനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സുലജ്ജ ഫിറോദിയ മോട്വാനി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തു നിർമാണശാല സ്ഥാപിക്കാൻ കമ്പനിക്ക് ഏറെ ആഗ്രഹമുണ്ട്; കൊൽക്കത്തയ്ക്കോ ഹാൽദിയയ്ക്കോ ഖരഗ്പൂരിനോ സമീപമാവും കമ്പനി പുതിയ പ്ലാന്റ് സ്ഥാപിക്കുകയെന്നും അവർ വിശദീകരിച്ചു. എന്നാൽ ശാലയുടെ ശേഷി സംബന്ധിച്ചോ പദ്ധതിക്കുള്ള നിക്ഷേപത്തെക്കുറിച്ചോ ഒന്നും വ്യക്തമായ ധാരണയായിട്ടില്ലെന്നും അവർ അറിയിച്ചു.
ബംഗാൾ മുഖ്യമന്ത്രി മമ്ത ബാനർജിയെ 2015 ജനുവരിയിലെ ബംഗാൾ ഗ്ലോബൽ ബിസിനസ് സമിറ്റിനിടെ കണ്ടതോടെ സംസ്ഥാനത്തെക്കുറിച്ചുള്ള തന്റെ ധാരണകൾ മാറിയതായി മോട്വാനി വെളിപ്പെടുത്തി. തൊഴിൽ പ്രശ്നങ്ങളും യൂണിയനുകളുടെ അതിപ്രസരവുമൊക്കെയാണെന്ന ധാരണയിൽ അതുവരെ താൻ പശ്ചിമ ബംഗാളിനെ പരിഗണിച്ചിരുന്നതേയില്ല.

അതിനിടെയാണ് ബംഗാൾ ഗ്ലോബൽ ബിസിനസ് സമിറ്റിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത്. തുടർന്നിങ്ങോട്ടു ബംഗാൾ പരവതാനി വിരിച്ചാണു തന്നെ സ്വീകരിച്ചതെന്നു മോട്വാനി വ്യക്തമാക്കി. തൊഴിലവസരം സൃഷ്ടിക്കാൻ താൽപര്യമുള്ള സർക്കാർ നിലവിൽവന്നതോടെ ബംഗാളിന്റെ സമയം തെളിഞ്ഞെന്നും അവർ അഭിപ്രായപ്പെട്ടു. വൈദ്യുത വാഹന വിൽപ്പനയിൽ നിന്ന് 2016 — 17ൽ കൈനറ്റിക് ഗ്രീൻ 300 കോടി രൂപ വരുമാനമാണു ലക്ഷ്യമിടുന്നതെന്നു മോട്വാനി അറിയിച്ചു. മാത്രമല്ല, വരുന്ന 10 വർഷത്തിനകം രാജ്യത്തെ വൈദ്യുത വാഹന വ്യവസായം 10,000 കോടി രൂപയിലെത്തുമെന്നും അവർ പ്രവചിച്ചു.