ഒരു സൈക്കിളിന് പരമാവധി എത്ര നീളം വരും... ഏകദേശം രണ്ട് മീറ്ററിൽ കുറവ്, ഇനി അങ്ങേയറ്റം പോയാൽ ഒരു വലിയ എസ് യുവിയുടെ നീളം. എന്നാൽ കണ്ണഞ്ചിപ്പിക്കുന്ന നീളവുമായി ഗിന്നസ് ബുക്കിൽ കയറിയിരിക്കുകയാണൊരു സൈക്കിൾ. മൂന്ന് വലിയ ബസ്സുകളും ഒരു മിനി ബസും ചേർത്തു നിർത്തിയാൽ എത്ര നീളം വരുമോ അത്രയം നീളവുമായാണ് ഈ സൈക്കിൾ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരിക്കുന്നത്. സൈക്കിളുകളുടെ നാടായ നെതർലാന്‍സിൽ നിന്നാണ് ലോക റെക്കോർഡ് വന്നിരിക്കുന്നത്.
ഏകദേശം 35.79 മീറ്റർ നീളമുണ്ട് ഈ സൈക്കിളിന്, ഓടിക്കുകയും ചെയ്യാം. എന്നാൽ രണ്ട് പേരുവേണം സൈക്കിള്‍ നിയന്ത്രിക്കാൻ. ഒരാൾ മുന്നിലിരുന്ന് നിയന്ത്രിക്കുമ്പോൾ രണ്ടാമത്തെയാൾ പിന്നിലിരുന്നാണ് സൈക്കിൾ ചവിട്ടുന്നത്. സാധാരണ സൈക്കിൾ പോലെ തന്നെ രണ്ടു ചക്രങ്ങൾ മാത്രമുള്ള സൈക്കിൾ തന്നെയാണിത്.
നല്ല ഉറപ്പുള്ള അലുമിനിയം കമ്പികൾ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ നടുഭാഗം റോഡിൽ തട്ടില്ലെന്നും നിർമ്മാതാക്കൾ പറയുന്നു. സൈക്കിൾ വളരെ എളുപ്പത്തിൽ ഉപയോഗിക്കാം എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. വളവുള്ള റോഡുകളിൽകൂടി പോകരുത് എന്നുമാത്രം. അടുത്തവർഷം പുറത്തിറങ്ങുന്ന ഗിന്നസ് ബുക്ക് 2016 ൽ ഈ സൈക്കിളിന്റെ പേരിലുള്ള റെക്കൊർഡുമുണ്ടാകുമെന്നാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ അറിയിച്ചിരിക്കുന്നത്.