സി വി ശ്രേണിയുടെ പൂർണതയ്ക്ക് 700 കോടി മുടക്കാൻ മഹീന്ദ്ര

രണ്ടു വർഷത്തിനകം വാണിജ്യ വാഹന(സി വി) വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ടു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) 700 കോടി രൂപ നിക്ഷേപിക്കാൻ തയാറെടുക്കുന്നു. ഒൻപതു മുതൽ 16 ടൺ വരെ ഭാരവാഹക ശേഷിയുള്ള വാഹനങ്ങളുടെ വിഭാഗത്തിൽ കൂടി ഇടം നേടി സി വി രംഗത്തു സമ്പൂർണ ശ്രേണി അവതരിപ്പിക്കാനാണു മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷൻ(എം ടി ബി ഡി) ലക്ഷ്യമിട്ടിരിക്കുന്നത്.

വാണിജ്യ വാഹന വിഭാഗത്തിൽ സമ്പൂർണ സാന്നിധ്യമാണു കമ്പനി ആഗ്രഹിക്കുന്നതെന്ന് എം ആൻഡ് എം ട്രക്ക് ആൻഡ് പവർ ട്രെയിൻ വിഭാഗം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ രാജൻ വധേര അറിയിച്ചു. നിലവിൽ ഒൻപതു മുതൽ 16 ടൺ വരെ ഭാരവാഹക ശേഷിയുള്ള വാഹനങ്ങളുടെ വിഭാഗത്തിലാണു കമ്പനിക്കു സാന്നിധ്യമില്ലാത്തത്. ഈ വിടവ് നികത്താൻ 700 കോടി രൂപ മുടക്കാനും വൈകാതെ ആറു മുതൽ 49 ടൺ വരെ ഭാരവാഹക ശേഷിയുള്ള സി വി കളുടെ സമ്പൂർണ ശ്രേണി അവതരിപ്പിക്കാനുമാണു കമ്പനിയുടെ ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.

പുതിയ മോഡൽ വികസനത്തിനുള്ള നടപടികൾക്കു കമ്പനി കഴിഞ്ഞ വർഷം തന്നെ തുടക്കം കുറിച്ചിരുന്നു. ഇന്റർമീഡിയറ്റ് സി വി(ഐ സി വി)കളും മീഡിയം സി വി(എം സി വി)കളും പുറത്തിറക്കുന്നതിനൊപ്പം ലഘുവാണിജ്യ വാഹന(എൽ സി വി)ങ്ങൾ പരിഷ്കരിക്കാനും ഭാര വാണിജ്യ വാഹന(എച്ച് സി വി) വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാനുമാണു കമ്പനിയുടെ പരിപാടി.

ഐ സി വി, എം സി വി വിഭാഗങ്ങളിൽ പുത്തൻ മോഡലുകൾ പുറത്തിറക്കുന്നതിനൊപ്പം തന്നെ എൽ സി വി മോഡൽനിര സമഗ്രമായി പരിഷ്കരിക്കുമെന്ന് വധേര അറിയിച്ചു. വർഷാവസാനത്തോടെ 49 ടൺ ഭാരവാഹക ശേഷിയുള്ള പുതിയ എച്ച് സി വി അവതരിപ്പിച്ചാവും ഈ മേഖലയിൽ കമ്പനി സാന്നിധ്യം ശക്തമാക്കുക. ഏതാനും പാദങ്ങളായി വാണിജ്യ വാഹന വ്യവസായം തിരിച്ചുവരവിന്റെ ശക്തമായ സൂചന നൽകുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ചരക്ക് സേവന നികുതി(ജി എസ് ടി) നടപ്പാവുന്നതിനു മുന്നോടിയായി വാണിജ്യ വാഹന വിഭാഗത്തിലെ മോഡൽ ശ്രേണിക്കു പൂർണത നേടുകയാണു മഹീന്ദ്രയുടെ ലക്ഷ്യം. പുതിയ നികുതി ഘടന നടപ്പാവുന്നതോടെ ലഭ്യമാവുന്ന സാധ്യതകൾ പ്രയോജനപ്പെടുത്താൻ സി വി മേഖലയിലെ വിടവ് നികത്തേണ്ടത് അത്യാവശ്യമാണെന്നു കമ്പനി കരുതുന്നു. ജി എസ് ടി നടപ്പാവുമ്പോൾ ലോജിസ്റ്റിക്സ് മേഖലയിൽ വ്യാപക മാറ്റങ്ങൾ സംഭവിക്കുമെന്നു വധേര അഭിപ്രായപ്പെട്ടു. ഈ സാഹചര്യം പ്രയോജനപ്പെടുത്താൻ സി വി ശ്രേണി സമ്പൂർണമാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുണെയ്ക്കടുത്ത് ചക്കനിൽ നിന്നുള്ള ഭാര വാണിജ്യ വാഹന ഉൽപ്പാദനം 15,000 യൂണിറ്റിലെത്തിയതായും എം ടി ബി ഡി അറിയിച്ചു. ഒപ്പം ലഘു വാണിജ്യ വാഹന വിഭാഗത്തിൽ കമ്പനിയുടെ മൊത്തം വിൽപ്പന 1.25 ലക്ഷം യൂണിറ്റിലുമെത്തി.