മഹാതിർ മുഹമ്മദ് പ്രോട്ടോൺ ചെയർമാൻ പദമൊഴിഞ്ഞു

സർക്കാർ ഉടമസ്ഥതയിലുള്ള കാർ നിർമാണ സ്ഥാപനമായ പ്രോട്ടോൺ ഹോൾഡിങ്സിന്റെ ചെയർമാൻ സ്ഥാനം മലേഷ്യൻ പ്രധാനമന്ത്രിയായിരുന്ന മഹാതിർ മുഹമ്മദ് രാജിവച്ചു. മാർച്ച് 30 മുതൽ പ്രാബല്യത്തോടെ പ്രോട്ടോന്റെ ചെയർമാൻ പദവി രാജി വയ്ക്കാനാണു 1981 — 2003 കാലത്തു മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്ന മഹാതിർ മുഹമ്മദിന്റെ തീരുമാനം. രാജ്യത്തിന്റെ മുഖമുദ്രയാവുന്ന കാർ രൂപകൽപ്പന ചെയ്യാനും മലേഷ്യയുടെ വാഹന വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് 1983ലാണു പ്രോട്ടോൺ സ്ഥാപിതമായത്. പൊതുമേഖലയിൽ കാർ നിർമാണശാല സ്ഥാപിക്കുകയും കമ്പനിക്കു ഫലപ്രദമായ നേതൃത്വം നൽകുകയും ചെയ്ത മുഹമ്മദിന്റെ സേവനങ്ങൾക്കു പ്രോട്ടോൺ കൃതജ്ഞത രേഖപ്പെടുത്തി. ഇതോടൊപ്പം പെട്രോണാസ് ടെക്നോളജി യൂണിവേഴ്സിറ്റിയുടെ ചാൻസലർ പദത്തിൽ നിന്നും മഹാതിർ മുഹമ്മദ് രാജിവച്ചിട്ടുണ്ട്. രണ്ടു വികസന അതോറിട്ടികളിലെ ഉപദേശക സ്ഥാനവും അദ്ദേഹം ഉപേക്ഷിച്ചു. പൊതുമേഖല എണ്ണ, വാതക കമ്പനിയായ പെട്രോണാസിന്റെ ഉപദേശകനായിരുന്ന മുഹമ്മദ് രണ്ടാഴ്ച മുമ്പാണ് ആ സ്ഥാനത്തെ സേവനം അവസാനിപ്പിച്ചത്.

വാഹനങ്ങൾ മുതൽ കെട്ടിടങ്ങൾ വരെ നിർമിക്കുന്ന ഗ്രൂപ്പായ ഡി ആർ ബി — ഹൈകോം ബെർഹാദാണു നിലവിൽ പ്രോട്ടോൺ ഹോൾഡിങ്സിന്റെ ഉടമസ്ഥർ. സമീപകാലത്തായി നിലനിൽപ്പിനായി പൊരുതുന്ന മലേഷ്യൻ കാർ നിർമാതാക്കളായ പ്രോട്ടോൺ ഹോൾഡിങ്സ് ബെർഹാദ് കഴിഞ്ഞ ജൂണിൽ ജപ്പാനിലെ സുസുക്കി മോട്ടോർ കോർപറേഷ(എസ് എം സി)നുമായി സഹകരിക്കാൻ തീരുമാനിച്ചിരുന്നു. മലേഷ്യൻ വിപണിക്കായി പുതിയ എൻട്രി ലവൽ കാർ വികസിപ്പിക്കാൻ ഇരുവരും സഹകരിക്കുന്നത്.മലേഷ്യയിലെ ആദ്യ കാർ നിർമാതാക്കളെന്ന പെരുമ പേറുന്ന പ്രോട്ടോണിനു നിലവിൽ 17% വിപണി വിഹിതമുണ്ട്. 2014ൽ കമ്പനി വിറ്റത് 1.16 ലക്ഷം കാറുകളായിരുന്നു. മലേഷ്യൻ വിപണിയി ലക്ഷ്യമിട്ടുള്ള പുതിയ കാർ നിർമിക്കാനുള്ള സമ്പൂർണ(സി കെ ഡി) കിറ്റുകൾ സുസുക്കി ലഭ്യമാക്കുമെന്നാണു കരാർ.

പ്രതാപകാലത്തു മലേഷ്യൻ നിരത്തുകളെ അടക്കിവാണിരുന്ന പ്രോട്ടോന്റെ പ്രവർത്തനം, വിദേശ കാർ നിർമാതാക്കളിൽ നിന്നുള്ള ശക്തമായ മത്സരം നേരിടാനാവാതെ കനത്ത നഷ്ടത്തിലായിട്ടുണ്ട്. ഈ പ്രതിസന്ധിയിൽ നിന്നു കരകയറാനും നഷ്ടപ്രതാപം വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണു പ്രോട്ടോൺ പങ്കാളിയായി സുസുക്കിയെ സ്വീകരിച്ചിരിക്കുന്നത്. ഈ ഓഗസ്റ്റോടെ സുസുക്കിയുമായി ചേർന്നു വികസിപ്പിക്കുന്ന പുതിയ കോംപാക്ട് കാർ പ്രോട്ടോന്റെ താഞ്ചുങ് മാലിം പ്ലാന്റിൽ നിന്ന് പുറത്തിറക്കാനാണു നീക്കം. പ്രോട്ടോണും എസ് എം സിയും വിശദ പഠനം നടത്തിയാവും കൂടുതൽ പുതിയ മോഡലുകളുടെ അവതരണം സംബന്ധിച്ച് തീരുമാനമെടുക്കുക. ഭാവിയിൽ പ്രോട്ടോൺ നിർമിക്കുന്ന മോഡലുകളിൽസുസുക്കിയിൽ നിന്നുള്ള എൻജിനുകളും ട്രാൻസ്മിഷനുകളുമൊക്കെ ഉപയോഗിക്കാനുള്ള സാധ്യതയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.