Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുസുക്കി — പ്രോട്ടോൺ ധാരണ: പ്രതീക്ഷയോടെ മാരുതി

Maruti Alto K10

ജപ്പാനിലെ സുസുക്കി മോട്ടോർ കോർപറേഷ(എസ് എം സി)നും നിലനിൽപ്പിനായി പൊരുതുന്ന മലേഷ്യൻ കാർ നിർമാതാക്കളായ പ്രോട്ടോൺ ഹോൾഡിങ്സ് ബെർഹാദുമായുള്ള ധാരണ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനു ഗുണം ചെയ്യാൻ സാധ്യത. മലേഷ്യൻ വിപണിക്കായി പുതിയ എൻട്രി ലവൽ കാർ വികസിപ്പിക്കാൻ ഇരുവരും തീരുമാനിച്ചതാണു മാരുതി സുസുക്കിയുടെ കയറ്റുമതി മോഹങ്ങൾക്കു ചിറകേകുന്നത്.

മലേഷ്യയിലെ ആദ്യ കാർ നിർമാതാക്കളെന്ന പെരുമയോടെ 1983ൽ സ്ഥാപിതമായ പ്രോട്ടോണിനു നിലവിൽ 17% വിപണി വിഹിതമുണ്ട്. 2014ൽ കമ്പനി വിറ്റത് 1.16 ലക്ഷം കാറുകളായിരുന്നു. മലേഷ്യൻ വിപണിയി ലക്ഷ്യമിട്ടുള്ള പുതിയ കാർ നിർമിക്കാനുള്ള സമ്പൂർണ(സി കെ ഡി) കിറ്റുകൾ സുസുക്കി ലഭ്യമാക്കുമെന്നാണു കരാർ.

പ്രതാപകാലത്തു മലേഷ്യൻ നിരത്തുകളെ അടക്കിവാണിരുന്ന പ്രോട്ടോന്റെ പ്രവർത്തനം, വിദേശ കാർ നിർമാതാക്കളിൽ നിന്നുള്ള ശക്തമായ മത്സരം നേരിടാനാവാതെ കനത്ത നഷ്ടത്തിലായിട്ടുണ്ട്. ഈ പ്രതിസന്ധിയിൽ നിന്നു കരകയറാനും നഷ്ടപ്രതാപം വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണു പ്രോട്ടോൺ പങ്കാളിയായി സുസുക്കിയെ സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ 15ന് ഒപ്പിട്ട കരാർ പ്രകാരം 2016 ഓഗസ്റ്റിലാണു പുതിയ കോംപാക്ട് കാർ പ്രോട്ടോന്റെ താഞ്ചുങ് മാലിം പ്ലാന്റിൽ നിന്ന് പുറത്തിറങ്ങുക. പ്രോട്ടോണും എസ് എം സിയും വിശദ പഠനം നടത്തിയാവും കൂടുതൽ പുതിയ മോഡലുകളുടെ അവതരണം സംബന്ധിച്ച് തീരുമാനമെടുക്കുക. ഭാവിയിൽ പ്രോട്ടോൺ നിർമിക്കുന്ന മോഡലുകളിൽസുസുക്കിയിൽ നിന്നുള്ള എൻജിനുകളും ട്രാൻസ്മിഷനുകളുമൊക്കെ ഉപയോഗിക്കാനുള്ള സാധ്യതയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ഉപസ്ഥാപനമായ മാരുതി സുസുക്കിയിൽ സുസുക്കിക്ക് 56% ഓഹരി പങ്കാളിത്തമുണ്ട്; ആഗോളതലത്തിൽ തന്നെ സുസുക്കിക്ക് ഏറ്റവുമധികം ലാഭം നേടിക്കൊടുക്കുന്ന ഉപസ്ഥാപനവും മാരുതിയാണ്. പോരെങ്കിൽ മറ്റു കമ്പനികൾക്കായി കരാർ വ്യവസ്ഥയിൽ വാഹന നിർമാണം നടത്തിയുള്ള പരിചയവും മാരുതി സുസുക്കിക്കു സ്വന്തമാണ്. മാരുതിയുടെ ചെറുകാറായ ‘എ സ്റ്റാറി’നെ നിസ്സാൻ മോട്ടോർ വാങ്ങി ‘പിക്സോ’ എന്ന പേരിൽ യൂറോപ്യൻ വിപണിയിൽ വിറ്റിരുന്നു. ഇതുവഴി പ്രതിവർഷ കയറ്റുമതി അരലക്ഷം യൂണിറ്റോളം ഉയർത്താനും മാരുതിക്കു സാധിച്ചു. ഇപ്പോഴാവട്ടെ ഇന്തൊനീഷയിൽ നിർമിച്ചു വിൽക്കുന്ന ‘എർട്ടിഗ’ എം പി വിക്കുള്ള കിറ്റുകൾ ലഭ്യമാക്കുന്നതും മാരുതി സുസുക്കിയാണ്.

ചെറുകാർ വിഭാഗത്തിൽ വിപുലമായ മോഡൽ ശ്രേണിയാണു മാരുതിയുടെ മറ്റൊരു നേട്ടം. ഒരു ലീറ്ററിൽ താഴെ ശേഷിയുള്ള എൻജിൻ ഘടിപ്പിച്ച ‘സെലേറിയൊ’, ‘വാഗൻ ആർ’, ‘ഓൾട്ടോ’, ‘ഓൾട്ടോ 800’ എന്നിവരെല്ലാം മാരുതി സുസുക്കി ഇന്ത്യയിൽ വിൽക്കുന്നുണ്ട്.