Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബർഗ്മാൻ സ്ട്രീറ്റ് വെറും സ്കൂട്ടറല്ല, മാക്സി സ്കൂട്ടർ

suzuki-burgman Suzuki Burgman Street

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ സുസുക്കി പ്രദർശിപ്പിച്ച ‘ബർഗ്മാൻ സ്ട്രീറ്റ് 125’ ഈ 19ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. ഇതോടെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ആദ്യ മാക്സി സ്കൂട്ടറുമാവും ‘ബർഗ്മാൻ’. ‘അക്സസ് 125 എസ് ഇ’യെ അപേക്ഷിച്ച് 5,000 മുതൽ 7,000 രൂപ വരെ അധികം ഈടാക്കിയാവും സുസുക്കി ‘ബർഗ്മാൻ സ്ട്രീറ്റ്’ വിൽക്കുകയെന്നാണു സൂചന; ഡൽഹി ഷോറൂമിൽ 60,580 രൂപയാണ് ‘അക്സസ് 125 എസ് ഇ’ക്കു വില.

രാജ്യാന്തര വിപണികളിൽ 125 മുതൽ 600 സി സി വരെ ശേഷിയുള്ള എൻജിനുകളുമായി സുസുക്കി ‘ബർഗ്മാൻ’ ലഭ്യമാക്കുന്നുണ്ട്. എന്നാൽ ‘ഇൻട്രൂഡർ’ പോലെ ഇന്ത്യൻ വിപണി മാത്രം ലക്ഷ്യമിട്ടാണ് ‘ബർഗ്മാൻ സ്ട്രീറ്റ്’ എത്തുന്നത് എന്നതിനാൽ 125 സി സി എൻജിനാണു സുസുക്കി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിൽ 125 സി സി സ്കൂട്ടറുകൾക്ക് പഞ്ഞമില്ലാത്ത സാഹചര്യത്തിൽ കടുത്ത മത്സരമാണ് ‘ബർഗ്മാൻ സ്ട്രീറ്റി’നെ കാത്തിരിക്കുന്നത്. ഹോണ്ട ‘ഗ്രാസ്യ’, ‘ആക്ടീവ 125’, ടി വി എസ് ‘എൻടോർക്’, ‘ഏപ്രിലിയ എസ് ആർ 125’ എന്നിവയ്ക്കൊപ്പം ഹീറോ മോട്ടോ കോർപ് പുറത്തിറക്കാനിരിക്കുന്ന ‘മാസ്ട്രോ എഡ്ജ്’, ‘ഡ്യുവറ്റ് 125’ എന്നിവയും ‘ബർഗ്മാ’നെ നേരിടാനുണ്ടാവും.

പരമ്പരാഗത സ്കൂട്ടറുകളെ അപേക്ഷിച്ച് വലിപ്പമേറിയ ബോഡി ഷെല്ലും വലിയ മുൻ ഏപ്രണും ഉയരമേറിയ വിൻഡ് സ്ക്രീനുമൊക്കെയായിട്ടാവും ‘ബർഗ്മാൻ സ്ട്രീറ്റി’ന്റെ വരവ്. കൂടാതെ സുസുക്കിയുടെ ഇന്ത്യൻ ശ്രേണിയിൽ ഇതാദ്യമായി എൽ ഇ ഡി ഹെഡ്ലാംപും ‘ബർഗ്മാൻ സ്ട്രീറ്റി’ലൂടെ അരങ്ങേറും.  അലോയ് വീൽ സഹിതമെത്തുന്ന സ്കൂട്ടറിന് സ്റ്റെപ് അപ് രീതിയിലുള്ള സിംഗിൾ സീറ്റാണ്. മൾട്ടി ഫംക്ഷൻ കീ സ്ലോട്ട്, സീറ്റിന് അടിയിൽ വിശാലമായ സംഭരണസ്ഥലം, 12 വോൾട്ട് ചാർജിങ് സോക്കറ്റ്, എൽ ഇഡി ടെയിൽ ലാംപ് തുടങ്ങിയവയും സ്കൂട്ടറിലുണ്ട്. കൂടാതെ സുസുക്കിയുടെ ഇന്ത്യൻ സ്കൂട്ടർ ശ്രേണിയിൽ ഇതാദ്യമായി ഡിജിറ്റൽ ഇൻസ്ട്രമെന്റ് കൺസോളും ‘ബർഗ്മാൻ സ്ട്രീറ്റി’ൽ യാഥാർഥ്യമാവും. 

‘അക്സസി’ന്റെ ഫ്രെയിമിലാണു സുസുക്കി ‘ബർഗ്മാൻ സ്ട്രീറ്റ്’ സാക്ഷാത്കരിക്കുന്നത്; സ്കൂട്ടറിലെ 125 സി സി എൻജിൻ കടമെടുത്തതും ‘അക്സസി’ൽ നിന്നു തന്നെ. 124.3 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണു സ്കൂട്ടറിനു കരുത്തേകുക; 6,500 ആർ പി എമ്മിൽ 8.6 ബി എച്ച് പി വരെ കരുത്തും 5,000 ആർ പി എമ്മിൽ 10.2 എൻ എം ടോർക്കുമാണ് ‘അക്സസി’ൽ ഈ എൻജിൻ സൃഷ്ടിക്കുക. ‘ബർഗ്മാൻ സ്ട്രീറ്റി’ലും എൻജിന്റെ പ്രകടനക്ഷമതയ്ക്കു മാറ്റമുണ്ടാവാൻ സാധ്യതയില്ല. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ സിംഗിൾ ഷോക് അബ്സോബറുമാണു 110 കിലോഗ്രാം ഭാരമുള്ള ‘ബർഗ്മാൻ സ്ട്രീറ്റി’ന്റെ സസ്പെൻഷൻ.