മമത സമരം തുടരും; ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്കി
Mail This Article
ന്യൂഡൽഹി∙ ഭരണഘടന സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. വെള്ളിയാഴ്ച വരെ സത്യഗ്രഹം തുടരുമെന്ന് അവർ വ്യക്തമാക്കി. സിബിഐക്ക് എതിരെയല്ല, കേന്ദ്രസര്‍ക്കാരിന് എതിരെയാണു സമരമെന്നും അവർ വ്യക്തമാക്കി.
അതേസമയം, ബംഗാളിലെ സ്ഥിതിഗതികളെക്കുറിച്ച് ഗവർണർ അയച്ച റിപ്പോർട്ട് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചു. റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു. ചിട്ടി തട്ടിപ്പു കേസുകളിലെ സിബിഐ അന്വേഷണം തടസപ്പെടുത്താന്‍ ബംഗാള്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്നു സംസ്ഥാനത്ത് ഉടലെടുത്ത സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊല്‍ക്കത്ത പൊലീസിനോടു നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു.
കൊല്‍ക്കത്തയില്‍ നടന്നത് സമാനതകളില്ലാത്ത സംഭവമെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സിബിഐ സംഘം പോയത് സുപ്രീംകോടതി അനുമതിയോടെയാണെന്നു ലോക്സഭയിൽ വ്യക്തമാക്കി. ചിട്ടി തട്ടിപ്പുകേസ് അന്വേഷണം തടയാനാണ് മമത സര്‍ക്കാര്‍ ശ്രമിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് ജോലിചെയ്യാന്‍ ബംഗാള്‍ സര്‍ക്കാര്‍ സാഹചര്യമൊരുക്കണമെന്നും ആഭ്യന്തരമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. അതിനിടെ, സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നേരത്തേ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഗവര്‍ണറെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞിരുന്നു.
ബംഗാൾ സർക്കാർ നടപടിക്കെതിരെ സിബിഐ സമർപ്പിച്ച ഹർജി ഇന്നു കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. നാളെ വാദം കേൾക്കും. ഇന്നുതന്നെ വാദം കേൾക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. എന്താണു തിടുക്കമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ് ചോദിച്ചു. ബംഗാളിൽ അസാധാരണ സാഹചര്യമാണെന്നു സോളിസിറ്റർ ജനറൽ അറിയിച്ചെങ്കിലും തെളിവു ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ബംഗാൾ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കുമെതിരെയാണു സിബിഐ കോടതിയെ സമീപിച്ചത്. ബംഗാളിൽ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള തൽസമയ വിവരങ്ങള്‍ ‘ലൈവ് അപ്ഡേറ്റ്സിൽ’.