കെഎസ്ആർടിസി നിയമനം പിഎസ്‍സി വഴി മതിയെന്ന് ഹൈക്കോടതി; തിരിച്ചടി
Mail This Article
കൊച്ചി∙ കെഎസ്ആർടിസിയിൽ നിന്നു പിരിച്ചു വിടപ്പെട്ട എംപാനൽ ജീവനക്കാരുടെ ആവശ്യങ്ങൾ ഹൈക്കോടതി തള്ളി. പിഎസ്‍സി റാങ്ക് ഹോൾഡേഴ്സ് കേസിലെ വിധി കെഎസ്ആർടിസിക്കു ബാധകമാണ്. അതുകൊണ്ടു തന്നെ ഒഴിവുകൾ പിഎസ്‍സി വഴി നികത്തണമെന്ന് പിഎസ്‍സി അഡ്വൈസ് മെമ്മോ കിട്ടിയവരുടെ അപ്പീൽ അംഗീകരിച്ചുകൊണ്ടു ഹൈക്കോടതി കെഎസ്ആർടിസിയോടു നിർദേശിച്ചു.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ടു തർക്കമുണ്ടങ്കിൽ എം പാനൽ ജീവനക്കാർക്കു വ്യാവസായിക തർക്കപരിഹാര കോടതിയെ സമീപിക്കാം. എംപാനൽ കണ്ടക്ടർമാർ ഇത്രയും നാൾ ജോലി ചെയ്തതിനാൽ അവർക്കു നിയമപരമായ അവകാശങ്ങളുണ്ട്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യാൻ എം പാനൽ ജീവനക്കാരെ ആരും നിർബന്ധിച്ചിരുന്നില്ല. എം.പാനൽ ജീവനക്കാർക്ക് കെഎസ്ആർടിസി വ്യാജ പ്രതീക്ഷ നൽകി. ഒഴിവുകളെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ കെഎസ്ആർടിസി തയാറായില്ലെന്നും ഹൈക്കോടതി വിമർശിച്ചു.
അടിയന്തര ഘട്ടങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുന്ന താൽക്കാലിക ജീവനക്കാരുടെ സർവീസ് 180 ദിവസത്തിൽ കൂടരുതെന്നാണ് സർവീസ് ചട്ടം. തുടർന്ന് കെഎസ്ആർടിസിയിലെ ഒഴിവുകൾ സമയാസമയം പിഎസ്‍സിക്കു റിപ്പോർട്ട് ചെയ്യണം. നിയമനത്തിൽ തർക്കങ്ങൾ ഉണ്ടായാൽ മാത്രമേ സർക്കാർ ഇടപെടേണ്ടതുള്ളൂ എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിവ് വി. ചിദംബരേഷ്, ജസ്റ്റിസ് നാരായണപ്പിഷാരടി എന്നിവരടങ്ങിയ ഡിവഷൻ ബെഞ്ചാണ് കേസ് തീർപ്പാക്കിയത്.