എൻജിൻ കംപാർട്ട്മെന്റിലെ ഫ്ളൂയിഡ് ഹോസ് തകരാറിന്റെ പേരിൽ പുതുതലമുറ ‘സ്കോർപിയൊ’യും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘നുവൊസ്പോർട്ടും’ തിരിച്ചുവിളിക്കാൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഒരുങ്ങുന്നു. ഈ തകരാറിന്റെ പേരിൽ എത്ര വാഹനങ്ങളാണു തിരിച്ചുവിളിച്ചു പരിശോധിക്കുന്നതെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല.
എൻജിൻ കംപാർട്ട്മെന്റിൽ ഫ്ളൂയിഡ് ഹോസ് സ്ഥാപിച്ച സ്ഥാനത്തിലെ പിഴവു മൂലം അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും മുൻകരുതൽ എന്ന നിലയിലാണു വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നതെന്നും മഹീന്ദ്ര ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി(ബി എസ് ഇ)നെ അറിയിച്ചു. 2016 ജൂൺ വരെ നിർമിച്ച ‘സ്കോർപിയൊ’യും ‘നുവൊസ്പോർട്ടു’മാണു തിരിച്ചുവിളിച്ചു പരിശോധിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. പരിശോധന ആവശ്യമുള്ള വാഹന ഉടമകളെ നേരിട്ടു വിവരം അറിയിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു. അവശ്യമുള്ള പക്ഷം അറ്റകുറ്റപ്പണി സൗജന്യമായി നടത്തുമെന്നാണു കമ്പനിയുടെ വാഗ്ദാനം.
വാഹന ഉടമകൾക്ക് മികച്ച സേവനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് മുൻകരുതലെന്ന നിലയിൽ ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം) പ്രഖ്യാപിച്ച വോളന്ററി കോഡ് ഓൺ വെഹിക്കിൾ റീകോൾ പ്രകാരം ഈ നടപടി സ്വീകരിച്ചതെന്ന് മഹീന്ദ്ര വിശദീകരിച്ചു. പിൻ ഡ്രൈവ്ഷാഫ്റ്റിൽ വിള്ളൽ സംശയിച്ചു കഴിഞ്ഞ മാസം കമ്പനി സാങ്യങ് ‘റെക്സ്റ്റൻ’ എസ് യു വികളും തിരിച്ചുവിളിച്ചു പരിശോധിച്ചിരുന്നു. എന്നാൽ എത്ര വാഹനങ്ങളാണു തിരിച്ചുവിളിച്ചു പരിശോധിച്ചതെന്നു മഹീന്ദ്ര വ്യക്തമാക്കിയില്ല.