ഇന്ത്യൻ ആഡംബര കാർ വിപണിയിലെ മേധാവിത്തം നിലനിർത്താൻ ജർമൻ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് കുതിപ്പ് തുടരുന്നു. കഴിഞ്ഞ ജനുവരി — സെപ്റ്റംബർ കാലത്തെ വിൽപ്പനയിൽ മുൻവർഷം ഇതേകാലത്തെ അപേക്ഷിച്ച് 34% വളർച്ച കൈവരിച്ച കമ്പനി സെപ്റ്റംബറിനകം 10,079 യൂണിറ്റിന്റെ വിൽപ്പനയും സ്വന്തമാക്കി. ഇതോടെ 2014ൽ കമ്പനി രേഖപ്പെടുത്തിയ മൊത്തം വിൽപ്പനയാണ് ഈ വർഷം അവസാനിക്കാൻ മൂന്നു മാസം ബാക്കി നിൽക്കെ തന്നെ മെഴ്സീഡിസ് ബെൻസ് ഇന്ത്യ നേടിയിരിക്കുന്നത്.
പുതിയ അവതരണങ്ങളായ ‘സി എൽ എ ക്ലാസ്’, ‘സി ക്ലാസ്’, ‘ഇ ക്ലാസ്’ എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ചതെന്നാണു കമ്പനിയുടെ വിലയിരുത്തൽ. സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിഭാഗവും മികച്ച സ്വീകാര്യതയാണു കൈവരിക്കുന്നത്.
മെഴ്സീഡിസ് ബെൻസ് ശ്രേണിയിലെ സെഡാനുകളുടെ വിൽപ്പനയിൽ ജനുവരി — സെപ്റ്റംബർ കാലത്ത് 39% വളർച്ചയാണു രെഖപ്പെടുത്തിയത്. ഇതേ കാലത്തിനിടെ എസ് യു വി വിൽപ്പനയിൽ 70% വർധന നേടാനും കമ്പനിക്കായി. കോംപാക്ട ക്രോസോവറായ ‘ജി എൽ എ ക്ലാസ്’ ആണു തകർപ്പൻ പ്രകടനം കാഴ്ചവച്ചത്; ‘എം’, ‘ജി എൽ’ ക്ലാസ് മോഡലുകളും മികച്ച പിന്തുണ നൽകി. മുമ്പത്തെ ‘എം ക്ലാസ്’ ഈ 14ന് ‘ജി എൽ ഇ ക്ലാസ്’ എന്ന പുതിയ പേരിൽ പുറത്തിറക്കാൻ കമ്പനി തയാറെടുക്കുകയാണ്; ഇതുകൂടിയെത്തുന്നതോടെ എസ് യു വി വിഭാഗത്തിലെ വിൽപ്പന കൂടുതൽ ഉഷാറാവുമെന്നാണു പ്രതീക്ഷ.
സാധാരണ മോഡലുകൾക്കൊപ്പം പ്രകടനക്ഷമതയേറിയ വാഹനങ്ങൾ ഇടംപിടിക്കുന്ന എ എം ജി സബ് ബ്രാൻഡിൽ നിന്നും ആഡംബരത്തിലെ അവസാനവാക്കായി കമ്പനി അവതരിപ്പിക്കുന്ന മേബാ ശ്രേണിയിൽ നിന്നും മെഴ്സീഡിസ് ബെൻസ് ഇന്ത്യയ്ക്കു മികച്ച പിന്തുണ ലഭിച്ചു. ഇക്കൊല്ലം ഇന്ത്യയ്ക്കായി അനുവദിച്ച ‘മേബാ എസ് 500’ പൂർണമായും വിറ്റഴിഞ്ഞു. ഒപ്പം ഇന്ത്യയിൽ നിർമിക്കുന്ന ‘എസ് 500’ കാറിനുള്ള ബുക്കിങ്ങും പുരോഗതിയിലാണ്.
ആഡംബര കാർ വിഭാഗത്തിൽ ഇന്ത്യയിൽ ഏറ്റവും മികച്ച വിപണന ശൃംഖലയുള്ളതും മെഴ്സീഡിസ് ബെൻസിനു ഗുണകരമാവുന്നു. 39 നഗരങ്ങളിലായി 80 ഡീലർഷിപ്പുകളാണു കമ്പനിക്കുള്ളത്; ഇതിൽ 12 എണ്ണമാവട്ടെ കഴിഞ്ഞ ജനുവരി — സെപ്റ്റംബർ കാലത്തു തുറന്നവയുമാണ്.
ഇന്ത്യയിൽ കമ്പനിയുടെ വിജയക്കുതിപ്പ് തുടരുകയാണെന്നു മെഴ്സീഡിസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ റോളണ്ട് ഫോൾജർ വ്യക്മതാക്കി. പ്രതീക്ഷിച്ച പ്രകടനമാണു കഴിഞ്ഞ മൂന്നു പാദങ്ങളിൽ കമ്പനി കാഴ്ചവച്ചത്. കാർ വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ചു മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കാൻ വരുംമാസങ്ങളിലും സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.