ഒല ഓട്ടോറിക്ഷാ സർവീസ് കേരളത്തിലും

കാർ സർവീസിനു പിന്നാലെ ഒല ഓട്ടോറിക്ഷാ സർവീസും കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ചു. തുടക്കത്തിൽ 250–ലധികം ഓട്ടോകളാണ് ഒല മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള ഓട്ടോ സർവീസിന് കൊച്ചിയിൽ എത്തുന്നത്. ആറു മാസത്തിനുള്ളിൽ ഈ ശൃംഖലയിലെ ഓട്ടോകളുടെ എണ്ണം ആയിരത്തിനു മുകളിൽ എത്തിക്കും. കിലോമീറ്ററിന് അഞ്ചു രൂപയ്ക്കു യാത്ര ചെയ്യാം. കുറഞ്ഞ നിരക്ക് 25 രൂപയാണ്. റൈഡ് ടൈം ചാർജ് മിനിറ്റിന് ഒരു രൂപയാണ്. രാത്രിയിൽ സാധാരണ ചാർജിന്റെ ഒന്നര ഇരട്ടി നൽകിയാൽ മതി.

കേരളത്തിലെ രണ്ടു നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തെ 71 നഗരങ്ങളിൽ ഈ സൗകര്യമിപ്പോൾ ലഭ്യമാണ്. ഏതാണ്ട് 1,20,000 ഓട്ടോറിക്ഷകൾ ഒല മൊബൈൽ ആപ്പിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊച്ചിയെപ്പോലെ കൂടുതൽ നഗരങ്ങളെ ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി ബന്ധിപ്പിക്കുവാൻ കമ്പനി ഉദ്ദേശിക്കുന്നു. മുംബൈ ഐഐടിയിൽ വിദ്യാർഥികളായിരുന്ന ബാവിഷ് അഗർവാളും അങ്കിത് ഭട്ടിയും ചേർന്ന് 2011–ൽ ആരംഭിച്ചതാണ് വ്യക്തിഗത യാത്രയ്ക്കുള്ള ഈ ഒല എന്ന മൊബൈൽ ആപ്. ഇന്ന് 102 നഗരങ്ങളിലെ യാത്രക്കാർക്ക് 3,50,000 കാബ്, 80,000 ഓട്ടോറിക്ഷ എന്നിവയിൽ യാത്രയ്ക്കു ബുക്ക് ചെയ്യാം.