Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10,000 വൈദ്യുതവാഹനം കൂടി അവതരിപ്പിക്കാൻ ഓല

ola-electric Ola

അടുത്ത വർഷത്തോടെ ബാറ്ററിയിൽ ഓടുന്ന 10,000 വാഹനങ്ങൾ കൂടി നിരത്തിലിറക്കാൻ ഓൺലൈൻ റൈഡ് ഹെയ്ലിങ് കമ്പനിയായ ഓല കാബ്സിനു പദ്ധതി. രാജ്യത്തെ വിവിധ നഗരങ്ങളിലായി ബാറ്ററിയിൽ ഓടുന്ന 10,000 ത്രിചക്രവാഹനങ്ങൾ അവതരിപ്പിക്കാനാണ് ഓലയുടെ നീക്കം. നിലവിൽ മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഓല കാബ്സ് പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുത കാറുകൾ ത്രിചക്രവാഹനങ്ങളും ഉപയോഗിക്കുന്നത്.

ഓരോ തവണ ചാർജ് ചെയ്യുമ്പോഴും പരിമിതദൂരമാണ് ഓടുന്നതെന്നും ബാറ്ററി പൂർണതോതിൽ ചാർജ് ചെയ്യാൻ അധിക സമയമെടുക്കുന്നെന്നുമൊക്കെ നാഗ്പൂരിലെ ഡ്രൈവർമാർ പരാതിപ്പെടുന്നതിനിടയിലും വൈദ്യുതീകരണവുമായി മുന്നോട്ടു പോകാനാണ് ഓലയുടെ നീക്കം. 2021 ആകുന്നതോടെ രാജ്യത്തെ ഓൺലൈൻ കാബ് ശൃംഖലയിൽ 10 ലക്ഷം വാഹനങ്ങൾ ലഭ്യമാക്കുകയെന്ന പദ്ധതിയുടെ ഭാഗമാണ് ഈ തീരുമാനമെന്നും കമ്പനി വ്യക്തമാക്കുന്നു.

ഡൽഹി പോലുള്ള നഗരങ്ങളിലെ ഹ്രസ്വദൂര യാത്രകൾക്ക് ഇപ്പോൾ തന്നെ വൈദ്യുത വാഹനങ്ങൾ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. വൈദ്യുത ത്രിചക്രവാഹനങ്ങൾക്കും ബസ്സുകൾക്കുമൊക്കെ പെർമിറ്റ് ഒഴിവാക്കുമെന്ന സർക്കാർ പ്രഖ്യാപനവും ഈ മേഖലയ്ക്ക് ഉണർവേകുന്നുണ്ട്. സാഹചര്യം അനുകൂലമാവുന്നതോടെ ഇത്തരം വാഹനങ്ങളുടെ എണ്ണം ഗണ്യമായി ഉയരുമെന്നാണു പ്രതീക്ഷ. നിലവിൽ 10 ലക്ഷത്തോളം ഡ്രൈവർമാരാണ് ഓല കാബ്സ് ശൃംഖലയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. വൈദ്യുത വാഹനങ്ങൾക്കുള്ള പെർമിറ്റ് ഇളവ് കൂടി നിലവിൽ വന്നാൽ ഡ്രൈവർമാരുടെ എണ്ണം കുതിച്ചുയരുമെന്നാണ് ഓലയുടെ കണക്കുകൂട്ടൽ.

പ്രതിവർഷം 30 ലക്ഷത്തോളം വാഹനങ്ങൾ വിറ്റഴിയുന്ന ഇന്ത്യയിൽ നിലവിൽ 0.1 ശതമാനത്തോളമാണ് വൈദ്യുത വാഹനങ്ങളുടെ വിഹിതം. സബ്സിഡിയും പ്രത്യേക നമ്പർ പ്ലേറ്റും ലൈസൻസ് വ്യവസ്ഥകളിൽ ഇളവുമൊക്കെയായി സർക്കാർ ഉദാര സമീപനം സ്വീകരിച്ചാൽ വൈദ്യുത വാഹന വിൽപ്പനയും വ്യാപനവും കുത്തനെ ഉയരുമെന്നാണു പ്രതീക്ഷ.