Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ ടാക്സി: 2016ലെ റൈഡ് 50 കോടിയിലേറെ

online-taxi

ടാക്സി ഡ്രൈവർമാരിൽ നിന്നുള്ള എതിർപ്പുകൾക്കും നിയമതലത്തിലെ നിയന്ത്രണങ്ങൾക്കും വിലക്കുകൾക്കുമൊന്നും പഞ്ഞമില്ലെങ്കിലും ഇന്ത്യയിൽ ഓൺലൈൻ ടാക്സി അഗ്രിഗേറ്റർമാരുടെ സേവനം കൂടുതൽ ജനപ്രിയമാവുന്നു. ബെംഗളൂരു ആസ്ഥാനമായ ഓല കാബ്സും യു എസിൽ നിന്നുള്ള യൂബറും ചേർന്ന് കഴിഞ്ഞ വർഷം 50 കോടിലേറെ റൈഡ് പൂർത്തിയാക്കിയെന്നാണ് ബിസിനസ് ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന റെഡ്സീയർ കൺസൽറ്റിങ്ങിന്റെ കണക്ക്. മൊത്തം 1.30 കോടി റൈഡുകൾ കൈവരിച്ച 2015 ജനുവരി — ഡിസംബർ കാലവുമായി താരതമ്യം ചെയ്താൽ ഓലയുടെയും യൂബറിന്റെയും 2016ലെ പ്രകടനത്തിൽ 280% വളർച്ചയാണു രേഖപ്പെടുത്തിയിരിക്കുന്നത്.

സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ആഭ്യന്തര സംരംഭമായ ഓലയുടെയും സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ യൂബറിന്റെയും ആധിപത്യത്തിനാണ് ഇന്ത്യയിലെ ഓൺലൈൻ റൈഡ് ഹെയ്ലിങ് വിപണി സാക്ഷ്യം വഹിക്കുന്നത്. നവംബറിൽ മൂല്യമേറിയ നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനം ഇ റീട്ടെയ്ലർമാർക്കു തിരിച്ചടി സൃഷ്ടിച്ചിരുന്നു; എന്നാൽ ഓൺലൈൻ റൈഡ് ഹെയ്ലിങ് മേഖലയ്ക്ക് ഈ തീരുമാനം അനുഗ്രഹമായി മാറിയെന്നാണു കണക്കുകൾ നൽകുന്ന സൂചന.

വിപണിയുടെ വലിപ്പം വർധിപ്പിക്കുന്നതിനൊപ്പം ഡ്രൈവർമാരുടെ ലഭ്യത ഉറപ്പാക്കുന്നതിലും കാർ പൂളിങ്ങും ദീർഘകാല സേവനത്തിനായി ഡ്രൈവർമാരെ വിട്ടുനൽകന്നതു പോലുള്ള പുത്തൻ സേവനങ്ങൾ അവതരിപ്പിക്കുന്നതിലുമൊക്കെ ഇന്ത്യയിലെ ഓൺലൈൻ കാബ് അഗ്രിഗേറ്റർമാർ മികവു കാട്ടിയെന്ന് റെഡ്സീയർ കൺസൽറ്റിങ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ അനിൽ കുമാർ വിശദീകരിക്കുന്നു. എന്നാൽ നിയമവ്യവസ്ഥകളിലെ നിരന്തര പരിഷ്കാരവും ഡ്രൈവർമാർ ഉയർത്തിയ പ്രതിഷേധവുമൊക്കെ ഈ കമ്പനികൾക്കു വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

പുതിയ വർഷത്തിലും റൈഡുകളുടെ എണ്ണത്തിലെ വളർച്ച തുടരുമെങ്കിലും വെല്ലുവിളികളും സജീവ സാന്നിധ്യമായി നിലനിൽക്കുമെന്ന് റെഡ്സീയർ വിലയിരുത്തുന്നു.
യാത്ര ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ റൈഡ് ഷെയറിങ്ങും റെന്റലും പോലുള്ള പുതിയ പദ്ധതികൾ അവതരിപ്പിക്കുന്ന ഓലയും യൂബറും ഇന്ത്യയിൽ കനത്ത നിക്ഷേപമാണു നടത്തുന്നത്. കഴിഞ്ഞ വർഷം ‘മൈക്രോ’ സർവീസ് അവതരിപ്പിച്ചാണ് ഓല എതിരാളികളായ യൂബറിന്റെ ഏറ്റവും യാത്രക്കൂലി കുറഞ്ഞ പദ്ധതിയെ മറികടന്നത്.

Your Rating: