Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യം പരീക്ഷിക്കാൻ ഊബർ വീണ്ടും ജപ്പാനിലേക്ക്

Uber-mobile.jpg.image.784.410

ഓൺലൈൻ ടാക്സി സേവനങ്ങൾക്കു കാര്യമായ വേരോട്ടമില്ലാത്ത ജപ്പാനിൽ ഭാഗ്യം പരീക്ഷിക്കാൻ സാൻഫ്രാൻസിസ്കൊ ആസ്ഥാനമായ ഊബർ തയാറെടുക്കുന്നു. ഓൺലൈൻ റൈഡ് ഹെയ്ലിങ് സംവിധാനത്തെ സംശയത്തോടെ വീക്ഷിക്കുന്ന ജപ്പാൻകാർക്ക് മുമ്പുമുതൽ തന്നെ പരമ്പരാഗത ടാക്സി സർവീസുകളോടാണു പഥ്യം. രാജ്യത്തെ പ്രധാന നഗരങ്ങളിൽ സെക്കൻഡുകൾക്കുള്ളിൽ ഇത്തരം ടാക്സികളുടെ സേവനം ലഭ്യമാവുമെന്നതും ജപ്പാനിൽ ഊബറിനു ചുവടുറപ്പിക്കാൻ തടസ്സം സൃഷ്ടിച്ചിരുന്നു. 

എന്നാൽ ഈ വേനൽക്കാലത്തോടെ പശ്ചിമ അവാജി ദ്വീപിൽ പരീക്ഷണാടിസ്ഥാനത്തിൽ സേവനം ആരംഭിക്കുമെന്നാണ് ഊബറിന്റെ പുതിയ പ്രഖ്യാപനം. ലഭ്യമായ ടാക്സി ഡ്രൈവർമാരുടെ സേവനം ഉപയോഗിച്ചാവും ഊബർ പ്രവർത്തനം ആരംഭിക്കുകയെന്നും കമ്പനി വ്യക്തമാക്കി. ചെറുദ്വീപായ അവാജിയിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും വിശ്വസനീയവും സുരക്ഷിതവുമായ ഗതാഗത സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു കമ്പനിയുടെ വരവെന്നും ഊബർ വിശദീകരിക്കുന്നു. ഒന്നര ലക്ഷം മാത്രമാണ് അവാജി ദ്വീപിലെ ജനസംഖ്യ. 

അവാജി ദ്വീപിലെ യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്താൻ ഊബറിന്റെ സാങ്കേതികവിദ്യയ്ക്കു സാധിക്കുമെന്നു കമ്പനിയുടെ ചീഫ് ബിസിനസ് ഓഫിസർ ബ്രൂക്ക്സ് എൻട്വിസിൽ അഭിപ്രായപ്പെട്ടു. ജപ്പാനിൽ ഇത്തരത്തിലൊരു സംരംഭം ഇതാദ്യമാണെന്നും  എൻട്വിസിൽ അവകാശപ്പെട്ടു.  ജാപ്പനീസ് ടാക്സി വിപണിയിൽ ഇടംപിടിക്കാൻ ഊബറിനു പുറമെ ചൈനയിലെ റൈഡ് ഹെയ്ലിങ് കമ്പനിയായ ദിദി ചക്സിങ്ങിനും മോഹമുണ്ട്. ജാപ്പനീസ് ടെലികോം കമ്പനിയായ സോഫ്റ്റ്ബാങ്കും ജപ്പാനു വേണ്ടി ടാക്സി ആപ്ലിക്കേഷൻ വികസിപ്പിക്കാനുള്ള പദ്ധതികൾ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. ടാക്സി വിപണിയിൽ ഗണ്യമായ നിക്ഷേപമുള്ള കമ്പനിയാണ് സോഫ്റ്റ് ബാങ്ക്; ഊബറിൽ 15% ഓഹരി പങ്കാളിത്തമാണു സോഫ്റ്റ് ബാങ്കിനുള്ളത്.

ഇലക്ട്രോണിക്സ് മേഖലയിലെ പ്രമുഖരായ സോണിയാവട്ടെ ആറു ടാക്സി ഓപ്പറേറ്റർമാർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ്. ടോക്കിയോയിൽ പതിനായിരത്തോളം വാഹനങ്ങളാണ് ഈ ആറ് ഓപ്പറേറ്റർമാർക്കുള്ളത്. ടാക്സികൾക്കുള്ള ആവശ്യം പ്രവചിക്കുന്നതിനൊപ്പം ലഭ്യമായ വാഹനങ്ങളുടെ പരമാവധി വിനിയോഗം ഉറപ്പാക്കുകയുമാണ് ആർട്ടിഫിഷ്യൻ ഇന്റലിജൻസിന്റെ ദൗത്യം. കൂടാതെ പ്രമുഖ കാർനിർമാതാക്കളായ ടൊയോട്ടയും പ്രധാന ടാക്സി ഹെയ്ലിങ് ആപ്ലിക്കേഷനായ ജപ്പാൻ ടാക്സി ആപ്പിൽ 750 കോടി യെൻ(ഏകദേശം 459.71 കോടി രൂപ) നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്.