Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊബറിന് ഇടമൊരുക്കാൻ കിഴക്കൻ റയിൽവേയും

Uber-mobile.jpg.image.784.410

ഓൺലൈൻ ടാക്സികൾക്ക് റയിൽവേ സ്റ്റേഷനിൽ സ്ഥലം നൽകുന്നതിനെതിരെ കേരളത്തിലടക്കം ടാക്സി, ഓട്ടോറിക്ഷ തൊഴിലാളികളുടെ  പ്രതിഷേധം ശക്തമാകുമ്പോഴും റൈഡ് ഹെയ്ലിങ് കമ്പനിയായ ഊബറിന് ഇടമൊരുക്കാൻ കിഴക്കൻ റയിൽവേ. രാജ്യത്തെ ഏറ്റളും തിരക്കേറിയ ടെർമിനൽ സ്റ്റേഷനായ ഹൗറയിലാണ് ഊബറിന് പ്രത്യേക പാർക്കിങ് സൗകര്യം അനുവദിച്ചിരിക്കുന്നത്.

ഇതോടെ മൊബൈൽ ഫോണോ ആപ്ലിക്കേഷനോ ഇല്ലാത്ത ട്രെയിൻ യാത്രികർക്കും ഊബറിന്റെ സേവനം പ്രയോജനപ്പെടുത്താമെന്നതാണു നേട്ടം. റയിൽവേ സ്റ്റേഷനു പുറത്തായി  പ്രത്യേക പിക് അപ് മേഖലയ്ക്കൊപ്പം യാത്രികരെ അവർക്കായി കാത്തുകിടക്കുന്ന കാറിലേക്കു നയിക്കാനുള്ള സംവിധാനവും ലഭ്യമാക്കുമെന്ന് ഊബർ അറിയിച്ചു. മൊബൈൽ ആപ്ലിക്കേഷനുള്ളവർക്കാവട്ടെ അവർക്കായി കാത്തുനിൽക്കുന്ന ഡ്രൈവറുടെ സമീപമെത്താനുള്ള നിർദേശങ്ങളും ലഭിക്കും. 

പൂർവ റയിൽവേയുമായി സഹകരിക്കാൻ അവസരം ലഭിച്ചത് പ്രോത്സാഹനജനകമാണെന്നായിരുന്നു ഊബർ കൊൽക്കത്ത ജനറൽ മാനേജർ അർപിത് മുന്ദ്രയുടെ പ്രതികരണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതു ഗതാഗത മേഖലയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഊബർ നടപടി സ്വീകരിച്ചിട്ടുണ്ട്. അവസാനഘട്ട യാത്രാ ആവശ്യം നിറവേറ്റാനുള്ള വിശ്വസനീയ മാർഗമായി ഊബർ മാറിയിട്ടുണ്ടെന്നും മുന്ദ്ര അവകാശപ്പെട്ടു.

നിലവിൽ ആഴ്ച തോറും എണ്ണായിരത്തോളം യാത്രക്കാരാണ് ഹൗറ സ്റ്റേഷനിൽ നിന്ന് ഊബറിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. പുതിയ സൗകര്യം ലഭ്യമാവുന്നതോടെ കൂടുതൽ യാത്രക്കാർ ഊബർ സേവനം ഉപയോഗിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.