പക്ഷിയുമല്ല, വിമാനവുമല്ല; എന്നാൽ അതൊരു ‘പറക്കും ടാക്സി’യാണ്. ഭാവിയുടെ ഗതാഗതസംവിധാനം പരിചയപ്പെടുത്തി ഓൺലൈൻ കാബ് അഗ്രിഗേറ്റർമാരായ ഊബറാണു ‘പറക്കും ടാക്സി’യുടെ ആദ്യ മാതൃക ലൊസാഞ്ചലസിൽ പ്രദർശിപ്പിച്ചത്. ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുകയും കുത്തനെ പറന്നുയരുകയും അതുപോലെ പറന്നിറങ്ങുകയും ചെയ്യുന്ന ‘ഇ വി ടി ഒ എൽ’ (അഥവാ ഇലക്ട്രിക് വെർട്ടിക്കൽ ടേക് ഓഫ് ആൻഡ് ലാൻഡിങ് വെഹിക്ക്ൾ കൺസപ്റ്റ്) എന്ന ആശയത്തെ ഹെലികോപ്റ്ററിന്റെയും ഡ്രോണിന്റെയും സമന്വയമെന്നാണ് ഊബർ വിശേഷിപ്പിക്കുക. ലൊസാഞ്ചലസിൽ നടക്കുന്ന ‘ഊബർ എലിവേറ്റ് സമിറ്റി’ലാണ് ഈ പുത്തൻ ആവിഷ്കാരത്തിന്റെ മാതൃക ആദ്യമായി അനാവൃതമാവുന്നത്.
ആഗോളതലത്തിൽ തന്നെ സഞ്ചാര സ്വാതന്ത്യ്രത്തിൽ വിപ്ലവകരമായ മാറ്റമാണു കമ്പനി ലക്ഷ്യമിടുന്നതെന്ന് ഊബർ ഏവിയേഷൻ പ്രോഡക്ട് മേധാവി നിഖിൽ ഗോയൽ വെളിപ്പെടുത്തി. ഊർജം നൽകുന്നതു ബാറ്ററിയാണെങ്കിലും മണിക്കൂറിൽ 200 മൈൽ(300 കിലോമീറ്ററിലേറെ) വേഗം കൈവരിക്കാൻ ‘ഇ വി ടി ഒ എലി’നാവുമെന്നു ഗോയൽ വിശദീകരിച്ചു. ഒറ്റത്തവണ ചാർജ് ചെയ്താൽ 60 മൈൽ (ഏകദേശം 100 കിലോമീറ്റർ) സഞ്ചരിക്കാനും ഈ ആകാശയാനത്തിനാവും. യു എസിലെ വ്യോമഗതാഗത മേഖലയെ നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷ(എഫ് എ എ)നെയും പൊതുജനങ്ങളെയുമൊക്കെ ഈ ‘പറക്കും വാഹന’ത്തിന്റെ സുരക്ഷിതത്വം ബോധ്യപ്പെടുത്താനാവുമെന്നും ഗോയൽ അവകാശപ്പെട്ടു.
ഗതാഗത, റൈഡ് ഷെയറിങ് മേഖലകളിൽ ആഗോളതലത്തിൽ തന്നെ മേധാവിത്തമുള്ള ഊബർ സ്വയം ഓടുന്ന വാഹനങ്ങൾ അടക്കമുള്ള ഇതര മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഊർജിത തയാറെടുപ്പിലാണ്. ‘ഇ വി ടി ഒ എലി’ന്റെ ആദ്യ പ്രദർശന പറക്കൽ 2020ൽ ലൊസാഞ്ചലസിൽ സംഘടിപ്പിക്കാനാണ് ഊബർ ലക്ഷ്യമിടുന്നത്. തുടർന്ന് 2023 ആകുമ്പോഴേക്ക് ‘പറക്കും ടാക്സി’കൾ വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കാനാവുമെന്നും കമ്പനി കരുതുന്നു. ഇപ്പോൾ ടാക്സി ആവശ്യപ്പെടുന്ന അതേ രീതിയിൽ ഭാവിയിൽ ‘പറക്കും ടാക്സി’കളും വിളിക്കാനാവുമെന്നാണു കമ്പനിയുടെ വാഗ്ദാനം.
സ്വന്തം കാർ എന്ന കെട്ടുപാടിൽ നിന്നുള്ള മോചനത്തിലേക്കുള്ള പാതയിലാണ് ‘പറക്കും വാഹന’ങ്ങളും ഇടംപിടിക്കുന്നതെന്ന് ഊബർ ഏവിയേഷൻ പ്രോഗ്രാം മേധാവി എറിക് അലിസൻ കരുതുന്നു. സ്വന്തമായി കാർ വാങ്ങുന്നതും ഓടിക്കുന്നതുമൊക്കെ ഭാവിയിൽ അപ്രസക്തമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. കുറഞ്ഞ നിരക്കിൽ ‘പറക്കും ടാക്സി’കൾ വ്യാപകമാവുന്നതോടെ സ്വന്തം കാറിലുള്ള യാത്ര ആരും തിരഞ്ഞെടുക്കില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.
തുടക്കത്തിൽ പൈലറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുംവിധമാണു ‘പറക്കും ടാക്സി’കളുടെ രൂപകൽപ്പന; ക്രമേണ സ്വയം പറക്കുന്ന രീതിയിലേക്ക് ഇവ മാറുമെന്ന് അലിസൻ വെളിപ്പെടുത്തുന്നു. ഇത്തരം ‘ഏറോ ടാക്സി’കളുടെ കേന്ദ്രമായി ‘സ്കൈ പോർട്ടു’കളും മറ്റും ഉൾക്കൊള്ളുന്ന ഭാവിയിലെ നഗരങ്ങളുടെ രൂപരേഖയും ഊബർ തയാറാക്കിയിട്ടുണ്ട്.