Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂബറിന്റെ പറക്കും ടാക്സി ഇന്ത്യൻ ആകാശത്തും

Uber Taxi Uber Taxi

പറക്കും ടാക്സിയുമായി യൂബർ ഇന്ത്യയിലേക്ക്. പറക്കും ടാക്സിയുടെ വിപണിയായി ആദ്യം പരിഗണിക്കുന്ന അഞ്ചു രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നാണ് യൂബർ അറിയിക്കുന്നത്. യൂബർ അധികൃതരും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജയന്ത് സിന്ഹയുമായുള്ള കൂടികാഴ്ചക്കിടെയാണ് പറക്കും ടാക്സിക്കായി ഇന്ത്യയെ പരിഗണിക്കുന്ന വിവരം യൂബർ പങ്കുവെച്ചത്. 2023 ൽ യൂബറിന്റെ പറക്കും ടാക്സി ലൊസാഞ്ചലസിലും മറ്റൊരു രാജ്യാന്തര നഗരത്തിലും സർവീസ് ആരംഭിക്കും. അതിന് ശേഷമായിരിക്കും ഇന്ത്യയിലെത്തുക.

ഭാവിയുടെ ഗതാഗതസംവിധാനം പരിചയപ്പെടുത്തി ഓൺലൈൻ കാബ് അഗ്രഗേറ്റർമാരായ ഊബർ പറക്കും ടാക്സിയുടെ ആദ്യ മാതൃക ലൊസാഞ്ചലസിൽ പ്രദർശിപ്പിച്ചത് അടുത്തിടെയാണ്. ബാറ്ററിയിൽ നിന്നു ഊർജം കണ്ടെത്തുകയും കുത്തനെ പറന്നുയരുകയും അതുപോലെ പറന്നിറങ്ങുകയും ചെയ്യുന്ന ഇ വി ടി ഒ എൽ (അഥവാ ഇലക്ട്രിക് വെർട്ടിക്കൽ ടേക് ഓഫ് ആൻഡ് ലാൻഡിങ് വെഹിക്ക്ൾ കൺസപ്റ്റ്) എന്ന ആശയത്തെ ഹെലികോപ്റ്ററിന്റെയും ഡ്രോണിന്റെയും സമന്വയമെന്നാണ് ഊബർ വിശേഷിപ്പിക്കുന്നത്. ലൊസാഞ്ചലസിൽ നടക്കുന്ന ഊബർ എലിവേറ്റ് സമിറ്റിലാണ് ഈ പുത്തൻ ആവിഷ്കാരത്തിന്റെ മാതൃക ആദ്യമായി അനാവൃതമായത്.

ആഗോളതലത്തിൽ തന്നെ, സഞ്ചാര സ്വാതന്ത്യ്രത്തിൽ വിപ്ലവകരമായ മാറ്റമാണു കമ്പനി ലക്ഷ്യമിടുന്നത്. ഊർജം നൽകുന്നതു ബാറ്ററിയാണെങ്കിലും മണിക്കൂറിൽ 200 മൈൽ (300 കിലോമീറ്ററിലേറെ) വേഗം കൈവരിക്കാൻ ഇ വി ടി ഒ എലിനാവും. ഒറ്റത്തവണ ചാർജു ചെയ്താൽ 60 മൈൽ (ഏകദേശം 100 കിലോമീറ്റർ) സഞ്ചരിക്കാം. ഗതാഗത, റൈഡ് ഷെയറിങ് മേഖലകളിൽ ആഗോളതലത്തിൽ തന്നെ മേധാവിത്തമുള്ള ഊബർ സ്വയം ഓടുന്ന വാഹനങ്ങൾ അടക്കമുള്ള ഇതര മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഊർജിത തയാറെടുപ്പിലാണ്. ‘ഇ വി ടി ഒ എലി’ന്റെ ആദ്യ പ്രദർശന പറക്കൽ 2020ൽ ലൊസാഞ്ചലസിൽ സംഘടിപ്പിക്കാനാണ് ഊബർ ലക്ഷ്യമിടുന്നത്. തുടർന്ന് 2023 ആകുമ്പോഴേക്ക് ‘പറക്കും ടാക്സി’കൾ വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കാനാവുമെന്നും കമ്പനി കരുതുന്നു. ഇപ്പോൾ ടാക്സി ആവശ്യപ്പെടുന്ന അതേ രീതിയിൽ ഭാവിയിൽ ‘പറക്കും ടാക്സി’കളും വിളിക്കാനാവുമെന്നാണു കമ്പനിയുടെ വാഗ്ദാനം.

തുടക്കത്തിൽ പൈലറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുംവിധമാണു ‘പറക്കും ടാക്സി’കളുടെ രൂപകൽപ്പന; ക്രമേണ സ്വയം പറക്കുന്ന രീതിയിലേക്ക് ഇവ മാറുമെന്ന് അലിസൻ വെളിപ്പെടുത്തുന്നു. ഇത്തരം ‘എയ്റോ ടാക്സി’കളുടെ കേന്ദ്രമായി ‘സ്കൈ പോർട്ടു’കളും മറ്റും ഉൾക്കൊള്ളുന്ന ഭാവിയിലെ നഗരങ്ങളുടെ രൂപരേഖയും ഊബർ തയാറാക്കിയിട്ടുണ്ട്.