Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത വാഹന വിപ്ലവം ലക്ഷ്യമിട്ട് ഓല

ola-rentals

വൈദ്യുത വാഹനങ്ങൾ വ്യാപകമായി നിരത്തിലിറക്കാൻ റൈഡ് ഹെയ്ലിങ് കമ്പനിയായ ഓല കാബ്സ് ഒരുങ്ങുന്നു. ജപ്പാനിലെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയുള്ള ഓല, വൈദ്യുത വാഹനങ്ങൾ ഉപയോഗിച്ചുള്ള ബിസിനസ് മാതൃക പരീക്ഷിച്ചു തുടങ്ങുകയാണെന്നും കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഭവിഷ് അഗർവാൾ അറിയിച്ചു. ഇക്കൊല്ലം അവസാനിക്കുംമുമ്പ് വിവിധ നഗരങ്ങളിലായി ആയിരക്കണക്കിന് വൈദ്യുത വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസിനെത്തിക്കാനാണ് ഓലയുടെ പദ്ധതി. ക്രമേണ ഇത്തരം വാഹനങ്ങളുടെ എണ്ണം വൻതോതിൽ വർധിപ്പിക്കുമെന്നും അഗർവാൾ വെളിപ്പെടുത്തി.

പരീക്ഷണ ഓട്ടം നടക്കുന്ന നഗരങ്ങളിൽ ബാറ്ററി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും ഓല നിക്ഷേപം നടത്തും. എന്നാൽ വൈദ്യുത വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് കമ്പനി നടത്താൻ ഉദ്ദേശിക്കുന്ന മൊത്തം നിക്ഷേപം അദ്ദേഹം വെളിപ്പെടുത്തിയില്ല.  ‘ഫെയിം ഇന്ത്യ’ പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ വിലക്കിഴിവ് അടക്കമുള്ള ആനൂകൂല്യങ്ങൾ അനുവദിച്ചിട്ടും ഇന്ത്യയിൽ വൈദ്യുത വാഹന വിൽപ്പന പ്രതീക്ഷിച്ച പോലെ ഉയർന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഓല കാബ്സ് ഈ രംഗത്തേക്കു കടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2015 — 16 സാമ്പത്തിക വർഷം 22,000 വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിഞ്ഞത്; ഇതേ കാലയളവിൽ പരമ്പരാഗത ഇന്ധനങ്ങളിൽ ഓടുന്ന 20 ലക്ഷത്തോളം വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റു പോയത്. 2020 ആകുമ്പോഴേക്ക് 60 ലക്ഷത്തോളം വൈദ്യുത വാഹനങ്ങൾ ഇന്ത്യൻ നിരത്തിലെത്തിക്കാനാണു കേന്ദ്ര സർക്കാർ ലക്ഷ്യമിട്ടിരുന്നത്; പക്ഷേ ബാറ്ററിയുടെ ഉയർന്ന വിലയും ചാർജിങ് കേന്ദ്രങ്ങളുടെ അപര്യാപ്തതയും വാഹനങ്ങളുടെ യാത്രാപരിധിയിലെ പരിമിതികളുമൊക്കെ ഈ ലക്ഷ്യം കൈവരിക്കുന്നതിൽ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. 

അതേസമയം ഓലയിലെ പ്രധാന നിക്ഷേപകരായ സോഫ്റ്റ്ബാങ്കിന് വൈദ്യുത വാഹന രംഗത്തു പ്രത്യേക താൽപര്യമുണ്ട്. വരുന്ന അഞ്ചു വർഷത്തിനകം ഓല 10 ലക്ഷം വൈദ്യുത വാഹനങ്ങൾ ഇന്ത്യൻ നിരത്തിലെത്തിക്കുമെന്നു സോഫ്റ്റ്ബാങ്ക് ഗ്രൂപ ചെയർമാൻ മാസയൊഷി സൻ കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. വരും ആഴ്ചകളിൽ ഓലയുടെ വൈദ്യുത വാഹനങ്ങൾ തെലങ്കാനയിലും മഹാരാഷ്ട്രയിലെ നാഗ്പൂരിലും പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുമെന്ന് അഗർവാൾ സൂചിപ്പിക്കുന്നു. കാറുകൾക്കു പുറമെ ബാറ്ററിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങളും റിക്ഷകളുമൊക്കെ ഓല കാബ്സ് നിരത്തിലെത്തിക്കും. 

ചാർജിങ് സ്റ്റേഷനുകളുടെ അപര്യാപ്തതയും വാഹനങ്ങളുടെ യാത്രാപരിധിയിലെ പരിമിതകളുമാവും ഈ മേഖലയിൽ ഓല നേരിടുന്ന പ്രദാന വെല്ലുവിളി. സാധാര ഗതിയിൽ ഓലയുടെ ടാക്സികൾ പ്രതിദിനം 150 — 200 കിലോമീറ്ററാണ് ഓടുന്നത്. നിലവിലുള്ള മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകളാണ് ഓല പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസിന് ഉപയോഗിക്കുകയെന്ന് അഗർവാൾ പറയുന്നു. ഇടയ്ക്കു ചാർജ് ചെയ്യുന്നത് ഒഴിവാക്കി ഒറ്റത്തവണ ചാർജ് ചെയ്താൽ ദിവസം മുഴുവൻ ഓടുന്ന കാറുകളാണ് ഓലയുടെ ലക്ഷ്യം; ഇത്തരം വാഹനങ്ങളുടെ രൂപകൽപ്പനയ്ക്കായി പ്രമുഖ നിർമാതാക്കളുമായി സഹകരിക്കുമെന്നും അഗർവാൾ അറിയിച്ചു. 

Your Rating: