വൈദ്യുത കാർ വികസന പങ്കാളിയായി പിനിൻഫരിന

വൈദ്യുത കാർ വികസനത്തിനായി ഇറ്റാലിയൻ ഡിസൈൻ കമ്പനിയായ പിനിൻഫരിനയും ഹൈബ്രിഡ് കൈനറ്റിക് ഗ്രൂപ്പുമായി ധാരണയിലെത്തി. 6.50 കോടി യൂറോ(460 കോടിയോളം രൂപ) മുടക്കിയാവും ഹൈബ്രിഡ് കൈനറ്റിക് ഗ്രൂപ് വൈദ്യുത വാഹന രൂപകൽപ്പനയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പിനിൻഫരിനയുടെ സേവനം പ്രയോജനപ്പെടുത്തുക. വൈദ്യുത കാർ രൂപകൽപ്പന സംബന്ധിച്ച ആശയഘട്ടം മുതൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം വരെ പിനിൻഫരിന ഹൈബ്രിഡ് കൈനറ്റിക് ഗ്രൂപ്പിനൊപ്പമുണ്ടാവുമെന്നാണു കരാറിലെ വ്യവസ്ഥ. 46 മാസ കാലാവധി നിശ്ചയിച്ചിരിക്കുന്ന കാർ വികസന പദ്ധതിയിൽ മഹീന്ദ്ര ഗ്രൂപ്പിൽപെട്ട ഐടി സംരംഭമായ ടെക് മഹീന്ദ്രയ്ക്കും നിർണായക പങ്കാളിത്തമുണ്ടാവുമെന്നാണു സൂചന.

വാഹന രൂപകൽപ്പനയിലും എൻജിനീയറിങ്ങിലും ഉൽപ്പാദനത്തിലുമൊക്കെ കമ്പനിക്കുള്ള മേധാവിത്തത്തിന്റെ പ്രതിഫലനമാണ് ഹൈബ്രിഡ് കൈനറ്റിക് ഗ്രൂപ്പുമായുള്ള കരാറെന്നു പിനിൻഫരിന ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സിൽവിയൊ പിട്രോ അൻഗോരി അഭിപ്രായപ്പെട്ടു. ടെക് മഹീന്ദ്ര പോലുള്ള വലിയ സംരംഭങ്ങളുമായുള്ള സഹകരണം ഈ മേഖലയിൽ കമ്പനിയുടെ സാധ്യതകൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി. കുറഞ്ഞ ചെലവിൽ മികച്ച നിലവാരമുള്ള ജീവനക്കാരുടെ വിപുല ശേഖരം ലഭ്യമായതു കമ്പനിയുടെ മത്സരക്ഷമത വർധിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ 2015ലായിരുന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര അഞ്ചു കോടിയോളം യൂറോ(370 കോടി രൂപ) മുടക്കി ഇറ്റലിയിലെ പിനിൻഫരിനയെ സ്വന്തമാക്കിയത്. സ്പെഷൽ പർപ്പസ് വെഹിക്കിൾ(എസ് പി വി) രൂപീകരിച്ചായിരുന്നു കമ്പനി ഈ ഏറ്റെടുക്കൽ യാഥാർഥ്യമാക്കിയത്. നിലവിൽ പിനിൻഫരിനയുടെ 60% ഓഹരികൾ ടെക് മഹീന്ദ്രയുടെ പക്കലും അവശേഷിക്കുന്നവ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പക്കലുമാണ്.