സ്വീഡിഷ് നിർമാതാക്കളായ സ്കാനിയയുടെ പ്രീമിയം ആഡംബര ബസ്സുകളായ ‘മെട്രോലിങ്ക്’ സർവീസുകളുായി തെലങ്കാന സംസ്ഥാന റോഡ് ട്രാൻസ്പോർട് കോർപറേഷനും(ടി എസ് ആർ ടി സി). സംസ്ഥാന തലസ്ഥാനമായ ഹൈദരബാദിൽ നിന്നു കർണാടക തലസ്ഥാനമായ ബെംഗളൂരുവിലേക്കുള്ള ടി എസ് ആർ ടി സി ‘സ്കാനിയ’ സർവീസ് സംസ്ഥാന ഗതാഗത മന്ത്രി പി മഹേന്ദ്രർ റെഡ്ഡി ഫ്ളാഗ് ഓഫ് ചെയ്തു. ‘സ്കാനിയ’യിൽ നിന്നുള്ള ബസ്സുകൾ ഇതാദ്യമായാണു ടി എസ് ആർ ടി സി വാങ്ങുന്നത്. ബസ്സുകൾക്ക് വിൽപ്പനാന്തര സേവനവും സമ്പൂർണ സർവീസ് സഹായവും സ്കാനിയ വാഗ്ദാനം ചെയ്യുന്നുണ്ട്.
ടി എസ് ആർ ടി സിയുടെ പങ്കാളിത്തത്തോടെ തെലങ്കാനയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിയുന്നതിൽ ആഹ്ലാദമുണ്ടെന്നു സ്കാനിയ ഇന്ത്യ മാനേജിങ് ഡയറക്ടർ മൈക്കൽ ബെൻജി അഭിപ്രായപ്പെട്ടു. ഹൈദരബാദിൽ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് മികച്ച യാത്രാനുഭവവും അദ്ദേഹം വാഗ്ദാനം ചെയ്തു. ആഡംബര യാത്ര ഉറപ്പാക്കാനുള്ള ടി എസ് ആർ ടി സിയുടെ ശ്രമങ്ങൾക്ക് ‘മെട്രോലിങ്ക്’ ബസ്സുകൾ മികച്ച പങ്കാളിയാവുമെന്നും ബെൻജി അവകാശപ്പെട്ടു. സുഖകരവും സുരക്ഷിതവുമായി യാത്ര ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണു സ്കാനിയയിൽ നിന്നുള്ള ‘മെട്രോലിങ്ക്’ ബസ്സുകൾ ഉൾപ്പെടുത്തിയതെന്നു ടി എസ് ആർ ടി സി വിശദീകരിച്ചു. ഉപയോക്താക്കൾക്കു മികച്ച സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണു പുതിയ സർവീസ്. ഭാവിയിൽ ഇത്തരത്തിലുള്ള കൂടുതൽ ബസ്സുകൾ സർവീസിനെത്തുമെന്നും കോർപറേഷൻ അറിയിച്ചു.
പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ദീർഘദൂര യാത്രയ്ക്കുള്ള ആഡംബര പ്രീമിയം ബസ് ശ്രേണിയായ ‘മെട്രോലിങ്ക്’ 2001 ഫെബ്രുവരിയിലാണു സ്കാനിയ ഇന്ത്യ അവതരിപ്പിച്ചത്. സ്വകാര്യ ഓപ്പറേറ്റർമാർക്കു പുറമെ കർണാടക, ജമ്മു ആൻഡ് കശ്മീർ, കേരളം, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട് കോർപറേഷനുകളും സ്കാനിയ ‘മെട്രോലിങ്ക്’ ബസ്സുകൾ ഉപയോഗിക്കുന്നുണ്ട്. തിരുവനന്തപുരത്തു നിന്നു കോയമ്പത്തൂർ, മണിപ്പാൽ, മംഗലാപുരം, മൂകാംബിക എന്നിവിടങ്ങളിലേക്കുള്ള സർവീസിനാണു കേരളത്തിലെ ആർ ടി സി ‘ഗരുഡ മഹാരാജ’ എന്ന വാണിജ്യ നാമമുള്ള സ്കാനിയ ‘മെട്രോലിങ്ക്’ ബസ്സുകൾ ഉപയോഗിക്കുന്നത്.