ഫെബ്രുവരി വരെ നിർമിച്ചത് 6,604 കിലോമീറ്റർ ദേശീയപാത

Representative Image

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ 11 മാസക്കാലത്തിനിടെ 6,604 കിലോമീറ്റർ ദേശീയ പാത നിർമിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ. 2016 — 17ൽ 15,000 കിലോമീറ്റർ ദേശീയ പാത നിർമിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ തർക്കം, നിലവിലുള്ള കെട്ടിടങ്ങളും സ്ഥാപനങ്ങളും മാറ്റി സ്ഥാപിക്കുന്നതിലെ കാലതാമസം, മണ്ണ് ദൗർലഭ്യം, കരാറുകാരുടെ കാര്യക്ഷമതയില്ലായ്മ, പരിസ്ഥിതി — വനം — വന്യജീവി മന്ത്രാലയങ്ങളിൽ നിന്നുള്ള അനുമതി വൈകൽ, റയിൽവേ മേൽപ്പാല — അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അധിക സൗകര്യങ്ങൾക്കായി പ്രദേശവാസികളുടെ സമരം, കരാറുകാരുമായുള്ള തർക്കം തുടങ്ങി വിവിധ കാരണങ്ങളാലാണു ദേശീയ പാത നിർമാണം പ്രതീക്ഷിച്ച വേഗത്തിൽ പുരോഗമിക്കാത്തതെന്നും മന്ത്രി വിശദീകരിച്ചു.

ദേശീയപാത നിർമാണം പ്രതീക്ഷിച്ച ലക്ഷ്യം കൈവരിക്കാത്തതിന് കേന്ദ്ര മന്ത്രി നിതിൻ ഗഢ്കരിയുടെ നേതൃത്വത്തിലുള്ള റോഡ് ഗതാഗത, aദേശീയപാത മന്ത്രാലയം രൂക്ഷമായ വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം. കൂടാതെ നിർമാണം വൈകുന്ന ദേശീയപാത പദ്ധതികളുടെ ഫലപ്രദമായ മേൽനോട്ടത്തിനായി രാജ്യവ്യാപകമായി പ്രോജക്ട് മോണിറ്റേഴ്സിനെ നിയോഗിക്കുമെന്നും രാധാകൃഷ്ണൻ അറിയിച്ചു.

അതേസമയം കഴിഞ്ഞ ജനുവരിയോടെ രാജ്യത്തേ ദേശീയപാത നിർമാണം ഗതിവേഗമാർജിച്ചിട്ടുണ്ടെന്നാണു കണക്കുകൾ നൽകുന്ന സൂചന. 2015 — 16ൽ പ്രതിദിനം ശരാശരി 16.60 കിലോമീറ്റർ പുതിയ പാത നിർമിച്ചിരുന്നത് ജനുവരിയിൽ 18.23 കിലോമീറ്ററായി ഉയർന്നിരുന്നു. മാർച്ചോടെ പ്രതിദിന നിർമാണം ശരാശരി 30 കിലോമീറ്ററായി ഉയരുമെന്നാണു നിതിൻ ഗഢ്കരിയുടെ അവകാശാവാദം.
മുൻവർഷത്തെ അപേക്ഷിച്ച് 50% വർധനയോടെയാണ് നടപ്പു സാമ്പത്തിക വർഷം 15,000 കിലോമീറ്റർ പുതിയ ദേശീയപാത നിർമാണം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.