പെട്രോൾ ‘ഇന്നോവ ക്രിസ്റ്റ’; ബുക്കിങ് തുടങ്ങി

പെട്രോൾ എൻജിനുള്ള ‘ഇന്നോവ ക്രിസ്റ്റയ്ക്കുള്ള ബുക്കിങ്ങുകൾ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) സ്വീകരിച്ചു തുടങ്ങി. 2.7 ലീറ്റർ പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ. അടുത്ത മാസം തന്നെ പെട്രോൾ എൻജിനുള്ള ‘ക്രിസ്റ്റ’ ഉടമകളെ തേടിയെത്തും. 14.70 ലക്ഷം രൂപ മുതലാവും പെട്രോൾ എൻജിനുള്ള ‘ക്രിസ്റ്റ’യുടെ വിലയെന്നും ടി കെ എം ട്വിറ്ററിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തിൽ 2.4 ലീറ്റർ, 2.8 ലീറ്റർ ഡീസൽ എൻജിനുകളോടെയായിരുന്നു ‘ഇന്നോവ ക്രിസ്റ്റ’ എത്തിയത്.

വിവിധോദ്ദേശ്യ വാഹന(എം പി വി) വിഭാഗത്തെ നയിച്ചിരുന്ന ‘ഇന്നോവ’യുടെ പിൻഗാമിയായി പുത്തൻ ‘ഇന്നോവ ക്രിസ്റ്റ’ രണ്ടു മാസം മുമ്പാണു ടി കെ എം അവതരിപ്പിച്ചത്. തുടക്കം മുതൽ തന്നെ വിപണിയിൽ ഉജ്വല വരവേൽപ് നേടി മുന്നേറുന്ന ‘ക്രിസ്റ്റ’ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന എം പി വിയുമായിട്ടുണ്ട്. മേയിൽ 7,259 ‘ക്രിസ്റ്റ’ വിറ്റ ടി കെ എം ജൂണിൽ കൈവരിച്ചത് 7,500 യൂണിറ്റിന്റെ വിൽപ്പനയാണ്. മികച്ച വിൽപ്പന കൈവരിച്ച സാഹചര്യത്തിൽ ‘ഇന്നോവ ക്രിസ്റ്റ’ ഉൽപ്പാദനം ഉയർത്താനും ടി കെ എം തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ പ്രതിമാസം 6,000 യൂണിറ്റ് നിർമിച്ചിരുന്നത് 7,800 എണ്ണമായിട്ടാണ് ഉയർത്തുന്നത്. നിലവിൽ പുതിയ ‘ഇന്നോവ ക്രിസ്റ്റ’ സ്വന്തമാക്കാൻ മൂന്നു മാസം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്.

ജാപ്പനീസ് എൻജിനീയർമാരുടെ സഹകരണത്തോടെ ടി കെ എം ആഭ്യന്തരമായി വികസിപ്പിച്ച 2.7 ലീറ്റർ, നാലു സിലിണ്ടർ പെട്രോൾ എൻജിനാണ് ‘ഇന്നോവ ക്രിസ്റ്റ’യിൽ ഇടംപിടിക്കുന്നത്. ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചശേഷം ഈ പെട്രോൾ എൻജിനുള്ള ‘ഇന്നോവ ക്രിസ്റ്റ’ വിദേശ വിപണികളിലും വിൽപ്പനയ്ക്കെത്തും.പെട്രോൾ കരുത്തോടെ പഴയ ‘ഇന്നോവ’യും ടി കെ എം തുടക്കത്തിൽ വിൽപ്പനയ്ക്കെത്തിച്ചിരുന്നു. പക്ഷേ വിൽപ്പന തീർത്തും കുറവായതോടെ ഈ മോഡൽ പിന്നീട് പിൻവലിക്കുകയായിരുന്നു.

എന്നാൽ ഇക്കുറി സാചര്യം വ്യത്യസ്തമാണെന്നു ടി കെ എം കരുതുന്നു. രണ്ടു ലീറ്ററിലേറെ ശേഷിയുള്ള ഡീസൽ എൻജിനുകൾക്കു സുപ്രീം കോടതി പ്രഖ്യാപിച്ച വിലക്ക് മൂലം ഡൽഹി രാജ്യതലസ്ഥാന മേഖലയിൽ പുതിയ ‘ഇന്നോവ ക്രിസ്റ്റ’ വിൽക്കാനാവാത്ത സ്ഥിതിയായിരുന്നു. പെട്രോൾ എൻജിനുള്ള ‘ഇന്നോവ ക്രിസ്റ്റ’ അവതരിപ്പിക്കുക വഴി ഈ പ്രധാന വിപണിയിൽ വീണ്ടും വാഹന വിൽപ്പന സാധ്യമാവുമെന്നതാണു ടി കെ എമ്മിനുള്ള നേട്ടം.