ഇന്നോവ ക്രിസ്റ്റയ്ക്ക് പുതിയ വകഭേദം

Representative Image

ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ജനപ്രിയ എംയുവി ക്രിസ്റ്റയ്ക്ക് പുതിയ വകഭേദവുമായി ടൊയോട്ട എത്തുന്നു. ഇന്നോവ ടൂറിങ് സ്പോർട്സ് എന്ന് പേരിട്ടിരിക്കുന്ന വാഹനം ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തായ്‌ലൻഡ് വിപണിയിൽ പുറത്തിറങ്ങിയ ക്രിസ്റ്റയുടെ പ്രത്യേക പതിപ്പായിരിക്കും ടൂറിങ് സ്പോർട്സ് എന്ന പേരിൽ ഇന്ത്യയിൽ പുറത്തിറക്കുക.

ക്രിസ്റ്റയുടെ ഉയർന്ന വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രത്യേക പതിപ്പ് പുറത്തിറക്കുക. വൈൻ റെഡ് നിറത്തിലുള്ള ടൂറിങ് സ്പോർട്സിന് കറുത്ത നിറത്തിലുള്ള ബോഡി ക്ലാഡിങ്ങുകളും ക്രോം ഇൻസേർട്ടുകളുമായിട്ടാണ് പ്രത്യേക പതിപ്പ് പുറത്തിറങ്ങുക. കൂടാതെ കറുത്ത നിറത്തിലുള്ള സ്പോർട്ടി അലോയ് വീലുകളും ടൂറിങ് സ്പോർട്സ് ബാഡ്ജിങ്ങും പ്രത്യേക പതിപ്പിലുണ്ട്.

ഇന്നോവയുടെ പിൻഗാമിയായി ഇന്നോവ ക്രിസ്റ്റയെ കഴിഞ്ഞ വർഷമാണ് കമ്പനി പുറത്തിറക്കുന്നത്. രണ്ട് ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുമായി കഴിഞ്ഞ മേയിൽ കമ്പനി പുറത്തിറങ്ങിയ ഇന്നോവയുടെ പെട്രോൾ വകഭേദം ഓഗസ്റ്റ് ആദ്യം പുറത്തിറക്കിയിരുന്നു. 2.7 ലീറ്റർ പെട്രോൾ എൻജിൻ, 2.8 ലിറ്റര്‍ ഡീസൽ, 2.4 ലിറ്റര്‍ ഡീസല്‍ എന്നീ എൻജിൻ വകഭേദങ്ങളുമായാണ് ഇന്നോവ വിപണിയിലുള്ളത്.