ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ട്രയംഫ് മോട്ടോർ സൈക്കിൾ ഇന്ത്യ ഇക്കൊല്ലം മൂന്നു പുതിയ ഡീലർഷിപ് കൂടി തുറക്കും. ഡിസംബറിനകം വിജയവാഡ, ഗോവ, ലക്നൗ എന്നീ നഗരങ്ങളിൽ പുതിയ ഷോറൂമുകൾ തുടങ്ങുന്നതോടെ കമ്പനിക്ക് ഇന്ത്യയിലുള്ള ഡീലർഷിപ്പുകളുടെ എണ്ണം 15 ആയി ഉയരും. നിലവിൽ ഡൽഹി, മുംബൈ, പുണെ, ചണ്ഡീഗഢ്, ജയ്പൂർ, ഇൻഡോർ, അഹമ്മദബാദ്, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരബാദ് എന്നീ നഗരങ്ങൾക്കൊപ്പം കൊച്ചിയിലും ട്രയംഫ് ഷോറൂം പ്രവർത്തിക്കുന്നുണ്ട്. രണ്ടു വർഷത്തിനിടെ രണ്ടായിരത്തി അഞ്ഞൂറിലേറെ സൂപ്പർ ബൈക്കുകളാണ് ഇന്ത്യയിൽ വിറ്റതെന്നു ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ മാനേജിങ് ഡയറക്ടർ വിമൽ സുംബ്ലി അറിയിച്ചു. വിൽപ്പനയിൽ വളർച്ച ലക്ഷ്യമിട്ടാണു വിപണന സാധ്യതയേറിയ മേഖലകളിൽ പുതിയ ഡീലർഷിപ്പുകൾ ആരംഭിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
വിജയവാഡയിലെ പുതിയ ഷോറൂം മേയ് — ജൂണോടെ പ്രവർത്തനക്ഷമമാവുമെന്നാണു പ്രതീക്ഷ. ഡിസംബറിനു മുമ്പായി ഗോവയിലെയും ലക്നൗവിലെയും ഡീലർഷിപ്പുകളും പ്രവർത്തനം ആരംഭിക്കുമെന്നു സുംബ്ലി വ്യക്തമാക്കി. വിപണി ശൈശവ ദശയിലായതിനാൽ ഇന്ത്യയിൽ ആഡംബര സൂപ്പർ ബൈക്കുകൾക്ക് ആവശ്യക്കാരേറെയാണെന്നാണു സുംബ്ലിയുടെ പക്ഷം. ബിസിസുകാരാണു പ്രധാനമായും സൂപ്പർ ബൈക്ക് വാങ്ങുന്നത്; മൊത്തം വിൽപ്പനയുടെ 40 ശതമാനത്തോളം ഈ വിഭാഗത്തിൽ നിന്നാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഹരിയാനയിലെ മനേസാറിലാണു ട്രയംഫിന്റെ അസംബ്ലി പ്ലാന്റ് പ്രവർത്തിക്കുന്നത്. ക്ലാസിക്, ക്രൂസർ, റോഡ്സ്റ്റർ, അഡ്വഞ്ചർ, സൂപ്പർ സ്പോർട്സ് വിഭാഗങ്ങളിലായി മൊത്തം 16 മോഡലുകളാണ് കമ്പനി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്.
വിൽപ്പനയിൽ മുന്നിൽ ക്ലാസിക് വിഭാഗമാണെന്നു സുംബ്ലി അറിയിച്ചു; മൊത്തം വിൽപ്പനയുടെ പകുതിയോളം ഇത്തരം മോഡലുകളുടെ സംഭാവനയാണ്. എങ്കിലും ഭാവിയിൽ അഡ്വഞ്ചർ വിഭാഗത്തിൽ നിന്നാവും മികച്ച വിൽപ്പന കൈവരിക്കാനാവുകയെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇതിഹാസമാനങ്ങളുള്ള ‘ബോൺവില്ലി’ന്റെ പുതുതലമുറ ശ്രേണി കമ്പനി കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അനാവരണം ചെയ്തിരുന്നു. തുടർന്നു ഗോവയിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിലും ബൈക്ക് ശ്രദ്ധാകേന്ദ്രമായിരുന്നു. ‘സ്ട്രീറ്റ് ട്വിൻ’, ‘ബോൺവിൽ ടി 120’, ‘ത്രക്സ്റ്റൻ ആർ’ എന്നിവയാണു പുതിയ ‘ബോൺവിൽ’ ശ്രേണിയിലുള്ളത്.