ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡിനു കനത്ത വെല്ലുവിളി ഉയർത്താൻ യു എസ് മോട്ടോർ സൈക്കിൾ ബ്രാൻഡായ യു എം ഇന്റർനാഷനൽ എത്തുന്നു. ‘ബുള്ളറ്റ്’ അരങ്ങുവാഴുന്ന ഇടത്തരം പ്രീമിയം വിഭാഗത്തിൽ രണ്ടു പുതിയ മോഡലുകൾ അവതരിപ്പിക്കാനാണു കമ്പനി തയാറെടുക്കുന്നത്.
‘റെനെഗെഡ് കമാൻഡൊ’, ‘റെനെഗെഡ് സ്പോർട്സ്’ എന്നീ 300 സി സി ബൈക്കുകളുമായാണ് ഫ്ളോറിയ ആസ്ഥാനമായ യു എം ഇന്റർനാഷനൽ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ഡൽഹി ഷോറൂമിൽ യഥാക്രമം 1.49 ലക്ഷം രൂപയും 1.59 ലക്ഷം രൂപയുമാവും ‘റെനെഗെഡ് കമാൻഡൊ’യ്ക്കും, ‘റെനെഗെഡ് സ്പോർട്സി’നും വില. ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് ഈ മാസം അവസാനിക്കുംമുമ്പ് മൂവായിരത്തോളം ബൈക്കുകൾ കൈമാറുമെന്നും യു എം ഇന്ത്യ ഡയറക്ടർ രാജീവ് മിശ്ര അറിയിച്ചു. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച പിന്നാലെയാണ് യു എമ്മിന് ഇത്രയേറെ ബുക്കിങ്ങുകൾ ലഭിച്ചത്. എന്നാൽ ഏതൊക്കെ മോഡലുകളാണു കൈമാറുകയെന്നതു സംബന്ധിച്ച വിശദാംശങ്ങൾ മിശ്ര വെളിപ്പെടുത്തിയില്ല.
ഒക്ടാവിയൊ വില്ലേജസ് ലാനോ സ്ഥാപിച്ച യു എം ഇന്റർനാഷനൽ 2000 മുതലാണു ബൈക്ക് നിർമാണമേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചത്. 2013 മുതൽ കമ്പനിയുടെ ബൈക്കുകൾ ആഭ്യന്തര വിപണിയിൽ വിൽപ്പനയ്ക്കുണ്ട്. ഉത്തരാഖണ്ഡിൽ നിർമാണശാലയുള്ള, ഡൽഹി ആസ്ഥാനമായ ലോഹിയ ഓട്ടോ ഇൻഡസ്ട്രീസുമായി സഹകരിക്കാൻ 2014 സെപ്റ്റംബറിലാണു യു എം തീരുമാനിച്ചത്. തുടർന്ന് കാശിപൂർ ശാലയിൽ യു എം ബ്രാൻഡ് മോട്ടോർ സൈക്കിളുകൾ നിർമിക്കാനായി ഇരുപങ്കാളികളും ചേർന്ന് യു എം ലോഹിയ യൂ വീലേഴ്സ് സ്ഥാപിച്ചു. പ്രതിവർഷം അര ലക്ഷത്തോളം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാലയ്ക്കായി യു എം 100 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും മിശ്ര വെളിപ്പെടുത്തി. വിപണിയിൽ നിന്നുള്ള ആവശ്യം വർധിച്ചാൽ ഉൽപ്പാദനം ഒരു ലക്ഷം യൂണിറ്റോളമായി ഉയർത്താനാവുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ അൻപതോളം ഡീലർഷിപ്പുകളാണു യു എമ്മിന് ഇന്ത്യയിലുള്ളത്; ഇതിൽ 37 കേന്ദ്രങ്ങളിൽ ബൈക്ക് വിൽപ്പനയ്ക്കു തുടക്കവുമായിട്ടുണ്ട്.
വിപണിയുടെ ആവശ്യത്തിനൊത്ത് ബൈക്കുകൾ ലഭ്യമാക്കാൻ റോയൽ എൻഫീൽഡിനു കഴിയാത്തതു കമ്പനിക്കു ഗുണകരമാവുമെന്നാണു മിശ്രയുടെ പ്രതീക്ഷ. ഒപ്പം ദീപാവലി ഉത്സവകാലത്തോടെ മൂന്നാം മോഡലായ ‘കമാൻഡോ ക്ലാസിക് കൂടിയെത്തുന്നതോടെ കച്ചവടം മെച്ചപ്പെടുമെന്നും അദ്ദേഹം കരുതുന്നു; 300 സി സി എൻജിനുള്ള ബൈക്കിന് 1.79 ലക്ഷം രൂപയാണു ഷോറൂം വില. മാർച്ചിനുള്ളിൽ പുതിയ 200 സി സി, 400 സി സി ബൈക്കുകൾ കൂടി വിൽപ്പനയ്ക്കെത്തിക്കാനും യു എമ്മിനു പദ്ധതിയുണ്ട്.