Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി എസ് ടി: യു എം എല്ലും ബൈക്ക് വില കുറച്ചു

um-renegade-commando Um Renegade Commando

ചരക്ക്, സേവന നികുതി (ജി എസ് ടി) പ്രാബല്യത്തിലെത്തുന്നതിനു മുന്നോടിയായി ഇന്ത്യയിലെ ബൈക്കുകളുടെ വില കുറയ്ക്കുകയാണെന്ന് യു എം ലോഹിയ ടു വീലേഴ്സ്(യു എം എൽ) പ്രഖ്യാപിച്ചു. പുതിയ നികുതി നിരക്ക് നടപ്പാവുന്നതോടെ ലഭിക്കുമെന്നു കരുതുന്ന, 5,700 രൂപയുടെ വരെ ആനുകൂല്യമാണു യു എസ് ആസ്ഥാനമായ യു എം ഇന്റർനാഷനലും ഇന്ത്യൻ പങ്കാളിയായ ലോഹിയ ഓട്ടോയും ചേർന്നു സ്ഥാപിച്ച യു എം എൽ ഇടപാടുകാർക്കു കൈമാറുന്നത്.

പുതിയ നിരക്കനുസരിച്ചു ‘റെനെഗേഡ് സ്പോർട്സ് എസ്’ വിലയിൽ 4,199 രൂപയുടെയും ‘റെനെഗേഡ് കമാൻഡൊ’ വിലയിൽ 5,684 രൂപയുടെയും ഇളവാണു പ്രാബല്യത്തിലെത്തുക. ഇപ്പോൾ ‘റെനെഗേഡ് സ്പോർട്സ് എസി’ന് 1,78,518 രൂപയാണു പുണെ ഷോറൂമിൽ വില; ‘റെനെഗേഡ് കമാൻഡൊ’യ്ക്ക് 1,84,397 രൂപയും. ജൂലൈ ഒന്നിനു ജി എസ് ടി നിലവിൽ വരുന്നതോടെ മിക്ക സംസ്ഥാനങ്ങളിലും മോട്ടോർ സൈക്കിളുകളുടെ നികുതി നിരക്ക് കുറയും. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിരക്കിലുള്ള കുറവുകളാവും നിലവിൽ വരിക.

ജി എസ് ടി നിലവിൽ വരുമ്പോൾ പ്രതീക്ഷിക്കുന്ന ഇളവുകൾ മുൻകൂറായി ഉപയോക്താക്കൾക്കു കൈമാറാനാണു കമ്പനി തീരുമാനിച്ചതെന്നു യു എം എൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ രാജീവ് മിശ്ര അറിയിച്ചു. ജി എസ് ടിയിൽ മിക്ക ഇരുചക്രവാഹനങ്ങൾക്കും 28% നികുതിയാണു ബാധകമാവുക; നിലവിലുള്ള നിരക്കാവട്ടെ 30 ശതമാനത്തോളമാണ്. അതേസമയം 350 സി സിയിലേറെ എൻജിൻ ശേഷിയുള്ള ബൈക്കുകൾക്ക് മൂന്നു ശതമാനം അധിക സെസും ബാധകമാവും.

Read More: Auto News Bike Tips Fasttrack