ഇന്ത്യയിൽ വിൽക്കുന്ന ഇരുചക്രവാഹനങ്ങളുടെ വില വർധിപ്പിക്കാൻ അമേരിക്കൻ മോട്ടോർ സൈക്കിൾ നിർമാതാക്കളായ യു എം മോട്ടോർ സൈക്കിൾസ് തീരുമാനിച്ചു. വിവിധ മോഡലുകളുടെ വിലയിൽ അഞ്ചു ശതമാനം വരെ വില വർധനയാണു പുതുവർഷദിനം മുതൽ പ്രാബല്യത്തോടെ കമ്പനി നടപ്പാക്കിയത്. ലോഹ്യ ഓട്ടോയുടെ പങ്കാളിത്തത്തോടെയാണു യു എം മോട്ടോർ സൈക്കിൾസിന്റെ ഇന്ത്യയിലെ പ്രവർത്തനം. ‘റെനെഗേഡ് കമാൻഡോ’യുടെ വില ഡൽഹി ഷോറൂമിൽ 1.64 ലക്ഷം രൂപയായി ഉയർന്നപ്പോൾ ‘റെനെഗേഡ് സ്പോർട്സ് എസ്’ സ്വന്തമാക്കാൻ ഇനി 1.57 ലക്ഷം രൂപ മുടക്കണം. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച ബൈക്കുകളുടെ വില യഥാക്രമം 1.59 ലക്ഷം രൂപയും 1.49 ലക്ഷം രൂപയുമായിരുന്നു.
അസംസ്കൃത വസ്തുക്കളുടെ വിലയിലും ഉൽപ്പാദന ചെലവിലും നേരിട്ട വർധന മൂലമാണു വാഹന വില കൂട്ടേണ്ടി വന്നതെന്ന് യു എം എൽ ഡയറക്ടർ രാജീവ മിശ്ര വിശദീകരിച്ചു. വില വർധനയുടെ പ്രത്യാഘാതം കഴിയുന്നത്ര പരിമിതപ്പെടുത്താൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഒപ്പം ആകർഷ വ്യവസ്ഥകളിൽ വാഹന വായ്പയും ലഭ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. യാത്രാവാഹന വിഭാഗത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ, നിസ്സാൻ, റെനോ, ടൊയോട്ട, ടാറ്റ മോട്ടോഴ്സ്, മെഴ്സീഡിസ് ബെൻസ്, ഇസൂസു തുടങ്ങിയവരെല്ലാം പുതുവർഷത്തിൽ വില വർധിപ്പിച്ചു. ആഡംബര കാർ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ഇന്ത്യ ലിമിറ്റഡിന്റെ വാഹനവിലയും പുതുവർഷത്തിൽ ഉയർന്നു. ഇരുചക്രവാഹന വിഭാഗത്തിലാവട്ടെ ബജാജ് ഓട്ടോ ലിമിറ്റഡും ജനുവരി മുതൽ പ്രാബല്യത്തോടെ 1,500 രൂപ വരെ വില വർധിപ്പിച്ചിരുന്നു.
അതേസമയം വിൽപ്പന മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഇറ്റാലിയൻ — യു എസ് വാഹന നിർമാതാക്കളായ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ് (എഫ് സി എ) ഇന്ത്യ പുതുവർഷത്തിൽ വാഹന വില കുറയ്ക്കുകയും ചെയ്തു. സെഡാനായ ‘ലീനിയ’യുടെ വിലയിൽ 77,121 രൂപയും ഹാച്ച്ബാക്കായ ‘പുന്തൊ ഇവൊ’ വിലയിൽ 47.365 രൂപയുമാണ് എഫ് സി എ കുറച്ചത്. ഏകദേശം 7.3% ഇളവ് അനുവദിച്ചതോടെ ‘ലീനിയ’ വകഭേദങ്ങളുടെ വില 7.25 — 9.99 ലക്ഷം രൂപ നിലവാരത്തിലെത്തി.