നടപ്പു സാമ്പത്തിക വർഷം 12,000 മോട്ടോർ സൈക്കിളുകൾ വിൽക്കാനാവുമെന്നു യു എം മോട്ടോർ സൈക്കിൾസിനു പ്രതീക്ഷ. 2018 ആകുമ്പോഴേക്ക് വിൽപ്പന 40,000 യൂണിറ്റിലെത്തിക്കാനാവുമെന്നു യു എസിലെ യു എം ഇന്റർനാഷനലും ലോഹിയ ഓട്ടോയും ചേർന്നു സ്ഥാപിച്ച സംയുക്ത സംരംഭമായ യു എം മോട്ടോർ സൈക്കിൾസ് കരുതുന്നു. ഇപ്പോൾ തന്നെ വിവിധ മോഡുകൾക്കായി നാലായിരത്തോളം ഓർഡറുകൾ ലഭിച്ചെന്നാണു കമ്പനിയുടെ അവകാശവാദം. അവതരണ വേളയിൽ ലഭിച്ച മികച്ച സ്വീകരണമാണ് ഇക്കൊല്ലം മികച്ച വിൽപ്പന നേടാനാവുമെന്ന പ്രതീക്ഷ നൽകുന്നതെന്നു ലോഹിയ ഓട്ടോ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആയുഷ് ലോഹിയ വിശദീകരിച്ചു. തുടക്കത്തിൽ തന്നെ നാലായിരത്തോളം ബുക്കിങ്ങുകൾ നേടാനും കമ്പനിക്കു കഴിഞ്ഞു. പ്രകടനം മെച്ചപ്പെടുന്നതിനനുസൃതമായി വിപണന ശൃംഖല വിപുലീകരിക്കാനും ഉൽപ്പാന ശേഷി ഉയർത്താനും നടപടിയെടുക്കുമെന്നും ലോഹിയ വെളിപ്പെടുത്തി.
നിലവിൽ അൻപതോളം ഡീലർമാരെ നിയമിക്കാൻ ധാരണയായിട്ടുണ്ട്; ഇതിൽ മുപ്പത്തി അഞ്ചോളം ഷോറൂമുകൾ ഈ ഉത്സവകാലം അവസാനിക്കുമ്പോഴേക്ക് പ്രവർത്തനക്ഷമമാവുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡിലെ കാശിപൂരിലുള്ള ശാലയിലാണു യു എം മോട്ടോർ സൈക്കിളുകൾ നിർമിക്കുന്നത്. നിലവിൽ ബൈക്കുകളുടെ 40 — 50% ഘടകങ്ങൾ പ്രാദേശികമായി സമാഹരിച്ചവയാണ്; അടുത്ത സാമ്പത്തിക വർഷത്തോടെ ഇത്തരം ഘടങ്ങളുടെ വിഹിതം 60 — 70% ആക്കി ഉയർത്താനാണു കമ്പനിയുടെ പദ്ധതി. ഒപ്പം ഇന്ത്യയിൽ എൻജിൻ നിർമിക്കാനായി യു എം മോട്ടോർ സൈക്കിൾസ് 50 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്. നിലവിൽ വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഘടങ്ങൾ ഇന്ത്യയിലെത്തിച്ചു സംയോജിപ്പിച്ചാണു കമ്പനി ബൈക്കുകൾ നിർമിക്കുന്നത്.
റോയൽ എൻഫീൽഡുമായി മത്സരിക്കാൻ ലക്ഷ്യമിട്ട് ‘റെനെഗേഡ് കമാൻഡൊ’, റെനെഗേഡ് സ്പോർട്സ് എസ്’ ബൈക്കുകളാണു നിലവിൽ യു എം മോട്ടോർ സൈക്കിൾസ് ഇന്ത്യയിൽ വിൽക്കുന്നത്. ട്രയംഫും ഹാർലി ഡേവിഡ്സനുമൊക്കെ പ്രീമിയം വിഭാഗത്തിലായതിനാൽ ക്രൂസർ രംഗത്തു റോയൽ എൻഫീൽഡുമായി മാത്രമാണു മത്സരമെന്നു ലോഹിയ വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിൽ മികച്ച വളർച്ചാ സാധ്യതയുണ്ടെന്നും അദ്ദേഹം കരുതുന്നു. വരുംമാസങ്ങളിൽ അയൽ രാജ്യങ്ങളിലേക്കു ബൈക്ക് കയറ്റുമതി ആരംഭിക്കാനും യു എം മോട്ടോർ സൈക്കിൾസിനു പദ്ധതിയുണ്ട്. ആസിയാൻ മേഖലയിലെ നേപ്പാളിലേക്കും ബംഗ്ലദേശിലേക്കുമാവും ആദ്യ കയറ്റുമതിയെന്നും ലോഹിയ അറിയിച്ചു. പ്രതിവർഷം ഒരു ലക്ഷം യൂണിറ്റാണ് കമ്പനിയുടെ ഉൽപ്പാദന ശേഷി; ഇതിൽ 60,000 ഇരുചക്രവാഹനങ്ങളാണെന്നും അദ്ദേഹം വെളിപ്പെടുത്തി.