ഇതിഹാസ മാനങ്ങളുള്ള ചെറുകാറായ ‘ബീറ്റിലി’ന്റെ പുതിയ പതിപ്പ് ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചു. ഹബനിറൊ ഓറഞ്ച്, ഓറിക്സ് വൈറ്റ്, ടൊർണാഡൊ റെഡ്, ബ്ലൂ സിൽക്ക് നിറങ്ങളിൽ ലഭിക്കുന്ന കാറിന് മുംബൈ ഷോറൂമിൽ 28.73 ലക്ഷം രൂപയാണു വില. കഴിഞ്ഞ മാസം 17 മുതൽ ഒരു ലക്ഷം രൂപ അഡ്വാൻസ് ഈടാക്കി ‘ബീറ്റിലി’നുള്ള ബുക്കിങ്ങുകൾ ഫോക്സ്‌വാഗൻ സ്വീകരിച്ചു തുടങ്ങിയിരുന്നു. ടർബോ ചാർജ്ഡ് 1.4 ലീറ്റർ ടി എസ് ഐ എൻജിൻ കരുത്തേകുന്ന കാറിൽ ഏഴു സ്പീഡ് ട്രാൻസ്മിഷനാണു ഗീയർബോക്സ്. 16 ഇഞ്ച് അലോയ് വീലും ഇലക്ട്രോ മെക്കാനിക്കൽ, സ്പീഡ് സെൻസിറ്റീവ് പവർ സ്റ്റീയറിങ്ങും കാറിലുണ്ട്. പനോരമിക് ടിൽറ്റ്/സ്ലൈഡ് സൺറൂഫ്, എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ് സഹിതം ബൈ സീനോൻ ഹെഡ്ലാംപ്, സ്റ്റാറ്റിക് കോണറിങ് ഫംക്ഷൻ സഹിതം മുൻ ഫോഗ് ലാംപ്, എൽ ഇ ഡി ലൈസൻസ് പ്ലേറ്റ് ലൈറ്റ്, ക്രോം സ്ട്രിപ് സഹിതം ബോഡി കളറിൽ പ്രൊട്ടക്റ്റീവ് സൈഡ് മോൾഡിങ്, റിയർ സ്പോയ്ലർ, ബോഡി കളേഡ് ഡോർ ഹാൻഡിൽ, വിൻഡോകളിൽ ഗ്രീൻ ഹീറ്റ് ഇൻസുലേറ്റിങ് ഗ്ലാസ് എന്നിവയും പുതിയ ‘ബീറ്റിലി’ലുണ്ട്.
അകത്തളത്തിൽ മൂഡ് ലൈറ്റിങ്, മൾട്ടി ഫംക്ഷൻ ഡിസ്പ്ലേ സഹിതം ലതർ പൊതിഞ്ഞ മൾട്ടി ഫംക്ഷൻ സ്റ്റീയറിങ് വീൽ, സൺ വൈസറിൽ ഇലൂമിനേറ്റഡ് വാനിറ്റി മിറർ, മുന്നിൽ രണ്ടു റീഡിങ് ലൈറ്റ് എന്നിവയാണു ‘ബീറ്റിലി’ന്റെ സവിശേഷത. സുരക്ഷയ്ക്കായി ഡ്രൈവർക്കും മുൻ സീറ്റ് യാത്രക്കാർക്കും എയർബാഗ് ലഭ്യമാണ്. മുൻസീറ്റിലെ പാസഞ്ചർ എയർബാഗ് ഡി ആക്ടിവേഷൻ, കംബൈൻഡ് കർട്ടൻ ആൻഡ് സൈഡ് എയർബാഗ്, ഡ്രൈവർ സ്റ്റീയറിങ് റെക്കമെൻഡേഷൻ സഹിതം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എ ബി എസ്, എ എസ് ആർ, ഇ ഡി എൽ, ഇ ഡി ടി സി, ഹിൽ ഹോൾഡ് കൺട്രോൾ, ഇലക്ട്രോണിക് ഇമ്മൊബലൈസർ, ഗ്രാഫിക്കൽ ഡിസ്പ്ലേയും ശബ്ദസൂചനയും സഹിതം മുൻ — പിൻ പാർക്ക് ഡിസ്റ്റൻസ് കൺട്രോൾ എന്നിവയെല്ലാം കാറിലുണ്ട്.
ആറു പതിറ്റാണ്ടിലേറെയായി വാഹന ചരിത്രം തിരുത്തിക്കുറിച്ച പാരമ്പര്യമാണ് ഐതിഹാസിക മോഡലായ ‘ബീറ്റിലി’ന്റേതെന്ന് ഫോക്സ‌്‌വാഗൻ പാസഞ്ചർ കാർസ് ഡയറക്ടർ മൈക്കൽ മേയർ അഭിപ്രായപ്പെട്ടു. സമയത്തെ വെല്ലുന്ന ആകർഷണീയതയ്ക്കു കൂട്ടായി ആധുനിക സാങ്കേതികവിദ്യയുടെ മികവും പുതിയ ‘ബീറ്റിലി’നു കൂട്ടുണ്ട്. ഈ 21—ാം നൂറ്റാണ്ടിന്റെ ‘ബീറ്റിലി’നെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാൻ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിദേശത്തു നിർമിച്ച് ഇറക്കുമതി വഴി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ‘ബീറ്റിലി’ന്റെ എതിരാളികൾ ‘മിനി കൂപ്പർ’, മെഴ്സീഡിസ് ‘എ ക്ലാസ്’, ബി എം ഡബ്ല്യു ‘വൺ സീരീസ്’, ഫിയറ്റ് ‘500 അബാർത്ത്’ തുടങ്ങിയവയാണ്.