പഴയ കാറിനു മികച്ച വില ലഭിക്കണോ?

ഒരു കാർ വാങ്ങിയാൽ ജീവിതകാലം മുഴുവൻ ആ വാഹനം തന്നെ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. പുതിയ കാർ വാങ്ങി അഞ്ചു വർഷത്തിനകം അതു വിറ്റു പുതിയവ സ്വന്തമാക്കുന്നവരാണ് ഏറെ ആളുകളും. എന്നാൽ പഴയ കാർ വിൽക്കാൻ ശ്രമിക്കുമ്പോൾ ഉദ്ദേശിക്കുന്ന വില ലഭിക്കുന്നില്ലെന്ന പരാതി ധാരാളം കേൾക്കാറുണ്ട്. സെക്കന്‍ഡ് ഹാൻഡ് കാറുകൾക്കു മികച്ച വില ലഭിക്കാൻ എന്തു ചെയ്യണം? ചില പൊടിക്കൈകള്‍

കൃത്യമായ മെയിന്റെനൻസ്

കമ്പനി നിഷ്കർഷിക്കുന്ന കൃത്യമായ ഇടവേളകളിലുള്ള സർവീസ് നിങ്ങളുടെ കാറിനെ എല്ലാക്കാലത്തും മികച്ച രീതിയിൽ ഓടാൻ സഹായിക്കും. അംഗീകൃത വർക്‌ഷോപ്പിൽ മാത്രം സർവീസ് ചെയ്യുക. ഗുണനിലവാരം കുറഞ്ഞ ഡ്യുപ്ളിക്കേറ്റ് ഘടകങ്ങൾ കഴിവതും ഒഴിവാക്കി അംഗീകൃത ഏജൻസികൾ വിൽക്കുന്ന ഒറിജിനൽ ഘടകങ്ങൾ മാത്രം ഉപയോഗിക്കുക.

സർവീസ് ബില്ലുകൾ സൂക്ഷിക്കൂ

സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുന്നവരെ പ്രധാനമായും അലട്ടുന്ന പ്രശ്നമായിരിക്കും സർവീസ് കോസ്റ്റ്. ബില്ലുകൾ സൂക്ഷിച്ചാൽ സർവീസ് കോസ്റ്റ് കുറവാണെന്ന് തെളിയിക്കാൻ സാധിക്കും.

എക്സ്റ്റെന്റഡ് വാറന്റി

അപ്രതീക്ഷിതമായി വരുന്ന ചിലവുകൾ എക്സ്റ്റെന്റഡ് വാറന്റിയുണ്ടെങ്കിൽ ഒഴിവാക്കാനാകും. വിൽക്കുന്ന സമയത്ത് എക്സ്റ്റെന്റഡ് വാറന്റി കാലാവധി ബാക്കിയുണ്ടെങ്കിൽ അതു കാണിച്ചും കൂടുതൽ തുക ആവശ്യപ്പെടാവുന്നതാണ്.

വാഹനം വൃത്തിയായി സൂക്ഷിക്കാം

വാഹനം എപ്പോഴും വൃത്തിയായി സുക്ഷിക്കാം. കൂടുതൽ ചെളിപിടിച്ചിരിക്കുന്ന വാഹനത്തിന്റെ പെയിന്റിനു കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്റീരിയർ എപ്പോഴും വൃത്തിയായി സുക്ഷിക്കുന്നതു കാറിന്റെ പുതുമ നിലനിർത്താൻ സഹായിക്കും. കൂടാതെ ഇലക്ട്രിക്കൽ പാർട്സുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്.

മോഡിഫിക്കേഷനുകൾ ഒഴിവാക്കുക

ആഫ്റ്റർ മാർക്കറ്റ് ഫിറ്റിങ്ങുകൾ ഒഴിവാക്കുക. വാഹനത്തിന്റെ സ്റ്റോക്ക് ടയറുകൾ മാറ്റി അലോയ് വീലുകള്‍ ഇടുന്നത് ഒഴിവാക്കാം. സസ്പെൻഷനിൽ വരുത്തുന്ന മാറ്റങ്ങളും നിറത്തില്‍ വരുത്തുന്ന മാറ്റങ്ങളും വാഹന ഉടമയുടെ ഇഷ്ടപ്രകാരമായിരിക്കും. അതു വാഹനം വാങ്ങാൻ വരുന്നവർക്ക് ഇഷ്ടപെടണമെന്നില്ല. എൻജിൻ മോഡിഫിക്കേഷനുകൾ പരമാവധി ഒഴിവാക്കുക. എൻജിന്റെ കരുത്തു കൂട്ടി വാഹനത്തിന്റെ പെർഫോമൻസിന് മാറ്റം വരുത്തുന്നത് വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ടു തന്നെ സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നവർ അത്തരത്തിലുള്ള വാഹനങ്ങൾ ഒഴിവാക്കാറാണു പതിവ്.

നിറം പ്രധാന ഘടകം

പച്ച, നീല, മഞ്ഞ തുടങ്ങിയ കടുംനിറങ്ങൾ എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. അത്തരത്തിലുള്ള നിറങ്ങൾ സെക്കൻഡ് ഹാൻ‍ഡ് വിപണിയിൽ വാഹനത്തിന്റെ ഡിമാൻഡ് കുറയ്ക്കും.