ഇനി കൈകൊണ്ടു സിഗ്നൽ വേണ്ട: റോഡിലെ പുതിയ നിയമങ്ങൾ

Representative Image

ഓടിക്കുന്ന വാഹനം നിർത്താൻ എന്താണു സിഗ്നൽ?കൈ പുറത്തേക്കിട്ടു നിവർത്തി മൂന്നുവട്ടം ‘സ്ലോഡൗൺ’ ചെയ്യണം, അതിനു ശേഷം കൈ 90 ഡിഗ്രി ആംഗിളിൽ മടക്കി കൈപ്പത്തി നിവർത്തി കാണിക്കണം. തോളും കൈമുട്ടും 90 ഡിഗ്രിയിൽ തന്നെ വേണം...... ഡ്രൈവിങ് ലൈസൻസ് പരീക്ഷയ്ക്ക്, കൈ അൽപമൊന്നു വളഞ്ഞുപോയാൽ, സ്ലോഡൗൺ സിഗ്നൽ ഒന്നു കുറഞ്ഞു പോയാൽ ലൈസൻസ് കിട്ടുമായിരുന്നില്ല. ലൈസൻസ് എടുക്കാൻ വേണ്ടി മാത്രം പഠിക്കുകയും പിന്നീട് ഒരിക്കൽ പോലും പ്രയോഗിച്ചിട്ടില്ലാത്തതുമായ സിഗ്നൽ ആയിരിക്കാം ഇത്.

ഓവർടേക്ക് ചെയ്യാൻ സമ്മതം നൽകുന്നതിനും വാഹനം ഇടത്തോട്ടു തിരിക്കുന്നതിനുമെല്ലാം ഹാൻഡ് സിഗ്നലുകളുണ്ട്. പരിശീലന സമയത്ത് ആരും പഠിപ്പിച്ചതല്ലെങ്കിലും, സ്വയം അഭ്യസിച്ച വേറെയും ചില സിഗ്നലുകൾ പ്രയോഗത്തിലുണ്ട്, വാഹനം നേരെതന്നെയാണു പോകുന്നത് എന്നറിയിക്കാൻ രണ്ടു വശത്തേയും മഞ്ഞ ലൈറ്റുകൾ മിന്നിച്ചുള്ള പോക്ക്. പുറകെ വരുന്ന വാഹനത്തോട് ഓവർടേക് ചെയ്തോളാൻ അനുമതി നൽകുന്നതിനു വലത്തേക്ക് ഇൻഡിക്കേറ്റർ ഇടുന്ന രീതി......ഇത്തരം ‘സ്വയം സിഗ്നലുകൾ’ അപകടങ്ങൾക്ക് ഇടവരുത്തുന്നുവെന്നാണു മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.

കൈകാര്യം വേണ്ട

പുതിയ മോട്ടോർ വാഹന (ഡ്രൈവിങ്) റെഗുലേഷൻ 2017 നിയമമനുസരിച്ചു ഡ്രൈവർമാർ ഇനി കൈകൊണ്ടു സിഗ്നൽ കാണിക്കേണ്ട. ഡ്രൈവിങ് സിഗ്നലുകളും ട്രാഫിക് നിയമങ്ങളും പരിഷ്കരിച്ചു പുതിയ നിയമം നിലവിൽ വന്നു. വാഹനം ഓടിക്കുന്ന സമയത്ത് അഞ്ചുതരം സിഗ്നനലുകളാണ് ഉണ്ടായിരുന്നത്. ഇതിൽ വാഹനത്തിന്റെ വേഗം കുറയ്ക്കുന്നതിനുള്ള സിഗ്നൽ ഇനിയില്ല. മറ്റു സിഗ്നലുകൾ ലൈറ്റ് ഉപയോഗിച്ചു ചെയ്യാം.

അതിനു കഴിയാതെ വരുന്ന സമയത്തു മാത്രം മതി കൈകൊണ്ടുള്ള സിഗ്നൽ. സിഗ്നലുകളുടെ കാര്യത്തിൽ മാത്രമേ ഡ്രൈവർമാർക്ക് ആശ്വസിക്കാനുള്ളു, ബാക്കിയെല്ലാം കർശനമായി പാലിക്കേണ്ട നിയമങ്ങൾ തന്നെയാണ്. ഇതുവരെ ഇല്ലാതിരുന്ന ഒട്ടേറെ കാര്യങ്ങൾ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിയമം അറിയില്ലെന്നു പറഞ്ഞു രക്ഷപ്പെടാനാകില്ല. ഡ്രൈവർമാർ എല്ലാം അറിഞ്ഞിരിക്കണമെന്നാണു വ്യവസ്ഥ.

ഡ്രൈവിങ് ടെസ്റ്റിന് ഇനി മുതൽ പുതിയ നിയമമാണു ബാധകം. ലേണേഴ്സ് ടെസ്റ്റ് മുതൽ പുതിയ നിയമങ്ങൾ പഠിക്കേണ്ടിവരും. ചോദ്യങ്ങൾ ഇതിനനുസരിച്ചു മാറും. നിലവിൽ ലൈസൻസ് ഉള്ളവരും പുതിയ നിയമം പഠിക്കണം. കുറ്റവും അതിനുള്ള ശിക്ഷയും പ്രത്യേകം പറഞ്ഞിരുന്നില്ല എന്നതിനാൽ റോഡിലെ എല്ലാ കുറ്റത്തിനും 100 രൂപ മുതലായിരുന്നു ഇതുവരെ പിഴ ചുമത്തിയിരുന്നത്.

നിയമ ലംഘനങ്ങൾക്കു ശിക്ഷിക്കാൻ കാര്യമായ വകുപ്പുകൾ നിയമത്തിലുണ്ടായിരുന്നില്ല. ഇപ്പോൾ നിയമ ലംഘനങ്ങളെക്കുറിച്ചും അതിനുള്ള ശിക്ഷയെക്കുറിച്ചും കൃത്യമായി പറഞ്ഞിരിക്കുന്നു. മുൻപു പത്തിൽ താഴെ വകുപ്പുകൾ മാത്രമുണ്ടായിരുന്ന നിയമത്തിൽ ഇനി 32 വകുപ്പുകളും അൻപതിലേറെ ഉപവകുപ്പുകളുമുണ്ട്. മോട്ടോർ വെഹിക്കിൾസ് (ഡ്രൈവിങ്) റെഗുലേഷൻ 2017 എന്നതാണു പുതിയ നിയമത്തിന്റെ പേര്.

ലെയ്ൻ ട്രാഫിക്

ഒന്നിൽ കൂടുതൽ ട്രാക്കുകളുള്ള റോഡിൽ വലത്തേട്രാക്ക് വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കും സ്പീഡ് കുറഞ്ഞ വാഹനങ്ങൾക്ക് ഇടത്തേ ട്രാക്കും– അതാണു നിയമം.എന്നാൽ നമ്മുടെ ഹൈവേകളിലെ ട്രാഫിക് എങ്ങനെ? വേഗത്തിൽ പോകേണ്ട വാഹനം ഇടത്തോട്ടും വലത്തോട്ടും വെട്ടിത്തിരിച്ചു തോന്നിയപോലെ. ഇതുമൂലമുള്ള അപകടങ്ങളുമേറെ.

അരൂർ മുതൽ കറുകുറ്റിവരെ നാലുവരിപ്പാതയിൽ ലെയ്ൻ ട്രാഫിക് നടപ്പാക്കാൻ ഒട്ടേറെ പരിശ്രമങ്ങൾ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. നിർദേശം പാലിക്കാത്തവരെ ശിക്ഷിക്കാമെന്നു വച്ചാൽ അതിനു നിയമവും ഉണ്ടായിരുന്നില്ല. പുതിയ നിയമത്തിൽ ലെയ്ൻ ട്രാഫിക്കിനെക്കുറിച്ചു വ്യക്തമാക്കുന്നുണ്ട്. ലംഘിക്കുന്നവരെ ശിക്ഷിക്കാനും വ്യവസ്ഥയുണ്ട്.

സ്കൂൾ, ആശുപത്രി, നിർമാണസ്ഥലം, ടണൽ, ചുരം എന്നിവിടങ്ങളിലെല്ലാം എങ്ങനെ വാഹനം ഓടിക്കണം, എന്തൊക്കെ നിയന്ത്രണങ്ങൾ വേണം തുടങ്ങിയ കാര്യങ്ങളും നിയമത്തിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ചുമതലകളും വ്യക്തമായി നിർവചിച്ചിട്ടുണ്ട്.

കാൽനടയാത്രക്കാർ

പുതിയ മോട്ടോർ വെഹിക്കിൾസ് നിയമത്തിൽ ചരിത്രത്തിൽ ആദ്യമായി കാൽനടയാത്രക്കാരും ഇടംപിടിച്ചിരിക്കുന്നു. റോഡ് വാഹനങ്ങൾ ഓടിക്കാൻ മാത്രമുള്ളതാണെന്ന നിയമം ഇതോടെ അപ്രസക്തമായി. ‘സീബ്രാ’ വരകളിൽ റോഡ് കുറുകെക്കടക്കാൻ യാത്രക്കാരൻ തയാറായി നിന്നാൽ കാൽനട യാത്രക്കാരനാണു പ്രാധാന്യം നൽകേണ്ടത്. സീബ്രാ ക്രോസിങ്ങിലുള്ള അപകടത്തിനു ഡ്രൈവർക്കു കൂടുതൽ ഉത്തരവാദിത്തം ഉണ്ട്.

ലൈറ്റുകൾ

സിഗ്നൽ ജംക്‌ഷനിൽ ചുവന്ന സിഗ്നൽ ലൈറ്റ് കണ്ടാൽ വാഹനം നിർത്തണം. പച്ചയാണെങ്കിൽ മുന്നോട്ടുപോകാം. മഞ്ഞ നിറത്തിലാണു ലൈറ്റെങ്കിൽ വാഹനം കരുതലോടെ, സൂക്ഷിച്ചു മുന്നോട്ടെടുക്കണം. സിഗ്നൽ ലൈറ്റ് മറികടന്നുപോകുന്നത് അപകടമായതിനാൽ പലരും ഇക്കാര്യം പഠിച്ചുകഴിഞ്ഞു.

എന്നാൽ റെഡ് സിഗ്നൽ അവഗണിച്ചുപോകുന്ന ഡ്രൈവർക്കുള്ള ശിക്ഷ പഴയ നിയമത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ടായിരുന്നില്ല. എല്ലാത്തരം ലൈറ്റുകളെക്കുറിച്ചും പുതിയ നിയമം കൃത്യതയോടെ വ്യക്തമാക്കുന്നു. മീഡിയനുകളിൽ തോന്നിയപോലെ ലൈറ്റുകൾ സ്ഥാപിച്ചു മിന്നിക്കുന്ന പരിപാടിയും പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ അതു മഞ്ഞ ലൈറ്റുകൾ തന്നെയാവണമെന്നാണു നിർദേശം.

അഭ്യാസം വേണ്ട

കേടായ ഓട്ടോറിക്ഷകൾ മറ്റൊരു ഓട്ടോറിക്ഷയിലിരുന്നു കാലിനു ചവിട്ടി തള്ളിക്കൊണ്ടുപോകുന്നതു നാട്ടിൻപുറങ്ങളിലെ കാഴ്ചയാണ്. ഇരുചക്ര വാഹനങ്ങളും ഇത്തരത്തിൽ കൊണ്ടുപോകാറുണ്ട്. ഇനി അതു പാടില്ല. ബൈക്കുകൾ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. ഇത്തരമൊരു കാഴ്ചകണ്ടാൽ നടപടിയെടുക്കാൻ പൊലീസിന് ഇതുവരെ നിയമത്തിൽ അധികാരമുണ്ടായിരുന്നില്ല. ഇനി നടപടിയെടുക്കാം, പിഴ ചുമത്താം.

എമർജൻസി

ആംബുലൻസ്, ഫയർ ഫൈറ്റിങ് വാഹനം തുടങ്ങിയവ വന്നാൽ മറ്റു വാഹനങ്ങൾ അവയ്ക്കു കടന്നുപോകാൻ വഴിമാറിക്കൊടുക്കണം. വിവിഐപി വാഹനങ്ങൾ ഹോൺമുഴക്കി, പൊലീസ് എസ്കോർട്ടോടെ വന്നാലോ?

പുതിയ നിയമത്തിൽ എമർജൻസി വാഹനങ്ങൾ ഏതൊക്കെയെന്നു കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതുവരെ നിയമത്തിൽ അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല. എമർജൻസി വാഹനങ്ങൾ തന്നെ മൂന്നോ നാലോ വിഭാഗമായി തിരിച്ചിട്ടുണ്ട്. അതിൽ തന്നെ മുൻഗണനയും നിശ്ചയിച്ചിരിക്കുന്നു. ആംബുലൻസിനും അഗ്നിശമന സേനാ വാഹനങ്ങൾക്കുമാണു മുൻഗണന.

വിൽപനയും പരസ്യവും വേണ്ട

വൈകുന്നേരമാകുമ്പോൾ വാഹനങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള തട്ടുകടകൾ കണ്ടിട്ടില്ലേ. കച്ചവടം കഴിയുമ്പോൾ, പാത്രങ്ങളെല്ലാം അടുക്കിവച്ചു വാഹനം ഓടിച്ചു പോകും. പുതിയ നിയമപ്രകാരം ഇത്തരം കച്ചവടകേന്ദ്രങ്ങൾ ഇനി പ്രവർത്തിപ്പിക്കാൻ കഴിയില്ല. വാഹനത്തിലെ മീൻ കച്ചവടവും പച്ചക്കറി, പഴക്കച്ചവടവും നിയമാനുസൃതം നടത്താനാവില്ല.

ചരക്കുകൾ കൊണ്ടുപോകാനും യാത്ര ചെയ്യാനും മാത്രം വാഹനങ്ങൾ. പാസഞ്ചർ, ചരക്കു വാഹനങ്ങളിൽ പരസ്യം പ്രദർശിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. സ്വകാര്യ വാഹനങ്ങളിലെ പരസ്യത്തിനു ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി നേടണം.

ഒത്തുതീർപ്പാകാം

വാഹനം അപകടത്തിൽപ്പെട്ടാൽ പൊലീസ് കേസ് ആക്കണമെന്നില്ല. ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിക്കാമെന്നും നിയമത്തിൽ പറയുന്നു. ഒത്തു തീർപ്പുണ്ടായില്ലെങ്കിൽ അക്കാര്യം പൊലീസിൽ അറിയിക്കണം.