2017 അവസാനിക്കാറായി. വാഹന വിപണിക്ക് മികച്ച സമയമല്ല ഡിസംബർ, അതുകൊണ്ട് തന്നെ മികച്ച ഓഫറുകളായിരിക്കും പുതിയ വാഹനത്തിന് നിർമാതാക്കൾ നൽകുക. മികച്ച എക്സ്ചേഞ്ച് ബോണസും വിലക്കുറവും മറ്റ് ഓഫറുകളും നൽകി ഡിസംബറിലെ മാന്ദ്യമകറ്റാൻ വാഹന കമ്പനികൾ പരമാവധി ശ്രമിക്കും. കൂടാതെ സമ്മർദ്ദ തന്ത്രം എന്ന രീതിയിൽ പുതുവർഷത്തിൽ വാഹനത്തിന് വില വർധിക്കും എന്ന പ്രഖ്യാപനവുമായി കമ്പനികളും എത്തിക്കഴിഞ്ഞു. കൂടാതെ വായ്പ എടുത്ത് വാഹനം വാങ്ങുന്നവരെ ആകർഷിക്കാൻ ബാങ്കുകളും കൂടുതൽ ഓഫറുകൾ ഡിസംബറിൽ നൽകും.
ഓഫറുകളുടെ കാലം
വാഹനങ്ങളുടെ വില അനുസരിച്ച് ചിലപ്പോൾ ആയിരം മുതൽ ലക്ഷങ്ങൾ വരെ വില അടുത്ത വർഷം വർധിച്ചേക്കാം. എന്നാൽ ഈ വർഷം അവസാനം വാഹനം എടുക്കുകയാണെങ്കിൽ അത്രതന്നെ ഡിസ്കൗണ്ടും ലഭിക്കും. അപ്പോൾ ഉപഭോക്താക്കൾക്ക് വീണ്ടും കൺഫ്യൂഷനാണ്. ഡിസംബർ മാസത്തിൽ വാങ്ങിയാൽ വില കുറവായിരിക്കും. എന്നാൽ ജനുവരിയിൽ വാഹനമെടുത്താൽ പുതിയ വർഷത്തെ മോഡൽ ലഭിക്കും. ഒരു മാസത്തെ വ്യത്യാസത്തിൽ വാഹന മോഡലിന്റെ ഒരു വർഷം മാറും. ജനുവരിയിൽ വില കൂടുന്നത് നോക്കി നിൽക്കണോ ഓഫറുകൾ കൂടുതലുള്ള ഡിസംബറിൽ വാഹനം വാങ്ങണോ?
റീസെയിൽ വാല്യു
ഡിസംബറിലും ജനുവരിയിലും സ്വന്തമാക്കുന്ന വാഹനങ്ങൾ തമ്മിൽ മോഡൽ വ്യത്യാസമില്ലെങ്കിലും പിന്നീട് വാഹനം വിൽക്കാൻ ശ്രമിക്കുമ്പോള്‍ റീസെയിൽ വിപണിയിൽ വാഹനത്തിന്റെ വിലയെ ബാധിക്കും. വർഷം അവസാനമാണ് വാങ്ങിയത് എന്നു കരുതി നിങ്ങളുടെ വാഹനത്തിന് 2018 ലെ വാഹനത്തിന്റെ വില കിട്ടില്ല. ഡിസംബർ 31 ന് വാങ്ങിയാലും യൂസ്ഡ് കാർ വിപണിയിൽ അവ 2017 വാഹനം തന്നെയാണ്. അതുകൊണ്ട് തന്നെ ചിലപ്പോൾ ഡിസംബറിലെ ലാഭത്തേക്കാള്‍ കൂടുതൽ തുകയായിരിക്കും വാഹനം വിൽക്കുമ്പോൾ നഷ്ടപ്പെടുക.
ഡിസംബറോ അതോ ജനുവരിയോ?
എന്നാൽ ഒട്ടുമിക്ക ഡീലർഷിപ്പുകളും കമ്പനികളും ഈ വർഷം നിർമിച്ച വാഹനങ്ങൾ വിറ്റു തീർക്കാൻ പരമാവധി ശ്രമിക്കും. അതിനായി പരമാവധി ഓഫറുകൾ തങ്ങളുടെ വാഹനങ്ങൾക്ക് അവർ നൽകുകയും ചെയ്യും. അതുകൊണ്ടു തന്നെ 7-8 വർഷം വരെ ഉപയോഗിക്കാൻ ഉദ്ദേശിച്ചാണ് വാഹനം വാങ്ങുന്നതെങ്കിൽ ഡിസംബറിൽ വാങ്ങിയാലും വലിയ നഷ്ടം വരാനില്ല. കാരണം ജനുവരിയിലെ കൂടിയ വിലയിൽ നിന്നുള്ള രക്ഷപെടൽ തന്നെ. ദീർഘ കാലം ഉപയോഗിക്കാനാണ് വാഹനം വാങ്ങുന്നതെങ്കിൽ വലിയ പ്രശ്നമില്ല കാരണം. 6–7 വർഷം ഉപയോഗിച്ച വാഹനത്തിന് സെക്കന്റ് ഹാൻഡ് വിപണിയിൽ വലിയ വില വ്യത്യസം ഉണ്ടാകാനിടയില്ല. എന്നാൽ 2-3 വർഷത്തിനുള്ളിൽ വിൽക്കാനാണ് പദ്ധതിയെങ്കിൽ ഡിസംബറിലെ താൽകാലിക ലാഭം നിങ്ങൾക്ക് നഷ്ടമുണ്ടാക്കും.