‘റോഡ് നന്നാക്കിയാൽ മാത്രം അപകടം കുറയില്ല; ആ 7 സെക്കൻഡ് ക്ഷമിക്കാനാകില്ലേ?’
ഒന്നാമത്തെ സംഭവം: തൃപ്പൂണിത്തുറയിലെ നിർമാണം പുരോഗമിക്കുന്ന അന്ധകാരത്തോട് പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. രണ്ടാമത്തേത്: ഇടുക്കി കട്ടപ്പന വെള്ളയാകുടിയിൽ അമിത വേഗത്തിൽ വന്ന ബൈക്ക്, ട്രാൻസ്ഫോർമറിന്റെ വേലിക്കുള്ളിലേക്കു തെറിച്ചു വീണ സംഭവം. രണ്ടും സംസ്ഥാനത്ത് വൻ ചർച്ചയായി, സർക്കാർ
ഒന്നാമത്തെ സംഭവം: തൃപ്പൂണിത്തുറയിലെ നിർമാണം പുരോഗമിക്കുന്ന അന്ധകാരത്തോട് പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. രണ്ടാമത്തേത്: ഇടുക്കി കട്ടപ്പന വെള്ളയാകുടിയിൽ അമിത വേഗത്തിൽ വന്ന ബൈക്ക്, ട്രാൻസ്ഫോർമറിന്റെ വേലിക്കുള്ളിലേക്കു തെറിച്ചു വീണ സംഭവം. രണ്ടും സംസ്ഥാനത്ത് വൻ ചർച്ചയായി, സർക്കാർ
ഒന്നാമത്തെ സംഭവം: തൃപ്പൂണിത്തുറയിലെ നിർമാണം പുരോഗമിക്കുന്ന അന്ധകാരത്തോട് പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. രണ്ടാമത്തേത്: ഇടുക്കി കട്ടപ്പന വെള്ളയാകുടിയിൽ അമിത വേഗത്തിൽ വന്ന ബൈക്ക്, ട്രാൻസ്ഫോർമറിന്റെ വേലിക്കുള്ളിലേക്കു തെറിച്ചു വീണ സംഭവം. രണ്ടും സംസ്ഥാനത്ത് വൻ ചർച്ചയായി, സർക്കാർ
ഒന്നാമത്തെ സംഭവം: തൃപ്പൂണിത്തുറയിലെ നിർമാണം പുരോഗമിക്കുന്ന അന്ധകാരത്തോട് പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. രണ്ടാമത്തേത്: ഇടുക്കി കട്ടപ്പന വെള്ളയാകുടിയിൽ അമിത വേഗത്തിൽ വന്ന ബൈക്ക്, ട്രാൻസ്ഫോർമറിന്റെ വേലിക്കുള്ളിലേക്കു തെറിച്ചു വീണ സംഭവം. രണ്ടും സംസ്ഥാനത്ത് വൻ ചർച്ചയായി, സർക്കാർ ഇടപെട്ടു. ഇരു സംഭവങ്ങളിലും കർശന നടപടി ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കുന്നു. തൃപ്പൂണിത്തുറ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. സസ്പെൻഷനിലാണ് ഉദ്യോഗസ്ഥരിപ്പോൾ. കട്ടപ്പന അപകടത്തിൽ നടന്നത് മത്സരയോട്ടമാണെന്നു തെളിഞ്ഞു. അവരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള വിഷയങ്ങളാണ് അധികൃതർ സ്വീകരിക്കുന്നത്. ഒരു വർഷം 4000–ത്തിനു മേൽ ആളുകളാണ് റോഡപകടങ്ങളെ തുടർന്ന് കേരളത്തിൽ മരിക്കുന്നത്. എന്തുെകാണ്ടാണ് ഇത് സംഭവിക്കുന്നത്? ആരാണ് ഇതിന്റെ ഉത്തരവാദികൾ? നടപടികൾ സ്വീകരിക്കുമ്പോഴും എന്തുകൊണ്ട് അപകടങ്ങൾ തുടർച്ചയായി ഉണ്ടാകുന്നു? ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ റോഡ് സുരക്ഷാ വിദഗ്ധനും റിട്ട. ജോയിന്റ് ആർടിഒയുമായ ആദർശ് കുമാർ ജി. നായർ
∙ റോഡപകടത്തിൽ ആർക്കാണ് ഉത്തരവാദിത്തം?
റോഡ്, റോഡിലൂടെ ഓടുന്ന വാഹനം, റോഡ് ഉപയോഗിക്കുന്ന ആൾ, അല്ലെങ്കിൽ ഡ്രൈവർ- ഇക്കാര്യങ്ങളാണ് അപകടവുമായി ബന്ധപ്പെടുത്തി പറയാവുന്നത്. റോഡിന്റെ കാര്യത്തിൽ റോഡുമായി ബന്ധപ്പെട്ടവരാണ് ഒന്നാമത്ത അധികാരികൾ – അത് പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ആകാം, ദേശീയപാത അതോറിറ്റി ആവാം, മുനിസിപ്പാലിറ്റി അല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളാവാം. വാഹനങ്ങളുമായി ബന്ധപ്പെട്ട് മോട്ടർ വാഹന വകുപ്പിനാണ് ചുമതല. ട്രാഫിക് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പൊലീസും ഉണ്ട്. വാഹനത്തിന്റെ ഫിറ്റ്നസ് തുടങ്ങി അതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നോക്കുന്നത് മോട്ടർ വാഹനവകുപ്പാണ്.
മൂന്നാമത്തേതാണ് വാഹനം ഓടിക്കുന്നയാൾ. റോഡ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. റോഡ് റൂൾ റെഗുലേഷൻ – ഇപ്പോഴത് മോട്ടർ ഡ്രൈവിങ് റെഗുലേഷൻ 2017 എന്നു പറയുന്നു – അനുസരിച്ച് നാൽപതോളം റെഗുലേഷനുകളാണ് ഇതിലുള്ളത്. നേരത്തേ 32 എണ്ണമായിരുന്നു. വാഹനം ഇടതുവശം ചേർന്നോടിക്കണം തുടങ്ങിയ നേരിട്ട് പറയാവുന്ന റെഗുലേഷനുകളായിരുന്നു ഇത്. എന്നാൽ ഇത് പുതുക്കിയപ്പോൾ റോഡ് ഉപയോഗിക്കുന്ന ആളും റോഡുമായി ബന്ധപ്പെട്ടവരും ഒക്കെ പാലിക്കേണ്ട നിർദേശങ്ങൾ ഉൾപ്പെടുത്തി. ഇതിൽ 500– പോയിന്റുകൾ ഉണ്ട്. അതുപോലെ മോട്ടർ വാഹന നിയമവുമായി ബന്ധപ്പെട്ടും ഉപയോക്താവ് പാലിക്കേണ്ട കുറേ കാര്യങ്ങളുണ്ട്.
റോഡ് അധികാരികളെ സംബന്ധിച്ച്, ഒരു റോഡ് നിർമിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ തീരുമാനിക്കുന്നത് ഇന്ത്യൻ റോഡ് കോണ്‍ഗ്രസ് (IRC) കോഡുകളുടെ അടിസ്ഥാനത്തിലാണ്. ഇതു നിയമമല്ല, മറിച്ച് മാർഗനിർദേശങ്ങളാണ്. റോഡിന് എത്ര വീതി വേണം, അതിലെ ചിഹ്നങ്ങൾ അടക്കമുള്ളവ എവിടെ കൊടുക്കണം തുടങ്ങിയ കാര്യങ്ങളാണ് ഇവ. റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് റോഡ് സേഫ്റ്റി നിയമത്തിൽ മാറ്റം വരുത്തിയിരുന്നു. അതുപ്രകാരം ഉൾപ്പെടുത്തിയതാണ് 198എ. അതനുസരിച്ച്, ഏതു റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടം ഉണ്ടാവുന്നത്, റോഡിന്റെ കുഴപ്പം കൊണ്ടാണ് അപകടമുണ്ടാവുന്നതെങ്കിൽ, ഏത് ഏജൻസിയാണോ റോഡ് നിർമിച്ചത് – അത് സർക്കാർ ഏജൻസിയാണെങ്കിലും – അവർക്കും ഇതിന്റെ കരാറുകാർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കും. അവരെ ശിക്ഷിക്കാനാകുമെന്നും ഈ വകുപ്പ് പറയുന്നു. 2019–ൽ പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ ഒരു ചെറുപ്പക്കാരൻ ലോറി കയറി മരിച്ച സംഭവത്തിലാണ് കേരളത്തിൽ ഈ വകുപ്പ് ആദ്യം പ്രയോഗിക്കുന്നത്. ഇപ്പോൾ തൃപ്പൂണിത്തുറയിൽ ചെറുപ്പക്കാരൻ മരിച്ച വിഷയത്തിലും ഈ വകുപ്പുകൾ പ്രകാരമായിരിക്കാം കേസുകൾ വന്നത്.
ഇവിടെ റോഡിന്റെ പ്രശ്നം കൊണ്ടാണോ അപകടമുണ്ടായതെന്ന് അന്വേഷിക്കുന്നതും കേസെടുക്കുന്നതുമെല്ലാം പൊലീസാണ്. വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മോട്ടർ വാഹന വകുപ്പും. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ വാഹനവുമായി ബന്ധപ്പെട്ടതു മാത്രമല്ല, റോഡുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടി മോട്ടർ വാഹന വകുപ്പിന്റെ പരിധിയിൽ കൊണ്ടു വരുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തലത്തിൽ ചർച്ചകളും മറ്റും നടന്നു വരുന്നുണ്ട്. ഇത്രയുമാണ് നിയമപരമായ കാര്യങ്ങൾ.
∙ ‘ഫോർഗിവിങ് റോഡുകൾ’ എന്ന പുതിയ കാഴ്ചപ്പാട്
ഫോർഗിവിങ് റോഡുകൾ എന്ന കാഴ്ചപ്പാട് അനുസരിച്ച് രണ്ടു വിധത്തിലാണ് അപകട സാധ്യതയുണ്ടാവുന്നത്. വാഹനമോടിക്കുന്നവർക്ക് സംഭവിക്കുന്ന പിഴവ് (Error) ആണ് അതിലൊന്ന്. മറ്റൊന്ന് അശ്രദ്ധ അല്ലെങ്കിൽ ലംഘനം (Violation). ഇതിൽ പിഴവ് എന്നത് മനഃപൂർവമായി ഉണ്ടാക്കുന്നതല്ല. അതിനുദാഹരണമാണ് ഒരാൾ റോഡിലെ കുഴിയിൽ വീണുണ്ടാകുന്ന അപകടം. എന്നാൽ ഒരാൾ റെഡ് ലൈറ്റ് മറികടക്കുന്നത് ലംഘനമാണ്. മനുഷ്യരായതെകാണ്ടു തന്നെ പിഴവുകൾ ഉണ്ടാവാം എന്നതിന്റെ അടിസ്ഥാനത്തിൽ അതിനെക്കൂടി കണക്കിലെടുത്ത് പരിഹരിക്കുന്ന വിധത്തിൽ റോഡിനെ മാറ്റിയെടുക്കുക എന്നതാണ് ഫോർഗിവിങ് റോഡുകളുടെ അടിസ്ഥാന തത്വം.
നിലവിലെ അപകടത്തിന്റെ കാര്യം തന്നെ എടുക്കാം. ബൈക്കിൽ സഞ്ചരിച്ച ആൾ മുന്നിലൊരു തടസം ഉണ്ട് എന്നത് കാണാതെയോ അറിയാതെയോ അശ്രദ്ധമായി മുന്നോട്ടു പോയേക്കാം. എന്നാൽ അത് മുന്‍കൂട്ടി ആ വാഹനമോടിക്കുന്നയാളെ അറിയിക്കാനുള്ള സംവിധാനം അവിടെ ഉണ്ടാവുക എന്നതാണ് ഫൊർഗിവിങ് റോഡുകൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത്, മനുഷ്യരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുകൾ കണക്കിലെടുത്തുകൊണ്ടു തന്നെ അത് ഒഴിവാക്കാൻ റോഡുകളിൽ സ്വീകരിക്കുന്ന നടപടി. ഇപ്പോൾ കെഎസ്ടിപി (Kerala State Transport Project) റോഡുകൾ നോക്കിയാൽ അവിടെയൊക്കെ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്ന ചിഹ്നങ്ങളും ബോർഡുകളും കൂടുതലായി ഉപയോഗിക്കുന്നുണ്ട് എന്നു കാണാം.
എന്നാൽ ജനങ്ങൾ എത്രത്തോളം ഇക്കാര്യത്തിൽ ബോധവാന്മാരാണ് എന്നതിൽ സംശയമുണ്ട്. ഒരുദാഹരണം പറഞ്ഞാൽ ഇപ്പോൾ റോഡുകളിൽ ‘സിഗ്സാഗ്’ പോലെ ഒരു ചിഹ്നം ചിലയിടങ്ങളിൽ കാണാം. അത് മുൻപിൽ കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ സംവിധാനമുണ്ട് എന്നു മുൻകൂട്ടി അറിയിക്കാൻ വേണ്ടിയുള്ളതാണ്. അത്തരത്തിലൊരു ചിഹ്നം കാണുമ്പോൾ തന്നെ മുന്നിലൊരു തടസ്സം ഉണ്ടെല്ലോ എന്ന അലർട്ട് ഡ്രൈവർക്ക് കിട്ടുന്നു. ഇത്തരം കാര്യങ്ങൾ നമ്മൾ കൂടുതലായി ഉപയോഗിക്കേണ്ടതുണ്ട്. പുതിയ റോഡുകളിൽ അക്കാര്യങ്ങൾ കൂടുതലായി ഉപയോഗിച്ചു വരുന്നു.
∙ ഒരു സെക്കന്റിൽ 17 മീറ്റർ, എപ്പോൾ വേണമെങ്കിലും അപകടം!
നമ്മുടെ റോഡുകളിൽ എന്തെങ്കിലും തടസ്സങ്ങൾ എല്ലായ്പ്പോഴും ഉണ്ടാകാം എന്ന ധാരണയോടെ വേണം ഓരോരുത്തരും വാഹനമോടിക്കാൻ. കാരണം റോഡ് എന്നത് അങ്ങനെയാണ്. അത്തരം തടസ്സങ്ങൾ ഉണ്ടാവാം, അതുകൂടി കൈകാര്യം ചെയ്യാൻ പറ്റുന്ന വേഗതയിലായിരിക്കണം വാഹനമോടിക്കേണ്ടത് എന്ന ധാരണ ഡ്രൈവർമാർക്ക് ഉണ്ടാവണം. അതായത്, 60 കിമീ വേഗതയിൽ പോകുമ്പോൾ ഒരു വാഹനം ഒരു സെക്കൻഡ് കൊണ്ട് 17 മീറ്റർ (16.66 മീ.) പോയിക്കഴിയും. ഒരു സെക്കൻഡ് അശ്രദ്ധ വരികയോ ആ സമയത്ത് എന്തെങ്കിലും തടസ്സമുണ്ടാവുകയോ ചെയ്താൽ വാഹനം അപകടത്തിൽപ്പെടും. ഇങ്ങനെ അപകടമുണ്ടാകുമ്പോൾ വേഗത എന്ന ഘടകവും അതിന്റെ ആഘാതം തീരുമാനിക്കുന്നതിൽ പ്രധാനമാണ്.
60 കിമീ വേഗത്തിലാകുമ്പോൾ അതിന്റെ ആഘാതവും അതേൽപ്പിക്കുന്ന പരുക്കുമൊക്കെ കൂടുതലാവും. അതുപോലെ 70 കിമീ സ്പീഡിൽ ആകുമ്പോൾ അത് 20 മീറ്ററും 80 കിമീ സ്പീഡിലാകുമ്പോൾ 22 മീറ്ററും എന്ന രീതിയിലാണ് വാഹനമോടുന്നത്. ഇതു നിയന്ത്രിക്കാൻ തനിക്ക് കഴിയുമോ എന്ന് വാഹനമോടിക്കുന്നവർക്കും ധാരണയുണ്ടാവേണ്ടതുണ്ട്. അത്രയും അലർട്ട് ആയിരിക്കുമ്പോൾ തന്നെ ആ വാഹനമോടിക്കുന്നയാളുടെ മാനസികാവസ്ഥ, എന്തെങ്കിലും കാരണങ്ങൾ കൊണ്ടുള്ള സമ്മർദ്ദം, ഫോൺ റിങ് ചെയ്യുന്നതാവാം, റോഡിലെ തടസ്സങ്ങൾ ഒക്കെ അയാളെ ബാധിക്കും. അതുകൊണ്ടാണ് റിഫ്ലക്ടറുകൾ, സ്പീഡ് ബ്രേക്കുകൾ ഒക്കെ റോഡുകളിൽ സ്ഥാപിക്കുന്നത്.
∙ നികുതി കൊടുത്ത് റോഡിൽ യാത്ര ചെയ്യുന്ന പൗരൻ
സുരക്ഷിതനായി യാത്ര ചെയ്യുക എന്നത് പൗരന്മാരുടെ ആവശ്യവും അവകാശവുമാണ്. പക്ഷേ എത്ര നല്ല സംവിധാനങ്ങൾ ഉണ്ടെങ്കിലും കണക്കുകൾ സൂചിപ്പിക്കുന്നത് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്നത് ‘സ്മൂത്ത്’ ആയുള്ള റോഡുകളിലാണ് എന്നാണ്. ഇപ്പോൾ തൃപ്പൂണിത്തുറയിൽ ഉണ്ടായതു പോലെ അപകടങ്ങൾ ചുരുക്കമായി ഉണ്ടാകുന്നതാണ്. അത്തരം വിഷയങ്ങളിൽ റോഡ് നിർമിച്ചവർക്കും പങ്കുണ്ട്. അവിടെ അവർ മുന്നറിയിപ്പ് സംവിധാനമുൾപ്പെടെ സ്ഥാപിക്കേണ്ടതായിരുന്നു. അതേസമയം, റോഡ് നല്ലതായാൽ അപകടങ്ങൾ കുറയും എന്ന ഒരു ധാരണയുണ്ട്, പക്ഷേ കണക്കുകൾ സൂചിപ്പിക്കുന്നത് അതിന് എതിരായാണ്. റോഡ് അപകടങ്ങൾ കൂടുതലുണ്ടാകുന്നത് ഹൈവേകളിലാണ് എന്നാണ് കണക്ക്. അവിടെ നല്ല റോഡുകളാണ്.
അതുപോലെ അപകടത്തിന് ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് സ്പീഡ്. നേരെ കിടക്കുന്ന, നല്ല റോഡുകളിലാണ് വാഹനങ്ങൾ സ്പീഡ് എടുക്കുന്നത്. അപ്പോൾ അവിടെയുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും അപകടത്തിലേക്ക് കൊണ്ടു പോകും. അപ്പോൾ റോഡ് നിര്‍മിക്കുന്നവർക്കൊപ്പം വാഹനമോടിക്കുന്നവർക്കും ഇക്കാര്യത്തിൽ പ്രധാനപ്പെട്ട പങ്കുണ്ട്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് റോഡ് നിർമിക്കുക, നിർദേശിച്ചിരിക്കുന്ന നിയമങ്ങൾ പാലിച്ച് വാഹനമോടിക്കുക, വാഹനമോടിക്കാൻ സാധിക്കാത്ത അവസ്ഥയിൽ അത് ചെയ്യാതിരിക്കുക തുടങ്ങി നിരവധി കാര്യങ്ങൾ ഇക്കാര്യത്തിലുണ്ട്.
94 ശതമാനം അപകടങ്ങൾക്കും കാരണമാകുന്നത് മാനുഷികമായ പിഴവാണ്. അത് വാഹനമോടിക്കുന്നയാളുടെ മാത്രം പിഴവല്ല, റോഡ് നിർമിക്കുമ്പോൾ അതിന്റെ ഡിസൈനിലുണ്ടാകുന്ന പിഴവും മാനുഷികമായ പിഴവാണ്. ഒരു വാഹനം ഡിസൈൻ ചെയ്യുമ്പോൾ വരുന്ന പ്രശ്നങ്ങള്‍ അപകടത്തിന് കാരണമാകാം, അതു മാനുഷികമായ പിഴവാണ്. അതിന്റെ ഒരുദാഹരണമാണ് ബ്ലൈൻഡ് സ്പോട്ടുകൾ കൂടുതലുണ്ടാകുന്ന വാഹനങ്ങൾ അപകടത്തിന് കാരണമാകാം എന്നത്. വിൻഡ്ഷീൽഡ് പില്ലറുകളിൽ വലിയ ബ്ലൈൻഡ് സ്പോട്ടുകൾ ഉണ്ടാകുന്ന വാഹനങ്ങളുണ്ട്. അതൊക്കെ ഡിസൈനുകളിൽ വരുന്ന പിഴവുകളാണ്. അപ്പോൾ വാഹനം ഡിസൈൻ ചെയ്യുന്നവർക്കായാലും റോഡ് നിർമിക്കുന്നവർക്കായാലും വാഹനമോടിക്കുന്നയാൾക്കായാലും ഉണ്ടാകുന്ന പിഴവുകൾ അപകടത്തിലേക്ക് നയിച്ചേക്കാം.
കാൽനടക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് അപകടത്തിന് ഇരയാകാൻ സാധ്യത കൂടുതലുള്ളവർ. കാരണം ഒരു അപകടമുണ്ടായാൽ അതിന്റെ ആഘാതം നേരിട്ട് ദേഹത്ത് ഏൽക്കുന്നവരാണ് ഇവർ രണ്ടും. മറ്റു വാഹനങ്ങൾക്ക് അതിന്റെ ബോഡിയിലാണ് ആ തീവ്രത ആദ്യം ഏൽക്കുന്നത്. അതിനു ശേഷമാണ് അത് മനുഷ്യരിലേക്ക് എത്തുന്നത്. ശരീരത്തിന്റെ ഘടന അനുസരിച്ച് 30 കി.മീ വേഗതയിൽ കുറവുള്ള ആഘാതമാണ് ശരീരത്തിൽ ഏൽക്കുന്നതെങ്കിൽ മരണം സംഭവിക്കാനുള്ള സാധ്യത 10 ശതമാനം മാത്രമാണ്. എന്നാൽ 60 കിമീ വേഗതയിലുള്ള വാഹനത്തിന്റെ അപകടമാണ് ശരീരത്തിൽ ഏൽക്കുന്നതെങ്കിൽ മരിക്കാനുള്ള സാധ്യത 100 ശതമാനമാണ്. അതായത്, 100 കി.മീ വേഗതയിൽ വരുന്ന ഒരു വാഹനം ബ്രേക്ക് ചെയ്തതിനു ശേഷം 60 കി.മീ വേഗതയില്‍ ഒരു കാൽനടക്കാരനെ ഇടിച്ചാൽ അയാൾ മരിക്കും. ഇരുചക്ര വാഹനയാത്രക്കാർക്കും മറ്റൊരു പ്രശ്നം കൂടിയുണ്ട്. ആ വാഹനം ഓടുന്നതിന്റെ േവഗത കൂടി ആഘാതമായി അയാളിലേൽക്കും.
∙ കേരളത്തിലെ റോഡുകൾ, പ്രത്യേകതകൾ
കേരളത്തിൽ വാഹനങ്ങൾ വളരെയധികം വർധിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ ശ്രദ്ധേയമായ ഒരു കാര്യം, നമ്മുടെ വാഹനപ്പെരുപ്പത്തിന് അനുസരിച്ചുള്ള വർധനവ് റോഡപകടത്തിന്റെ കാര്യത്തിൽ ഉണ്ടാകുന്നില്ല എന്നതാണ്. അതൊരു അനുകൂലമായ കാര്യമാണ്. ഒന്നരക്കോടി വാഹനങ്ങളാണ് കേരളത്തിലുള്ളത്. ഇതിൽ 70 ശതമാനത്തിൽ കൂടുതൽ ഇരുചക്ര വാഹനങ്ങളാണ്. ഇത്രയും ജനസാന്ദ്രതയുള്ള സ്ഥലത്ത് ഇതിനനുസരിച്ചുള്ള റോഡ‍് സംവിധാനം ഉണ്ടാക്കുക എന്നത് ആർക്കും സാധ്യമാകുന്ന കാര്യമല്ല. ഇത്രയും ചെറിയ റോഡുകളിലൂടെ ഇത്രയധികം വാഹനങ്ങൾ – അതായത്, സാന്ദ്രത കൂടിയ അളവിൽ– വാഹനങ്ങൾ പോകുമ്പോൾ അതിന് ആനുപാതികമായി അപകടങ്ങൾ കൂടിയിട്ടില്ല. എന്നു കരുതി, അപകടത്തിന്റെ കാര്യത്തിൽ നാം വളരെ മെച്ചപ്പെട്ട ആളുകളാണ് എന്നു പറയാനും പറ്റില്ല. കാരണം ഓരോ വർഷവും 4000–ത്തിനും 4500–നും ഇടയ്ക്ക് ആളുകൾ കേരളത്തിൽ മരിക്കുന്നുണ്ട്. 30,000–40,000–ത്തിനടുത്ത് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്യുന്നു.
ഇക്കാര്യങ്ങളൊക്കെ വിശകലനം ചെയ്യുമ്പോൾ മനസ്സിലാകുന്നത്, കേരളത്തിലെ റോഡപകടങ്ങളിലെ പ്രധാന വില്ലൻ സ്പീഡ് ആണെന്നതാണ്. അത് അമിതവേഗം കൊണ്ടല്ല, മറിച്ച് ‘അനുചിത വേഗം’ കൊണ്ടാണ്. ഒരിടത്ത് 50 കിമീ അല്ലെങ്കിൽ 60 കിമീ ആണ് സ്പീഡ് പരിധി പറഞ്ഞിരിക്കുന്നതെങ്കിൽ അതിൽ കൂടുതൽ വേഗത്തിൽ പോയാൽ അത് അമിതവേഗമാണ്. എന്നാൽ 50 കിമീ വേഗം അനുവദിച്ചിരിക്കുന്ന ഒരിടത്ത് വാഹനങ്ങളെല്ലാം 25 കിമീ വേഗത്തിൽ പൊയ്ക്കൊണ്ടിരിക്കുകയാണെങ്കിൽ അവിടെ 40 കി.മീ വേഗത്തിൽ ഒരാൾ പോവുന്നുവെങ്കിൽ അത് അനുചിത വേഗമാണ്.
റോഡും ചുറ്റുപാടും എന്ന സാഹചര്യം അനുസരിച്ചാണ് വേഗം എന്നത് തീരുമാനിക്കപ്പെടുന്നത്. മഴ പെയ്യുന്ന സമയത്തും നേരം വെളുത്തു വരുമ്പോഴും നേരം ഇരുണ്ടു വരുന്ന സന്ധ്യാ നേരത്തും പൊതുവെ ഒരു മങ്ങലുണ്ട്. സൂര്യന്റെ വെളിച്ചവും റോഡിലെ വെളിച്ചവും തമ്മിൽ കൂട്ടിമുട്ടുന്ന സമയമാണത്. ആ സമയത്ത് പൊതുവെ കാഴ്ച കുറവായിരിക്കും. ആ സമയത്തെ വേഗവും നട്ടുച്ചയ്ക്കുള്ള വേഗവും തമ്മിൽ വ്യത്യാസമുണ്ടാവും. പരിസ്ഥിതിക്ക് അനുസരിച്ചാണ് തീരുമാനം. ഒരു നാലുവരി പാതയിലെടുക്കുന്ന വേഗം നാട്ടിൻപുറത്തെ ഒരു റോഡിൽ എടുക്കാൻ പറ്റില്ല. അതുപോലെ ഏതെങ്കിലും ഭാഗത്തുനിന്ന് വാഹനങ്ങൾ വന്നു കയറാൻ സാധ്യതയുള്ള റോഡുകളിൽ കൂടി കാർ പോലുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷിതമായ യാത്ര എന്നത് 70 കി.മീ ആണ്. അതിനു കാരണം, 70 കിമീ വേഗത്തിൽ കാർ പോയി ഇടിച്ചാലും ആ ഇടിയുടെ ആഘാതം കാറിന്റെ ബോണറ്റ് മുതൽ ഡാഷ് ബോർഡ് വരെയുള്ള ഭാഗങ്ങള്‍ കുറെയെല്ലാം ഉൾക്കൊള്ളുന്നതുകൊണ്ട് അകത്തെത്തുമ്പോഴേക്കും ഇത് 30 കിമീ ആയി കുറയും; അതും സീറ്റ് ബെൽറ്റ് അടക്കമുള്ള എല്ലാ സുരക്ഷകളും പാലിച്ചിട്ടുണ്ടെങ്കിൽ.
കേരളത്തിലെ റോഡുകളുടെ ഒരു പ്രത്യേകത മിക്ക റോഡുകളുടേയും 500 മീറ്റർ പരിധിയിൽ ഇടത്തുനിന്ന് കയറി വരുന്ന ഒരു റോഡ് ഉണ്ടാകും എന്നതാണ്. അതുപോലെ ഇത്തരം ഇടറോഡുകളും മറ്റും ഇല്ലാതെ കൂടുതൽ സ്പീഡിൽ സഞ്ചരിക്കാവുന്ന റോഡുകളുടെ ഒന്ന്–ഒന്നര കിലോമീറ്റർ ദൂരത്തിൽ മീഡിയൻ ഗ്യാപ് ഉണ്ടാവും. അവിടെയും തടസ്സമുണ്ടാകും. ഇത്തരം തടസ്സങ്ങളാണ് പലപ്പോഴും അപകടങ്ങളുണ്ടാക്കുന്നത്. എന്നാൽ കേരളത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് ഇതൊന്നും ഒഴിവാക്കാൻ പറ്റില്ല. നമ്മുടെ റോഡിന്റെ ഇരു വശങ്ങളും ജനസാന്ദ്രതയേറിയ സ്ഥലങ്ങളാണ്. അവർക്ക് റോഡിലേക്ക് കയറേണ്ടി വരും. മീഡിയൻ ഗ്യാപ് വേണ്ടി വരും. അതുകൊണ്ട് ചെയ്യാവുന്ന ഒരു കാര്യം വേഗത കുറയ്ക്കുക എന്നതാണ്. കേരളത്തിലെ റോഡുകളിലെ പരമാവധി വേഗത എന്നത് 90 കിമീ ആണ്. അത് നാലുവരി പാതയിൽ വാഹനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യും. ടു–വീലറിനും ത്രീവീലറിനുമൊന്നും ഈ വേഗത അനുവദിച്ചിട്ടുമില്ല. ഇതൊക്കെ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന കാര്യങ്ങളാണ്.
∙ വാഹനത്തിന് വേഗം കൂടിയപ്പോൾ റോഡിന്റെ അവസ്ഥ?
റോഡ് ഉപയോഗിക്കുന്നവർക്ക് മറ്റുള്ളവർ കൊടുക്കുന്ന പരിഗണന വളരെ കുറവായാണ് കേരളത്തിൽ കണ്ടിട്ടുള്ളത്. റോഡ് തന്റേതു മാത്രം എന്ന മനോഭാവത്തോടെയാണ് പലരും വാഹനങ്ങളോടിക്കുന്നത്. പ്രായമായ ഒരാൾ റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്നതു കണ്ട് മുൻപിലുള്ള വാഹനം നിർത്തിയാൽ പോലും അതിനെ മറികടന്ന് പോകുന്നവരാണ് കൂടുതലും. വാഹനം നിർത്തിയതു കണ്ട് റോഡ് മുറിച്ചു കടക്കാൻ ഇറങ്ങുന്നവരെ ഈ മറികടന്ന് വരുന്നവർ ഇടിക്കുകയും ചെയ്യും. ഇരുചക്ര യാത്രക്കാരാണ് ഈ വിധത്തിൽ കൂടുതൽ ചെയ്യുന്നത്.
പുറകിൽ നിർത്തുക, ഏതെങ്കിലും സ്ഥലത്ത് കുറച്ചു നേരം കാത്തു നിൽക്കേണ്ടി വരിക എന്നതൊക്കെ ഭയങ്കര അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിൽ വളർന്നിട്ടുണ്ട്. ഒരു ചുവന്ന ലൈറ്റ് മാറി പച്ച കത്തിയ ശേഷം ഒരു വാഹനം മുന്നോട്ടു നീങ്ങണമെങ്കിൽ ഏഴു സെക്കൻഡ് വരെയെടുക്കും. എന്നാൽ ആ ഏഴു സെക്കൻഡ് പോലും കാത്തു നിൽക്കാനുള്ള സഹിഷ്ണുത കാണിക്കാതെ പിന്നിൽ കിടക്കുന്ന വാഹനങ്ങൾ ഹോണടിച്ചു തുടങ്ങും. ഇത്തരത്തിലൊരു പരിഗണനാ മനോഭാവം നമ്മുടെ റോഡുകളിൽ കുറഞ്ഞു വരുന്നു എന്നു പറയാതിരിക്കാൻ പറ്റില്ല.
ഇന്ന് ഏറ്റവും കൂടുതൽ സാങ്കേതിക മേഖലയിൽ വികാസം വന്നു കൊണ്ടിരിക്കുന്ന ഒന്നാണ് ഓട്ടമൊബീൽ മേഖല. എന്നാൽ ഈ മേഖലയിൽ ഉണ്ടാകുന്ന വികാസങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ റോഡ് എന്ന മേഖലയിൽ ഉണ്ടാകുന്നില്ല എന്നു കാണാം. അതായത്, വാഹന മേഖലയിൽ ഉണ്ടാകുന്ന സാങ്കേതിക വികാസം ആ വാഹനങ്ങൾ യാത്ര ചെയ്യുന്ന റോഡ് എന്ന മേഖലയിൽ ഉണ്ടാകുന്നില്ല. അപ്പോൾ അവിടെയൊരു സാങ്കേതിക വിടവ് വരുന്നു. ആ വിടവ് കൂടുതൽ പിഴവുകൾക്ക് കാരണമാവുകയും ചെയ്യും. അതായത്, വാഹന മേഖലയിലെ സാങ്കേതിക വികാസംകൊണ്ട് സ്പീഡ് വലിയ തോതിൽ കൂടിയിട്ടുണ്ട്. അതൊരു പ്രധാന ഘടകമാണ്. ബ്രേക്കിങ്ങിലെ പ്രാപ്തിയും കാര്യമായി വർധിച്ചിട്ടുണ്ട്. പക്ഷേ അതിനനുസരിച്ച് റോഡ് വികസിക്കാത്തിടത്തോളം കാലം വേഗം നിയന്ത്രിക്കുക എന്നതാണ് അപകടം കുറയ്ക്കാനുള്ള മാർഗം.
∙ ആരാണ് റോഡിന്റെ പ്രാഥമിക അവകാശി?
റോഡിന്റെ ‘കാര്യേജ് വേ’യ്ക്കകത്ത് (ഇരുവശവും വരകൾ വരച്ചതിന്റെ നടുക്കുള്ള സ്ഥലം) ഉള്ള അവകാശം ഡ്രൈവർക്ക് നൽകിയിട്ടുണ്ട്. പക്ഷേ, അവിടെയുള്ള നിയന്ത്രണങ്ങളുണ്ട്. അതായത്, സ്റ്റോപ് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ, കാൽ നടക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള സ്ഥലം എന്നിവയൊക്കെ. കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാനുള്ള സ്ഥലത്തിനു മുൻപ് സ്റ്റോപ് ഉണ്ടാവും. ആ റോഡ് മുറിച്ചു കടക്കുന്ന സ്ഥലത്ത് കാൽനടക്കാർക്കാണ് പ്രാധാന്യം. അവിടെ അവർക്കാണ് അവകാശം. ചുവപ്പു തെളിഞ്ഞിട്ടുണ്ടെങ്കിൽ കാൽനടക്കാരൻ പോലും റോഡ് മുറിച്ചു കടക്കരുത് എന്നാണ്. എന്നാൽ പുതിയ റോഡ് സുരക്ഷാ നിയമങ്ങളിൽ ഇതിന് മാറ്റം വരുത്തി, ചുവപ്പ് തെളിഞ്ഞു കിടക്കുന്ന സമയത്താണെങ്കിൽ പോലും കാൽ നടക്കാരൻ റോഡിൽ കയറിയാൽ വാഹനം നിർത്തിക്കൊടുക്കണം എന്നാണ്. അത്രയും പ്രാധാന്യം കാൽനടക്കാർക്ക് നൽകിയിട്ടുണ്ട്. ഫുട്പാത്ത് എന്നത് കാൽനടക്കാർക്കു വേണ്ടിയുള്ളതാണ്, അത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ളതല്ല.
ട്രാഫിക് സിഗ്നലുകളിൽ അല്ലാതെ കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ അടയാളപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളുടെ നിശ്ചിത ദൂരത്തിനു മുൻപ് അക്കാര്യം സൂചിപ്പിക്കുന്ന ബോർഡുകളും ചിഹ്നങ്ങളുമൊക്കെ ഉണ്ടാകണമെന്നാണ് ഐആർസി (Indian Road Congress) കോഡ‍് നിഷ്കർഷിക്കുന്നത്. കാൽനടക്കാരന് ഏതു സമയത്തും അതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്തു കൂടി റോഡ് മുറിച്ചു കടക്കാൻ അവകാശമുണ്ട്. വാഹനം നിര്‍ത്തിക്കൊടുക്കുക എന്നതു മാത്രമേ ഡ്രൈവർക്ക് ചെയ്യാനുള്ളൂ.
റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനം നിർത്തിത്തരുന്നില്ല, ഫുട്പാത്തിൽ വാഹനം പാർക്ക് ചെയ്തിട്ട് നടക്കാൻ സാധിക്കുന്നില്ല തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളപ്പോൾ നിയമസംവിധാനത്തെ സമീപിക്കാൻ കാൽനട യാത്രക്കാർക്ക് അവകാശമുണ്ട്. ജില്ലാ കലക്ടർ ചെയർമാനും ആർടിഒ കൺവീനറും അതുപോലെ പൊലീസ് ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും എല്ലാം അടങ്ങിയ ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സിലിൽ അവർക്ക് പരാതിപ്പെടാം. റോഡ് സുരക്ഷാ നിയമം അനുസരിച്ചാണ് ഈ സമിതി രൂപീകരിച്ചിട്ടുള്ളത്. ഈ സമിതിക്ക് നിയമ നടപടികൾ സ്വീകരിക്കാൻ കഴിയും.
∙ ‘പൊതുഗതാഗത സംവിധാനം മാറ്റം കൊണ്ടു വരും’
പൊതുഗതാഗത സംവിധാനം ശക്തമാക്കുക എന്നത് അപകടങ്ങൾ കുറയ്ക്കുന്നതിൽ പ്രധാനപ്പെട്ട കാര്യമാണ്. ബസിലോ ട്രെയിനിലോ ഇരുന്ന് യാത്ര ചെയ്യുന്നവർക്ക് ഉണ്ടാകുന്ന അപകടങ്ങൾ കുറവാണ്. ബസ് ഇടിച്ചു മരിക്കുന്നവരേക്കാള്‍ അതിനുള്ളിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ സുരക്ഷയുണ്ട്. ബസ് ആണ് കേരളത്തിലേ ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗ മാർഗം; ഏറ്റവും കൂടുതൽ നെറ്റ്‍വർക്കുള്ളത്. എന്നാൽ കെഎസ്ആർടിസി ബസ് തന്നെ 6000–മോ മറ്റും ഉണ്ടായിരുന്നത് പകുതിയായി. ബസുകളുടെ എണ്ണം കഴിഞ്ഞ 10 വർഷം കൊണ്ട് 30,000ത്തിൽ നിന്ന് 12,000 ആയി, കോവിഡ് കൂടി കഴിഞ്ഞതോടെ 8000 ആയി.
യാത്ര തുടങ്ങുമ്പോൾ ബസ് അടക്കമുള്ള പൊതുഗതാഗത സംവിധാനം കിട്ടണമെങ്കിൽ അതിന് കുറഞ്ഞത് 500 മീറ്റർ എങ്കിലും സഞ്ചരിക്കണം. അതുപോലെ യാത്ര കഴിഞ്ഞ് ഇറങ്ങിക്കഴിഞ്ഞിട്ടും നമുക്ക് സഞ്ചരിക്കേണ്ടതുണ്ട്. പലയിടത്തും ആദ്യവും അവസാനവുമുള്ള ഈ കണക്ടിവിറ്റി ഇല്ല എന്നത് ഒരു പ്രതിബന്ധമാണ്. ഈ കണടക്ടിവിറ്റി ഉണ്ടാക്കിയാൽ പൊതുഗതാഗത സംവിധാനം നന്നാക്കിയെടുക്കാൻ പറ്റും. ഒരു 100 മീറ്ററിലെങ്കിലും ജനങ്ങൾക്ക് പൊതുഗതാഗത സംവിധാനത്തിലേക്ക് എത്താനുള്ള ‘മധ്യതല പൊതുഗതാഗതം’ ഉണ്ടാക്കിയെടുക്കുക എന്നതാണു വേണ്ടത്. അതുപോലെ സമയക്രമം പാലിക്കുക എന്നതും. ഇതൊന്നും ചെയ്തില്ലെങ്കിൽ ജനങ്ങൾ തങ്ങളുടെ സൗകര്യത്തിന് പോകാനായി തങ്ങളുടെ വാഹനങ്ങൾ ഉപയോഗിക്കും. അത് റോഡിലെ തിരക്കും കൂട്ടും, അപകടവും.
English Summary: Road Safety and Safe Driving: Interview with Former Joint RTO Adarsh Kumar G. Nair